നോയിഡ: ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ സ്വിഗ്ഗി ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ബോയ് ഹോട്ടൽ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഓൺലൈനായി ഭക്ഷണം ഡെലിവർ ചെയ്യുന്ന ഹോട്ടലിന്റെ ഉടമ സുനിൽ അഗർവാളിനെയാണ് സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊലപ്പെടുത്തിയത്. ബുധനാഴ്ചയാണ് സംഭവം.

സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റവാളിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണു പൊലീസ്. ഓർഡർ സ്വീകരിക്കുന്നതിനായി ഇന്നലെ രാത്രി വൈകിയാണ് സ്വിഗ്ഗി ഡെലിവറി ബോയ് ഹോട്ടലിൽ എത്തിയത്. ചിക്കൻ ബിരിയാണി, പൂരി ഷബ്‌സി എന്നിവയായിരുന്നു ഓർഡറിൽ. ഇതിൽ ബിരിയാണി തയാറായിരുന്നുവെങ്കിലും പൂരി തയാറാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു ഹോട്ടലിലെ ജോലിക്കാരൻ ഇയാളോടു പറഞ്ഞു.

ഇതോടെ ഇരുവരും തമ്മിൽ തർക്കമായെന്നും ഡെലിവറി ഏജന്റ് ഹോട്ടൽ ജീവനക്കാരനെ ചീത്ത വിളിച്ചതായും പൊലീസ് പറഞ്ഞു. തർക്കം പരിഹരിക്കാൻ ഹോട്ടൽ ഉടമ സുനിൽ അഗർവാൾ ഇടപെട്ടു. സുഹൃത്തിന്റെ സഹായത്തോടെ ഡെലിവറി ഏജന്റ് ഹോട്ടൽ ഉടമയുടെ തലയിൽ വെടിവച്ചതിനു ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് ആരോപണം.

കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: ചിക്കൻ ബിരിയാണിയുടെയും പുരി സബ്ജിയുടെയും ഓർഡർ ശേഖരിക്കാൻ ബുധനാഴ്ച പുലർച്ചെ 12.15 ന് ഒരു സ്വിഗ്ഗി ഡെലിവറി ബോയ് റെസ്റ്റോറന്റിൽ എത്തി. ചിക്കൻ ബിരിയാണിയുടെ ഓർഡർ ഉടൻ അയാൾക്ക് കൈമാറിയെങ്കിലും രണ്ടാമത്തെ ഓർഡറിന് കുറച്ച് സമയമെടുക്കുമെന്ന് റെസ്റ്റോറന്റിലെ ജോലിക്കാരനായ നാരായൺ ഡെലിവറി ബോയിയോട് പറഞ്ഞു.

ഇതുകേട്ട ഡെലിവറി ബോയ് പ്രകോപിതനാകുകയും തൊഴിലാളിയെ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇരുവർക്കുമിടയിൽ തർക്കം പരിഹരിക്കാൻ സുനിൽ ഇടപെട്ടപ്പോൾ പ്രതി അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സുനിലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാൾക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. സംഭവ സ്ഥലത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളുടെ സഹായത്തോടെ ഡെലിവറി ബോയ്ക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്ന് പൊലീസ് പറഞ്ഞു.