കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിയുടെ അനുയായികൾക്കെതിരെ ഭീഷണിയുമായി പശ്ചീമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. സംസ്ഥാനത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ശീലം മമതയുടെ സഹോദരങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കൈയും കാലും ഒടിയാൻ സാദ്ധ്യതയുണ്ടെന്നും, ചിലപ്പോൾ കൊല്ലപ്പെട്ടേക്കാമെന്നും ഘോഷ് പറഞ്ഞു.

ദീദിയുടെ സഹോദരങ്ങൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ശീലം അവസാനിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ കൈകളും കാലുകളും വാരിയെല്ലുകളും ഒടിയും. ശിരസ് തകരും. ആശുപത്രിയിൽ കഴിയേണ്ടിവരും. അവിടംകൊണ്ടും നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ശ്മശാനത്തിലേക്ക് പോകേണ്ടിവരും.'ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. ഹാൽദിയയിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'തൃണമൂൽ സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക ദീദിയുടെ പൊലീസിന് കീഴിലല്ല, മറിച്ച് ദാദയുടെ പൊലീസാകും നടത്തുക.

സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്രസേന ഉറപ്പാക്കും.കാക്കി ധരിച്ച പൊലീസിന് ബൂത്തിൽ നിന്ന് നൂറ് മീറ്റർ അകലെ മാവിന്റെ ചുവട്ടിലിരുന്ന് ഖൈനി ചവച്ചുകൊണ്ട് വോട്ടെടുപ്പ് കാണേണ്ടിവരും.'-അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് ബംഗാൾ സന്ദർശിച്ചിരുന്നു.