ന്യൂഡൽഹി: ബിസിനസുകാരന്റെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തു കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നടി ലീന മരിയ പോളിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 23 വരെ നീട്ടി. കുറ്റകൃത്യത്തിൽ ലീനയ്ക്കു സജീവ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയതിനെ തുടർന്നാണു നടപടി. ഡൽഹിയിലെ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി നൽകിയത്.

കസ്റ്റഡി അനുവദിച്ചില്ലെങ്കിൽ അന്വേഷണം മരവിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. വ്യവസായിയുടെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ലീനയ്ക്ക് സജീവ പങ്കാളിത്തമുണ്ടെന്നാണ് ഇ.ഡി.യുടെ വാദം.

'കുറ്റകൃത്യത്തിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഗുണഭോക്താവ് മാത്രമല്ല, മുഖ്യപ്രതിയും ഭർത്താവുമായ സുകേഷ് ചന്ദ്രശേഖറിനൊപ്പം കുറ്റകൃത്യത്തിലും ലീനയ്ക്കു സജീവ പങ്കാളിത്തമുണ്ട്' ഇഡി ചൂണ്ടിക്കാട്ടി. പണം എങ്ങനെ, എവിടെനിന്നു വന്നു എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചില്ലെങ്കിൽ കേസന്വേഷണം മരവിക്കുമെന്നും ഇഡി പറഞ്ഞു.

ലീനയുടെ ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സുകാഷ് ചന്ദ്രശേഖറിന്റെ കസ്റ്റഡി 11 ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനു വേണ്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുവദിച്ചിരുന്ന 3 ദിവസത്തെ കസ്റ്റഡി തീർന്ന സാഹചര്യത്തിലാണു ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്.

കസ്റ്റഡി കാലയളവിൽ പ്രതിയുടെ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. കോവിഡ് ബാധിക്കാതിരിക്കാൻ കൃത്യമായ അകലം ഉറപ്പാക്കുമെന്നും ഇ.ഡി. പറഞ്ഞു.

ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള 'നെയിൽ ആർട്ടിസ്ട്രി' എന്ന കമ്പനി ചെന്നൈയിൽ 4.79 കോടി രൂപയുടെയും കൊച്ചിയിൽ 1.21 കോടിയുടെയും നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പണം കുറ്റകൃത്യത്തിൽനിന്ന് ലഭിച്ച പണമാണെന്നും ഇവരുടെ മൂന്ന് മൊബൈൽ ഫോണുകളിൽനിന്നുള്ള വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ടെന്നും ഇ.ഡി. പറഞ്ഞു. എന്നാൽ കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം എങ്ങനെ വിനിയോഗിച്ചുവെന്ന വിവരങ്ങൾ നടി മനഃപൂർവ്വം മറച്ചുവെയ്ക്കുകയാണെന്നും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും ഇ.ഡി ആരോപിച്ചു.

ഫോർട്ടിസ് ഹെൽത്ത്കെയർ പ്രമോട്ടർ ശിവീന്ദർ മോഹൻ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സുകേഷ് ചന്ദ്രശേഖർ, ലീന മരിയ പോൾ തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവീന്ദർ സിങ്ങിനെ ജാമ്യത്തിലിറാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിയമകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികൾ ശിവീന്ദറിന്റെ ഭാര്യയെ ബന്ധപ്പെട്ടിരുന്നത്. തുടർന്ന് കോടിക്കണക്കിന് രൂപ ഇവരിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ സുകാഷ് ഉൾപ്പെടെ 10 പേരും പിടിയിലായിട്ടുണ്ട്. സംഭവത്തിൽ ഇഡി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ വർഷം ജൂണിൽ നിയമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാൾ, ജയിലിലായിരുന്ന തന്റെ ഭർത്താവിനു ജാമ്യം ഉറപ്പാക്കാമെന്നു വാഗ്ദാനം ചെയ്തു പണം ചോദിച്ചെന്ന് ഡൽഹി പൊലീസിൽ അദിതി പരാതി നൽകിയിരുന്നു. 2019ൽ റെലിഗെയർ ഫിൻവെസ്റ്റ് ലിമിറ്റഡിലെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു ശിവിന്ദർ അറസ്റ്റിലായത്.