കൊച്ചി :സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ കേരളത്തിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതോടെ എല്ലായിടവും നിശ്ചലമായിരിക്കുകയാണ്. റോഡുകൾ വിജനമായും കടകളടഞ്ഞും കിടക്കുന്ന അവസരത്തിൽ സിനിമാ ലൊക്കേഷനിലേക്ക് നടൻ സലിം കുമാർ ബൈക്കിൽ പോകുന്നതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വർക്കലയിലുള്ള കോളേജിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ട് സലിം കുമാറിനെതിരെ 'തീവ്രവാദി' എന്ന ലേബലിൽ വിചിത്രമായ വിവാദങ്ങൾ ഉയർന്നതും നാം മാധ്യമങ്ങളിലൂടെ കണ്ടിരുന്നു.

നടൻ സലിം കുമാർ മമ്മൂട്ടി ചിത്രമായ 'മധുരരാജ'യുടെ ലൊക്കേഷനിലേക്കുള്ള ബൈക്ക് യാത്രയുടെ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചപ്പോൾ 'ബൈക്കിൽ ചുറ്റിനടക്കുന്ന അൽഖായിദ നേതാവ് ' എന്ന തരത്തിലുള്ള ചിരിപ്പിക്കുന്ന കമന്റുകൾ പോസ്റ്റിനെ തേടിയെത്തുകയും ചെയ്തു. 'ഹർത്താൽ ദിനത്തിൽ ഗുലാബിയോടൊപ്പം മധുരരാജയുടെ ലൊക്കേഷനിലേക്ക്,' എന്ന തലക്കെട്ടോടെ പൊട്ടിച്ചിരിക്കുന്ന മുഖവുമായാണ് താരത്തിന്റെ പോസ്റ്റ്. ഇതിന് താഴെ സലിം കുമാറിന് പിന്തുണയുമായി നിരവധി പേരെത്തിയിട്ടുണ്ട്. ആശംസകളും അഭിവാദ്യങ്ങളും പറഞ്ഞ് ഒരു കൂട്ടർ എത്തിയപ്പോൾ നർമ്മം ചാലിച്ച കമന്റുകളായിരുന്നു മറ്റൊരു കൂട്ടരുടെ വക.

'കറുത്ത യൂണിഫോം എവിടെ' എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കമന്റുകൾ.വർക്കലയിലെ സിഎച്ച്എംഎം കോളേജിൽ നടന്ന ആനുവൽ ഡേ പരിപാടിയിൽ പങ്കെടുക്കുന്നതിനായി കറുത്ത ജുബ്ബ ധരിച്ചാണ് സലിം കുമാർ എത്തിയത്. സിഐഡി മൂസ എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രത്തിന്റെ വേഷം അനുകരിച്ച് നടനെ സ്വീകരിക്കാനായിരുന്നു വിദ്യാർത്ഥികളുടെ പരിപാടി.

 

കറുപ്പും വെളുപ്പും നിറത്തിൽ ഒരുപോലെ വസ്ത്രം ധരിച്ച് വിദ്യാർത്ഥികളും എത്തി. എന്നാൽ ബിഗ് ബ്രേക്കിങ്ങായി, കേരളത്തിൽ ഐഎസ്-അൽഖായിദ സംഘടനകൾ വേരുറപ്പിക്കുന്നു എന്നു പറഞ്ഞ് ജനം ടിവി വാർത്ത നൽകുകയായിരുന്നു. ഇതിനെതിരെ നടൻ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.