ന്യൂഡൽഹി: എതിരാളികളെ ലക്ഷ്യമിട്ട് ഹിറ്റ് ജേർണലിസം നടത്തുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന ടീവി ചാനൽ ആണ് അർണോബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടീവി. അർണബിന്റെ ശൈലിയോടും സംഘപരിവാർ വിധേയത്തോടം പ്രതിഷേധിച്ച് റിപ്പബ്ലിക്ക് ടീവി വിടുന്ന ജേർണലിസ്്റ്റുകൾ ഇത് ക്വട്ടേഷൻ ജേർണലിസം എന്നാണ് ആരോപിച്ചിട്ടുള്ളത്. എന്നാൽ റിപ്പബ്ലിക്ക് ടീവിക്ക് കനത്ത തിരിച്ചടി നേരിട്ട ദിവസമായിരുന്നു ഇന്ന്. സുന്ദപുഷ്‌ക്കർ കേസിൽ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം അർണബിനും കൂട്ടർക്കും എതിരെ ഉണ്ടായി. ഇന്നലെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വസതിയിൽ ചേസ് ജേർണലിസത്തിനായി അതിക്രമിച്ച് കയറിയ മൂന്ന് റിപ്പബ്ലിക്ക് ടീവിയുടെ മാധ്യമ പ്രവർത്തകർക്കെതിരെയും പൊലീസ് കേസ് എടുത്തുിരുന്നു. മഹാരാഷ്ട്ര നിയമസഭയിൽ ചാനലിനെതിരെ അവകാശലംഘനത്തിനും ശിവസേന നോട്ടീസ് നൽകിയിട്ടുണ്ട്. ക്വട്ടേഷൻ ജേർണലിസത്തിനും ചേസ് ജേർണലിസത്തിനും ഒടുവിൽ തിരിച്ചടിയെന്നാണ് സോഷ്യൽ മീഡിയ ഈ സംഭവത്തിൽ പ്രതികരിക്കുന്നത്.

'നിങ്ങളുടെ മാധ്യമവിചാരണ നിർത്തണം'

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമി റിപ്പബ്ലിക് ചാനൽ വഴി നടത്തുന്ന അധിക്ഷേപകരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഡൽഹി ഹൈക്കോടതി. അർണബിനെതിരെ ശശി തരൂർ നൽകിയ ഹരജിയിലാണ് കോടതി നടപടി.അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് സമാന്തര കോടതി നടത്തി മാധ്യമവിചാരണ നടത്താൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. തെളിവുകളുടെ പവിത്രതയും ക്രിമിനൽ വിചാരണയും മാനിക്കപ്പെടണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സുനന്ദ പുഷ്‌കർ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ അവസാനിപ്പിക്കണമെന്നും കോടതി അർണബിനോട് നിർദേശിച്ചു. 2017 ഡിസംബർ ഒന്നിനാണ് ശശി തരൂർ റിപ്പബ്ലിക് ടി.വിയുടെ പ്രോഗ്രാമിനെതിരെ ഹരജി സമർപ്പിച്ചത്.സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് റിപബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാർത്തകളിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടായിരുന്നുവെന്നാണ് തരൂരിന്റെ പരാതി.നേരത്തെ തിരുവനന്തപുരം സി.ജെ.എം കോടതിയിലും അർണബിനെതിരെ തരൂർ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. 2017 ജൂണിലാണ് തരൂർ പരാതി നൽകിയത്. ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിനെ 2014 ജനുവരി 17 നാണ് ഡൽഹിയിലെ ലീല ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതിക്രമിച്ച് കയറിയ മൂന്ന് ജീവനക്കാർ അറസ്റ്റിൽ

ഇന്നലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഫാം ഹൗസിലേയ്ക്ക് അതിക്രമിച്ചുകയറിയതിന് റിപ്പബ്ലിക്ക് ടിവിയിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ നാല് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമിക്കാനും ഉപദ്രവിക്കാനും ഉദ്ദേശിച്ച് വീട്ടിൽ അതിക്രമിച്ച് കടക്കൽ (ഐപിസി 452), വീട്ടിൽ അതിക്രമിച്ച് കടക്കൽ (ഐപിസി 448), ബോധപൂർവം മുറിവേൽപ്പിക്കൽ (ഐപിസി 323), സംഘർഷമുണ്ടാക്കാനും സമാധാനം തകർക്കാനും ബോധപൂർവം അധിക്ഷേപിക്കൽ (ഐപിസി 504) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

