ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഡിഎംകെ നേതാവും തമിഴ് സിനിമാ നിർമ്മാതാവുമായ ജയമുരുകന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജയമുരുകന്റെ രണ്ട് സ്ഥാപനങ്ങളിലും വസതിയിലുമാണ് റെയ്ഡ്.

കഴിഞ്ഞ ദിവസം എം കെ സ്റ്റാലിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടന്നത്. മരുമകൻ ശബരിശന്റെ സ്ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലായിട്ടായിരുന്നു പരിശോധന.ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു. പരിശോധന 12 മണിക്കൂർ നീണ്ടുനിന്നു.

ശബരീശന്റെ വസതിയിൽ നിന്ന് 1,36,000 രൂപയും പിടിച്ചെടുത്തു.സ്ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ ആദായ നികുതി പിടിച്ചെടുത്തിട്ടുണ്ട്.എന്നാൽ കൃത്യമായ രേഖകൾ ഹാജരാക്കിയതോടെ ഈ തുക തിരികെ നൽകുകയായിരുന്നു. സ്റ്റാലിന്റെ മകളുടെ സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച രേഖകൾ വിശദമായി പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

അതേസമയം ചെന്നൈയിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന പരിശോധന ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. നിരന്തരമായി നടക്കുന്ന ഇത്തരം പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാണ്. ആദായ നികുതി റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് നീക്കമെന്നാണ് ഡിഎംകെ പ്രതികരണം. റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. ഇത്തരം നീക്കം വിലപ്പോവില്ലെന്നും ഡിഎംകെ പ്രതികരിച്ചു.