പാനൂർ: പുല്ലൂക്കര മേഖലയിൽ നിരന്തരം സംഘർഷം സൃഷ്ടിച്ച് പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കങ്ങളിൽ നിന്നും മുസ്ലിം ലീഗ് പിന്മാറണമെന്നും അല്ലാത്തപക്ഷം തീ കൊള്ളികൊണ്ടു തല ചൊറിയാലാവുമെന്നും സിപിഎം പാനൂർ ഏരിയ കമ്മറ്റി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പെരിങ്ങത്തൂർ, പെരിങ്ങളം, തൃപ്രങ്ങോട്ടൂർ ലോക്കലിൽ നിരവധി ഓഫീസുകളും വായനശാലകളും ബസ്സ് ഷെൽട്ടർ ഉൾപ്പെടെ അടിച്ചും തീയിട്ടും നശിപ്പിച്ചിട്ടും നാടിന്റെ സമാധാനം ലക്ഷ്യമിട്ടു കൊണ്ടു ആത്മ സംയമനം പാലിക്കാനാണ് സിപിഎം നേതൃത്വം പ്രവർത്തകരോട് ആഹ്വാനം ചെയ്തത്.

എന്നാൽ നിരന്തരം അക്രമം അഴിച്ചു വിടാനും അതിന് പ്രവർത്തകർക്ക് പ്രചോദനം കൊടുക്കുന്ന രീതിയിൽ പ്രസംഗിക്കാനും സോഷ്യൽ മീഡിയ വഴി പ്രചരണം നടത്താനുമാണ് മേഖലയിലെ ലീഗു നേതാക്കൾ ശ്രമിച്ചത്. പ്രദേശത്ത് സമാധാനന്തരീക്ഷം ഉണ്ടാകുന്നു എന്ന ഘട്ടത്തിൽ കൃത്യമായ ഇവടവേളകളുണ്ടാക്കി സംഘർഷമുണ്ടാക്കാനുള്ള ലീഗിന്റെ ശ്രമം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഓഫീസ് അക്രമത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് ലോക്കൽ കമ്മിറ്റിയംഗം പി.പി ജാബിറിന്റെ വീടിനും വാഹനത്തിനും തീയിട്ടതും, സിപിഎം പ്രവർത്തകനായ സന്ദീപിനെ മുക്കിൽ പീടികയിൽ വെച്ചു മർദ്ദിക്കാൻ ശ്രമിച്ചതും വീടുകളിൽ കയറി സ്ത്രീകളെ ഉൾപ്പെടെ അസഭ്യ പറഞ്ഞതും ഒടുവിൽ കഴിഞ്ഞ ദിവസം മുക്കിൽ പീടിക ബ്രാഞ്ചംഗം എം.കെ നാസറിനെയും ഭാര്യയെയും വീട്ടിൽ കയറി അക്രമിച്ചതും ഇതിന് ഉദാഹരണങ്ങളാണ്.

ലീഗുകാരുടെ ഭാഗത്തു നിന്നും പ്രകോപനപരമായ ചെയ്തികളുണ്ടായിട്ടും നാടിന്റെ സമാധാനവും സൗഹാർദ്ദവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സി.പി. എം പൊലീസിൽ പരാതി നൽകി മുന്നോട്ടു പോവുക യാണുണ്ടായത്. ഇതൊടൊപ്പം അക്രമകാരികൾക്കെതിരെ പൊലീസ് നടപടിയിൽ കാലതാമസം നേരിടുന്നതും സംഘർഷത്തിന് വഴിയൊരുക്കി. ഒരു നാടിന്റെ സൗഹാർദ്ദം തകർത്ത് അരാജക വസ്ഥയിലെക്ക് തള്ളിവിടുന്ന പ്രവണത മുസ്ലിം ലീഗ് അവസാനിപ്പിക്കണമെന്നും ലീഗിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ പൊതുജനങ്ങൾ ഒന്നാകെ അണിനിരക്കണമെന്നും പാനൂർ ഏരിയ നേതാക്കളായ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, കെ.കെ സുധീർ കുമാർ, എ.വി ബാലൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.