റായ് ഗഡ് ജില്ലയിലെ ഭിലാവാലെയിലുള്ള ഉദ്ധവ് താക്കറെയുടെ ഫാം ഹൗസിലാണ് സംഭവം. റിപ്പബ്ലിക്ക് ടിവിയിലെ മാധ്യമപ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് എബിപി മജാ ചാനൽ റിപ്പോർട്ട് ചെയ്തു. വാഗൺ ആർ കാറിൽ വന്ന മൂന്ന് പേർ നൈററ്റ് ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി ഗാർഡിനോട് അഡ്രസ് ചോദിച്ചതായി എബിപി മജാ പറയുന്നു. തനിക്കറിയില്ലെന്ന് പറഞ്ഞ് സെക്യൂരിറ്റി ഗാർഡ് നടന്നു. എന്നാൽ കുറച്ചുസമയം കഴിഞ്ഞ് മൂന്ന് പേരും കൂടി ഗാർഡ് റൂമിലേയ്ക്ക് ഇരച്ചുകയറി സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്തു. അറസ്റ്റ് ചെയ്തവരുടെ ജോലിയെപ്പറ്റി റായ്ഗഡ് പൊലീസ് പറഞ്ഞിട്ടില്ല. സെക്യൂരിറ്റി ഗാർഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീ കത്തിക്കുമെന്ന ഭീഷണി കഴിഞ്ഞ ദിവസം വന്നിരുന്നു. ദുബായിൽ നിന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയാണെന്ന് പറഞ്ഞയാളാണ് മാതോശ്രീ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയത്. മാതോശ്രീയിലെ ലാൻലൈൻ നമ്പറിലാണ് ഭീഷണി കോൾ വന്നത്. ഉദ്ധവുമായി കണക്ട് ചെയ്യണമെന്നും ദാവൂദ്, ഉദ്ധവുമായി സംസാരിക്കാൻ താൽപര്യപ്പെടുന്നതായും ഇയാൾ പറഞ്ഞിരുന്നു. ഇത്തരത്തിൽ രണ്ട് കോളുകൾ വന്നതായും മാതോശ്രീയിലെ റിസപ്ഷനിസ്റ്റ് ഇത് കട്ട് ചെയ്തതായും പൊലീസ് പറയുന്നു.

അവകാശലംഘനത്തിനും നോട്ടീസ്

കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു എന്നാരോപിച്ച് റിപ്പബ്ലിക്ക് ടിവി എംഡിയും മാനേജിങ് ഡയറക്ടറുമായ അർണാബ് ഗോസ്വാമിക്കെതിരെ, ശിവസേന എംഎൽഎ മഹാരാഷ്ട്ര നിയമസഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു.ശിവസേനയുടെ പ്രതാപ് സർനായിക്കാണ് നോട്ടീസ് നൽകിയത്. മാധ്യമവിചാരണ നടത്തുന്ന അർണാബ് ഗോസ്വാമി. അവകാശലംഘന നോട്ടീസ് അംഗീകരിച്ച് റിപ്പബ്ലിക്ക് ടിവിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാൻ സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാളിനോട്, ശിവസേന എംഎൽഎ ആവശ്യപ്പെട്ടു.

പ്രമേയത്തെ അനുകൂലിച്ച് പാർലമെന്ററികാര്യ മന്ത്രി അനിൽ പരബ് രംഗത്തെത്തി. നിയമസഭാംഗങ്ങളെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന് അനിൽ പരബ് പറഞ്ഞു. നേരത്തെ മാധ്യമപ്രവർത്തകരെ സഭയുടെ അവകാശലംഘനങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനിൽ പരബ്, അർണാബ് ഗോസ്വാമിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം അനിൽ പരബ് ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ബിജെപി അംഗങ്ങളും ബഹളം വയ്ക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. പ്രധാനമന്ത്രിയെ അപമാനിച്ചു എന്നാരോപിച്ച് പൊലീസ് ഹവൽദാറെ സസ്‌പെൻഡ് ചെയ്ത കാര്യം അനിൽ പരബ് ചൂണ്ടിക്കാട്ടി. അർണാബ് ഗോസ്വാമിയെ സഭയിലേയ്ക്ക് വിളിച്ചുവരുത്തുന്നതുൾപ്പടെയുള്ള നടപടികൾ വേണമെന്ന് അനിൽ പരബ് ആവശ്യപ്പെട്ടിട്ടുണ്ട്.