പാല: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന ഏതെങ്കിലുമൊരു സമുദായത്തിന് എതിരല്ലെന്ന് പാലാ രൂപതയുടെ വിശദീകരണം. സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കനാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും ജേക്കബ് മുരിക്കൻ പറഞ്ഞു.

ഇത് ഏതെങ്കിലുമൊരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യർക്കും ബാധകമായ പൊതുസാഹചര്യമാണ്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. മതങ്ങളുടെ പേരും ചിഹ്‌നവും ഉപയോഗിച്ച് ചെറിയവിഭാഗം തെറ്റ് ചെയ്യുന്നു. ഇവരുടെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം. പരസ്പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാമെന്നും സഹായമെത്രാൻ പ്രസ്താവനയിൽ പറയുന്നു.

കേരളത്തിൽ ലൗ ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണവുമായാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. നർകോട്ടിക്, ലൗ ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറയുന്നത്.

ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാർക്ക് നിക്ഷിപ്ത താൽപര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. വർഗീയതയും വിദ്വേഷവും വെറുപ്പും മതസ്പർദ്ധയും അസഹിഷ്ണുതയും വളർത്താൻ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികൾ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്റെ ആരോപണങ്ങൾ.

അതിനിടെ പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഈ സംവാദം ശരിയല്ല, ആരോഗ്യകരമല്ല. അതുകൊണ്ട് സാമുദായിക സൗഹാർദ്ദം ആഗ്രഹിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ, മത - സാമുദായിക സംഘടനകളൊക്കെ ഈ വിഷയത്തിൽ സംവാദം അവസാനിപ്പിക്കണമെന്ന് മുസ്‌ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമൂഹത്തിൽ അങ്ങേയറ്റം ദോഷകരമായി മാറാൻ സാധ്യതയുള്ള ഒന്നാണ് ബിഷപ്പിന്റെ പ്രസ്താവന. ഇല്ലാത്ത കാര്യത്തിന്റെ പേരിലുള്ള സംവാദങ്ങൾ അവസാനിപ്പിക്കണം. സംവാദം അവസാനിപ്പിച്ചില്ലേൽ വലിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ അത് ഉണ്ടാക്കും.ഓരോ ഭാഗത്തും എക്‌സട്രീമിസം വളർത്താൻ ഇടയാക്കും. ഈ സംവാദം ശരിയല്ലെന്ന് പറഞ്ഞ രാഷ്ട്രീയ നേതാക്കളുടെ നിലപാടാണ് ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരൻ കേന്ദ്രസർക്കാരിന് നർക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്ന് അറിയിച്ചു.അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയ കാലം കഴിഞ്ഞെന്ന് ജിഹാദികളെ പിന്തുണയ്ക്കുന്നവർ മനസിലാക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

നർകോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.അതേസമയം ബിഷപ്പിന് പൂർണ പിന്തുണയുമായി ദീപിക ദിനപത്രവും രംഗത്തെത്തി. ശനിയാഴ്ച പ്രസിദ്ധീകരിച്ച പത്രത്തിലെ മുഖപ്രസംഗത്തിൽ ശക്തമായ പിന്തുണയാണ് ബിഷപ്പിന് നൽകിയിരിക്കുന്നത്. ഭീഷണികൊണ്ട് നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നത് മൗഢ്യമാണ്.

'സമുദായ സൗഹാർദ്ദത്തിന്റെ അതിർവരമ്പ് നിശ്ചയിക്കുന്നത് ആരാണ് ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരുന്നാൽ എല്ലാവർക്കും സ്നേഹവും സന്തോഷവുമാണ് എന്നാൽ സമൂഹനന്മയും സമുദായ ഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്ക് ചിലപ്പോൾ അപ്രിയ സത്യങ്ങൾ തുറന്നുപറയേണ്ടി വരും' എന്ന് 'അപ്രിയ സത്യങ്ങൾ ആരും പറയരുതെന്നോ' എന്ന പേരിലെ മുഖപ്രസംഗത്തിൽ പറയുന്നു.