ആലപ്പുഴ: ക്രിസ്തുമസ് ദിനത്തിൽ ദേശീയ പാതയിൽ അപകടകരമായി വാഹനം ഓടിച്ച പതിനെട്ടുകാരന്റെ ലൈസൻസ് സസ്പെന്റ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഹരിപ്പാട് കഴുതക്കുളങ്ങര പുതിയവിളയിൽ ഹരികൃഷ്ണനെ(18)തിരെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചത്. ദേശീയപാതയിൽ നങ്യാർകുളങ്ങരയിൽ നിന്നും ഹരിപ്പാട് ഭാഗത്തേക്ക് ക്രിസ്തുമസ് പപ്പായുടെ വേഷം ധരിച്ച് ടൂവീലറിൽ യാത്ര ചെയ്താണ് ഇയാൾ അഭ്യാസ പ്രകടനം നടത്തിയത്. കെ.എൽ 29 ആർ 8257 എന്ന നമ്പരിലുള്ള യമഹ ആർ15 വാഹനത്തിൽ ഇയാൾ ഇരുകൈകളും വിട്ട് വാഹനം ഓടിക്കുകയും മുൻ ടയർ മുകളിലേക്ക് ഉയർത്തി അപകടകരമായ രീതിയിൽ പോകുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്.

ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട എ.ടി.ഒ ഷിബു ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വേണുഗോപാൽ പോറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് കായംകുളം രജിസ്ട്രേഷനിലുള്ള വാഹനമായതിനാൽ ഈ ഭാഗത്തെ എൻപോഴ്സ്മെന്റ് ടീമിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് വെഹിക്കിൾ ഇൻസ്പെക്ടർ ഡി.എസ്.സജിത്ത്, എ.എം വിഐമാരായ കെ.ശ്രീകുമാർ, വി.വിനീത്, മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹരികൃഷ്ണന്റെ വീട്ടിലെത്തുകയായിരുന്നു. ദൃശ്യങ്ങൾ അടക്കം കാണിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച വിവരം വീട്ടുകാരെ അറിയിച്ചു. ലൈസൻസ് പിടിച്ചെടുത്ത ശേഷം കേസെഴുതുകയും വെർച്വൽ കോടതിക്ക് കൈമാറുകയും ചെയ്തു.

ഇൻസ്റ്റാഗ്രാമിൽ സ്ഥിരമായി ഇത്തരത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു എന്നും അതിന്റെ ഭാഗമായി എടുത്ത വീഡിയോയാണ് ഇതെന്നുമാണ് ഹരികൃഷ്ണൻ ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. സുഹൃത്തുക്കളാണ് വീഡിയോ ദൃശ്യം പകർത്തിയതെന്നും ഇയാൾ സമ്മതിച്ചു. തുടർന്നാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. ഇതിനിടയിൽ ഹരികൃഷ്ണന്റെ മാതാവ് ഉദ്യോഗസ്ഥരുടെ മുന്നിൽ മകന്റെ തെറ്റായ കൂട്ടുകെട്ടുമൂലമാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു. സാധാരണ കുടുംബത്തിലെ അംഗമാണ് ഇയാൾ. പിതാവ് മരിച്ചു പോയതിനാൽ അമ്മ സ്വകാര്യ ലാബിൽ ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. വീട്ടിലെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതിനാൽ ശിക്ഷാ നടപടികൾ ലഘൂകരിച്ചാണ് ഉദ്യോഗസ്ഥർ കേസെഴുതിയിരിക്കുന്നത്. മാനുഷിക പരിഗണന അനുസരിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഇനി അവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും താക്കീത് നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

ഹരികൃഷ്ണന്റെ സുഹൃത്തുക്കൾക്കെതിരെയും ഇൻസ്റ്റാഗ്രാം വീഡിയോകൾ പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. സ്ഥിരമായി ഇവർ ടൂവീലറുകളിൽ ദേശീയപാതയിലും മറ്റും അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരാണെന്ന് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കാനും തുടർ നടപടികൾ സ്വീകരിക്കുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടിഒ വേണുഗോപാൽ പോറ്റി പറഞ്ഞു. കേരളത്തിൽ ഒരുപാട് പേർ ഇത്തരത്തിൽ വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. യാതൊരു സുരക്ഷയുമില്ലാതെ വാഹനം ഓടിച്ച് അത് ചിത്രികരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചാൽ മറ്റുള്ളവർക്ക് ഒരു പ്രചോദനമായി മാറും. അതിനാലാണ് ഉടൻ ഇക്കാര്യത്തിൽ നടപടി എടുത്തതെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വ്യക്തമാക്കി.

കോവിഡ് കാലത്ത് പൊലീസിനൊപ്പം തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കൃത്യനിർവ്വഹണം നടത്തുന്നത്. വാഹന ഡ്രൈവർമാർക്കും പൊതു ജനങ്ങൾക്കും വേണ്ട സുരക്ഷാ മുൻകരുതലുകളെ പറ്റി ബോധവാന്മാരാക്കുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് ഇത്തരം കേസുകൾ കൂടി വരുന്നത്. യുവ തലമുറ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങൾ നിരത്തിലിറക്കുമ്പോൾ പലപ്പോഴും മോട്ടോർ വാഹന വകുപ്പിനും തലവേദയുണ്ടാകാറുണ്ട്. പിടിച്ചു കഴിഞ്ഞാൽ വീട്ടിലെ ഇല്ലായ്മകളും മറ്റും പറഞ്ഞ് കരയും. അതോടെ എന്തെങ്കിലുമൊക്കെ ഇളവു നൽകും. എന്നാൽ ഇനി അത്തരത്തിലുള്ള യാതൊരു വിട്ടു വീഴ്ചകളും ചെയ്യില്ല എന്നും ഉദ്യോഗസ്ഥർ പറയുന്നു.