ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീറിന് ഐ എസ് ഭീകരസംഘടനയുടെ പേരിൽ വധഭീഷണി വന്നത് പാക്കിസ്ഥാനിൽനിന്നാണെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്. പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നാണ് ഭീഷണി സന്ദേശം വന്നതെന്നും ഭീഷണിക്കു പിന്നിൽ ഒരു കോളജ് വിദ്യാർത്ഥിയാണെന്നും ഡൽഹി പൊലീസ് 'സിഎൻഎൻന്യൂസ് 18'നോട് വെളിപ്പെടുത്തി.ചൊവ്വാഴ്ച രാത്രി 9.32നാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിൽ ഗംഭീറിന് ലഭിക്കുന്നത്.

ഇ-മെയിൽ അയച്ചത് പാക്കിസ്ഥാൻ സ്വദേശിയായ ഷാഹിദ് ഹമീദ് എന്ന വ്യക്തിയാണെന്ന് വിവരം ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഗൂഗിളിൽ നിന്ന് ഐപി വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് തേടിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീരാണ് (ഐഎസ്ജെകെ) ഭീഷണി സന്ദേശം അയച്ചതെന്ന് കത്തിൽ പരാമർശമുണ്ടായിരുന്നു.

ഗംഭീറിനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസാണ് എംപിയുടെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് സന്ദേശം വന്നത്. കഴിഞ്ഞ ദിവസം രണ്ട് മെയിലുകളിലായിട്ടാണ് ഗംഭീറിനും കുടുംബാംഗങ്ങൾക്കും വധഭീഷണിയുമായി സന്ദേശം ലഭിച്ചത്. 'നിങ്ങളെയും കുടുംബാംഗങ്ങളെയും ഞങ്ങൾ കൊലപ്പെടുത്തും' ഇതായിരുന്നു ആദ്യ മെയിലിന്റെ ചുരുക്കം.

ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) ടീം ഇതിനകം തന്നെ ഭീഷണി സന്ദേശം അയച്ച വ്യക്തിയുടെ ഐപി വിലാസം കണ്ടെത്തുകയും അയച്ച ആളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഭീഷണി കത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നാണ് ഹമീദ് മെയിൽ അയച്ചിരിക്കുന്നതെന്ന് ഐപി വിലാസം പരിശോധിച്ചതിൽ നിന്ന് സ്ഥിരീകരിച്ചതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

ഗംഭീറിന്റെ കുടുംബവീടിന്റെ പുറത്തുനിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുന്നതായിരുന്നു രണ്ടാമത്തെ മെയിലിന്റെ ഉള്ളടക്കം. 'നിങ്ങളെ വധിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷേ, നേരിയ വ്യത്യാസത്തിൽ ഇന്നലെ നിങ്ങൾ രക്ഷപ്പെട്ടു. നിങ്ങൾക്ക് ജീവനിൽ കൊതിയുണ്ടെങ്കിൽ രാഷ്ട്രീയത്തിൽനിന്നും കശ്മീർ വിഷയത്തിൽനിന്നും അകന്നു നിൽക്കുക' ഇതിനൊപ്പമുള്ള സന്ദേശത്തിൽ പറയുന്നു.

ഭീഷണി സന്ദേശം അത്ര ഗൗരവമുള്ളതല്ല എന്ന വിലയിരുത്തലിലാണ് പൊലീസ്. ഭീഷണി സന്ദേശത്തിനൊപ്പമുള്ള ഗംഭീറിന്റെ കുടുംബ വീടിന്റെ ചിത്രം യുട്യൂബിൽനിന്ന് എടുത്തതാണ്. 2020 നവംബറിൽ ഗംഭീറിന്റെ ഒരു ആരാധകൻ യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയാണിതെന്നാണ് അനുമാനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കണ്ടെത്തുന്ന കാര്യങ്ങൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾക്ക് കൈമാറും.

വിഷയത്തിൽ ഐഎസ്‌ഐയുടെ പങ്കാളിത്തത്തിനുള്ള സാധ്യതകളും ഡൽഹി പൊലീസ് അന്വേഷിക്കുന്നുണ്ട്. കത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീർ ആണ് അയച്ചതെന്ന് കുറ്റവാളി മനഃപൂർവം ചിത്രീകരിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീറിന്റെ വസതിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.