മലപ്പുറം: ഡി.സി.സി പുനഃസംഘടനയെ കുറിച്ച്് പറയാനുള്ളത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞുകഴിഞ്ഞുവെന്നും തനിക്ക് പറയാനുള്ളത് പിന്നീട് പറയുമെന്നും മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്. ഇപ്പോൾ എരിതീയിൽ എണ്ണ ഒഴിക്കാനില്ലെന്നും ആര്യാടൻ വ്യക്തമാക്കി. ഡി.സി.സി പുനഃസംഘടനയെ കുറിച്ച് നിലപാട് വ്യക്തമാക്കുകയായിരുന്നു ആര്യാടൻ മുഹമ്മദ്. ഡി.സി.സി പുനഃസംഘടനയിൽ ചർച്ച നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയും അതൃപ്തി തുറന്നടിച്ച് രമേശ് ചെന്നിത്തലയും രംഗത്ത്് വന്നതിനു പിന്നാലെയാണ് ആര്യാടന്റെ പ്രതികരണം.

മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യാടൻ ഷൗക്കത്തിനെ വെട്ടിയാണ് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയെ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ വി.വി പ്രകാശിന് സീറ്റ് നൽകിയപ്പോൾ പകരം ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കിയ ഫോർമുലയാണ് നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 20 ദിവസത്തിനകം ആര്യാടൻ ഷൗക്കത്തിനെ മാറ്റി പകരം വി.വി പ്രകാശിനെ തന്നെ ഡി.സി.സി പ്രസിഡന്റാക്കി. ഈ മാറ്റങ്ങളൊന്നും ആര്യാടൻ മുഹമ്മദിനോട് ചർച്ചചെയ്യുകപോലും ചെയ്തിരുന്നില്ല.

ഏറ്റവും ഒടുവിൽ എ ഗ്രൂപ്പും ജില്ലയിലെ ഭൂരിപക്ഷം ഡി.സി.സി ഭാരവാഹികളും ആര്യാടൻ ഷൗക്കത്തിനെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന ആവശ്യം ഉയർത്തിയിട്ടും വി എസ് ജോയിയെ നിയമിച്ചതിൽ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ്. എഗ്രൂപ്പിനൊപ്പം കെപിസിസി സെക്രട്ടറി പി.ടി അജയ്‌മോഹന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പും ആര്യാടൻ ഷൗക്കത്തിന്റെ പേരാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്.

എ ഗ്രൂപ്പിന് ശക്തമായ മേധാവിത്വമുള്ള മലപ്പുറം ജില്ലയിൽ എ.പി അനിൽകുമാർ എംഎ‍ൽഎ, കെ.സി വേണുഗോപാലിന്റെ സ്വാധീനം ഉപയോഗിച്ച് വി എസ് ജോയിയെ. ഡി.സി.സി പ്രസിഡന്റാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിലെ പ്രബല വിഭാഗം. ജില്ലയിലെ കോൺഗ്രസിന്റെ നേതൃത്വം എ.പി അനിൽകുമാർ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെ കൈപ്പിടിയിലൊതുക്കാൻ നടത്തുന്ന നീക്കമാണ് മലപ്പുറത്ത് കോൺഗ്രസിൽ കലാപത്തിന്റെ കനലെരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിർണയത്തിൽ ആര്യാടൻ ഷൗക്കത്തിനു വേണ്ടി വാദിക്കാതെ ഉമ്മൻ ചാണ്ടിയോട് തീരുമാനമെടുക്കാനായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗംകൂടിയായ ആര്യാടൻ മുഹമ്മദ് ആവശ്യപ്പെട്ടതെന്നാണ് ഷൗക്കത്ത് വിഭാഗം പറയുന്നത്. പിന്നീട് വി.വി പ്രകാശ് സ്ഥാനാർത്ഥിയായതോടെ പ്രചാരണ നേതൃത്വം ഏറ്റെടുത്ത് സജീവമായിരുന്നു ആര്യാടൻ മുഹമ്മദ്. ഡി.സി.സി പ്രസിഡന്റെന്ന നിലക്ക് ആര്യാടൻ ഷൗക്കത്തും പ്രചാരണരംഗത്ത് സജീവമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നും ഷൗക്കത്തിനെ മാറ്റി അപമാനിച്ചത് ശരിയായില്ല എന്ന നിലപാടാണ് ആര്യാടൻ ഉമ്മൻ ചാണ്ടിയെ അറിയിച്ചത്.

