കൊച്ചി: ഡോളർ കടത്തു കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തോ? അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ചോദ്യം ചെയ്യലിന് ഹാജരാകാൻ മടിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഇതിന് വിരുദ്ധമായി ചില റിപ്പോർട്ടുകളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഡോളർ കടത്തുകേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയെന്നു സൂചനയുണ്ടെന്നാണ് മംഗളം റിപ്പോർട്ടു ചെയ്യുന്നതത്. വ്യാഴാഴ്ചയും ഇന്നലെയുമായി കസ്റ്റംസ് സംഘം അദ്ദേഹത്തെ കണ്ടെന്നാണു വിവരമെന്ന് പത്രവാർത്തയിൽ പറയുന്നു.

വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസുഖം കാരണം യാത്രചെയ്യാൻ കഴിയില്ലെന്നു സ്പീക്കർ മറുപടി നൽകിയിരുന്നു. തുടർന്നാണ് കസ്റ്റംസിന്റെ തിരുവനന്തപുരം യൂണിറ്റിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്പീക്കറെ സന്ദർശിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. 11-നു വിശദമായ മൊഴിയെടുക്കലിന് എത്തുമെന്നറിയിച്ചാണു മടങ്ങിയത്. ഇക്കാര്യം കസ്റ്റംസ് ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ലെന്നും വാർത്തയിൽ പറയുന്നു.

സുഖമില്ലാതെ വിശ്രമത്തിലായതിനാലും ഭരണഘടനാ പദവി പരിഗണിച്ചുമാണു സ്പീക്കറെ ചെന്നുകണ്ട് മൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് തീരുമാനിച്ചത്. തുടർച്ചയായി മൂന്നു തവണ ഹാജരാകാത്തതിനാൽ ഇനി കോടതിയെ സമീപിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ സ്പീക്കറെ ബോധ്യപ്പെടുത്തിയെന്നാണു വിവരം.

സ്വർണക്കടത്തു പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ യു.എ.ഇ. കോൺസൽ ജനറൽ വഴി ഡോളർ കടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്നുമാണു കേസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കോൺസൽ ജനറലിനും സ്പീക്കർക്കുമിടയിൽ സംസാരിച്ചതു താനായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്.

അനധികൃത പണമിടപാടുകളാണു കോൺസൽ ജനറലുമായി നടത്തിയത്. വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിനു രൂപ കമ്മിഷൻ കൈപ്പറ്റിയെന്നതടക്കമുള്ള വിവരങ്ങളാണു സ്വപ്ന സുരേഷ് കോടതിയിൽ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. മെയ് രണ്ടിന് സ്പീക്കർ പദവിയിൽ നിന്നും പി ശ്രീരാമകൃഷ്ണൻ വിരമിക്കേണ്ടി വരും. കാലാവധി തീർന്ന് അദ്ദേഹം പടിയിറങ്ങുമ്പോൾ കേസിനെ സ്വന്തം നേരിടേണ്ട അവസ്ഥയിലുമാകും. അതുകൊണ്ട് തന്നെ കസ്റ്റംസ് ചോദ്യം ചെയ്യുന്നെങ്കിൽ അത് ഔദ്യോഗിക പദവിയിൽ ഇരിക്കുമ്പോഴാകട്ടെ എന്ന നിലപാടിലാണ് ശ്രീരാമകൃഷ്ണനെന്നും സൂചനയുണ്ട്.

സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ചാക്കയിലെ ഫ്ളാറ്റ് തന്റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്ളാറ്റിലേക്ക് വിളിച്ചിട്ടും താൻ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് കീഴ്പെടാത്തതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.

സിഎം ഓഫിസിൽ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവർ. സർക്കാരിന്റെ പല പദ്ധതികളും ഇവർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്വപ്നയുടെ മൊഴി ഉൾപെടുത്തിയത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. സ്പീക്കർക്ക് ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്നും ഷാർജയിൽ ഇതേ കോളജിന്റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച മൊഴിയുടെ പകർപ്പാണ് പുറത്തുവന്നത്.

സ്വപ്ന സുരേഷിന്റെ വാട്സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, പി. സ്പീക്കർക്കർക്ക് എതിരായുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ലഫീർ എന്ന വ്യക്തിയെ പരാമർശിച്ച് ഒരു വാട്സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് സ്പീക്കറുടെ പേര് വെളിപ്പെടുത്തിയത്.