കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. ചോദ്യം ചെയ്യലിന് അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എന്നാൽ സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കരുതെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.

ചോദ്യം ചെയ്യലിന് അനുമതി തേടി ജില്ലാ സെഷൻസ് കോടതിയെയാണ് ക്രൈംബ്രാഞ്ച് സമീപിച്ചത്. പുറത്തുവന്ന ശബ്ദ രേഖ സ്വപ്നയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാനാണ് ഇത്. കേസിൽ മുഖ്യമന്ത്രിയുടെ പേരടക്കം പറയാൻ സ്വപ്നയുടെ മേൽ അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയോ എന്ന് ഉറപ്പുവരുത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

എന്നാൽ, സ്വപ്നയെ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നാണ് ഇഡി കോടതിയിൽ അറിയിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ഹരജി ഈ മാസം 16ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ മൊഴി നൽകാൻ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.

സമ്മർദ്ദം ചെയ്യുന്നെന്ന തരത്തിൽ പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോൾ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുന്നത് താൻ കേട്ടു എന്ന ഒരു വനിതാ പൊലീസുകാരിയുടെ മൊഴി കൂടി വന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്. തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇഡി തന്നെയായിരുന്നു. 20-11-2020 ന് ഇ ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്.

തന്റെ ശബ്ദമാകാമെന്ന് സംശിക്കുന്നുവെന്നായിരുന്നു ജയിൽ ഡിഐജിക്ക് സ്വപ്ന നൽകിയ ആദ്യ മൊഴി. ക്രൈം ബ്രാഞ്ച് അന്വേഷണം തടുങ്ങിയതിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് എഴുതി നൽകി. ഇഡിയുടെ കസ്റ്റഡയിലിരിക്കുമ്പോൾ രാത്രി ഏറെ വൈകിയും പുലർച്ചയുമായി മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത് കേട്ടുവെന്ന് രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നത്.

സ്വപനയുടെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്നു റെജിമോൾ, സിജി വിജയൻ എന്നീവരാണ് മൊഴി നൽകിയത്. സ്വപ്നയ്ക്ക് മേൽ മാനസിക സമ്മർദ്ദം ചെലുത്തി വ്യാജ മൊഴി വാങ്ങി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് എഫ്‌ഐആർ. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിൽ ഇഡി ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞിരുന്നുവെങ്കിലും എഫ്‌ഐആറിൽ ഇഡി ഉദ്യോഗസ്ഥരുടെ പേരുകൾ പറയുന്നില്ല. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് എസ്‌പി ഷാനവാസിനാണ് അന്വേഷണ ചുമതല. കേസെടുത്ത സാഹചര്യത്തിൽ ചോദ്യം ചെയ്യാനായി ഇഡി ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നൽകി വിളിച്ചു വരുത്താൻ കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നത്.