ഇതിനു പിന്നാലെ ഡി.സി.സി പുനഃസംഘടനയിലും മലപ്പുറത്ത് അവഗണിച്ചത് ആര്യാടനെ മുറിവേൽപ്പിക്കുകയാണ്. ജില്ലയിലെ പ്രധാന കോൺഗ്രസ് പ്രവർത്തകരുമായെല്ലാം ആത്മബന്ധമുള്ള നേതാവാണ് മലപ്പുറത്തെ ആദ്യ ഡി.സി.സി പ്രസിഡന്റായിരുന്ന ആര്യാടൻ മുഹമ്മദ്. എ.കെ ആന്റണി കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ സംഘടനാചുമതലയും കെപിസിസി ഓഫീസ് ചുമതലയുമുണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു ആര്യാടൻ.

നാലു തവണ മന്ത്രിയും 35 വർഷം നിലമ്പൂരിൽ നിന്നും എംഎ‍ൽഎയുമായിരുന്ന ആര്യാടൻ മുഹമ്മദ് മതേതര നിലപാടുയർത്തിയാണ് മലപ്പുറത്ത് കോൺഗ്രസിനെ കെട്ടിപ്പടുത്തത്. മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്താണ് ആര്യാടൻ കോൺഗ്രസിനെ ശക്തമാക്കിയത്. എന്നാൽ ഇപ്പോൾ മലപ്പുറത്ത് കോൺഗ്രസിനെ മുസ്ലിം ലീഗിന്റെ പിന്നിൽ അണിനിരത്താനുള്ള നീക്കമാണ് എ.പി അനിൽകുമാർ എംഎ‍ൽഎ നടത്തുന്നതെന്ന ആക്ഷേപമാണ് എ ഗ്രൂപ്പ് ഉയർത്തുന്നത്.

എ.കെ ആന്റണി- കെ. കരുണാകരൻ ഗ്രൂപ്പ് പോരിൽ എ ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രമായിരുന്ന ആര്യാടൻ മുഹമ്മദിനെ പിണക്കിയും വേദനിപ്പിച്ചും മലപ്പുറത്ത് കോൺഗ്രസിനെ ചലിപ്പിക്കൽ വെല്ലുവിളിയാകും.ഇന്നലെ മലപ്പുറത്ത് ഡി.സി.സി ഓഫീസിൽ ഭാരവാഹികളുടെ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖത്ത് നോക്കി എ ഗ്രൂപ്പ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ഇഫ്തിഖാറുദ്ദീൻ മലപ്പുറത്ത് ഡി.സി.സി പ്രസിഡന്റിനെ നിയമിക്കുമ്പോൾ സവിശേഷ രാഷ്ട്രീയവും സാമുദായിക സംതുലനത്വവും പാലിക്കണമെന്ന് തുറന്നടിച്ചിരുന്നു. ഇതോടെ ഡി.സി.സി പ്രസിഡന്റിൽ ചർച്ചവേണ്ടെന്ന് യോഗം പിരിച്ചുവിട്ട് സതീശൻ മടങ്ങുകയായിരുന്നു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റായ വി എസ് ജോയി യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ നേരിട്ടാണ് കെപിസിസി ജനറൽ സെക്രട്ടറിയായത്. ആര്യാടന്റെ നോമിനിയായി എ ഗ്രൂപ്പ് അക്കൗണ്ടിൽ കെപിസിസി ജനറൽ സെക്രട്ടറിയായ വി എസ് ജോയി ഡി.സി.സി പ്രസിഡന്റാകാൻ അനിൽകുമാർ കെ.സി വേണുഗോപാൽ പക്ഷത്തേക്ക് മാറിയതിൽ കടുത്ത പ്രതിഷേധത്തിലാണ് ജില്ലയിലെ എ ഗ്രൂപ്പ് നേതൃത്വം. മലപ്പുറത്ത് എ ഗ്രൂപ്പ് ഇടഞ്ഞാൽ ഡി.സി.സി പ്രവർത്തനം അവതാളത്തിലാകും.

16 നിയോജകമണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ മലപ്പുറത്തെ കോൺഗ്രസിലെ രാഷ്ട്രീയ മാറ്റം സസൂക്ഷ്മമാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.മുൻ കോൺഗ്രസ് നേതാക്കളായ വി. അബ്ദുറഹിമാനെയും പി.വി അൻവറിനെയും എംഎ‍ൽഎമാരാക്കുകയും അബ്ദുറഹിമാനെ മന്ത്രിയാക്കുകയും ചെയ്ത രാഷ്ട്രീയ തന്ത്രമാണ് സിപിഎം പയറ്റിയത്. 1980തിൽ എ.കെ ആന്റണിക്കൊപ്പം ഇടതുപക്ഷത്തെത്തിയ ആര്യാടൻ മുഹമ്മദിനെ ഇ.കെ നായനാർ മ്ത്രിസഭയിൽ തൊഴിൽ വനം മന്ത്രിയാക്കുകയും നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു സിപിഎം.