പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ 47 ഡോക്ടർമാരെ അടിയന്തിരമായി കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിക്കൊണ്ട് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. കോന്നി മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് എത്തുന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ കണ്ണിൽ പൊടിയിടാനുള്ള ഈ നീക്കം തിരിച്ചറിയാതെ, ജനറൽ ആശുപത്രി പ്രവർത്തനം നിലയ്ക്കുമെന്ന് പത്രവാർത്ത. ആരോഗ്യമന്ത്രിക്കെതിരേ ഒരു അവസരം നോക്കിയിരുന്ന സിപിഎമ്മിലെ പ്രബല വിഭാഗത്തിന് പത്രവാർത്ത എരിതീയിൽ എണ്ണയായി.

വീണാ ജോർജിനെതിരേ സിപിഎമ്മിലും മണ്ഡലത്തിലും പ്രതിഷേധം അലയടിക്കുന്നു. അടിയന്തിര സാഹചര്യം ചർച്ച ചെയ്യുന്നതി ആശുപത്രി മാനേജ്മെന്റ് കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്. ഏഴുവർഷം മുൻപ് മന്ത്രിയായിരുന്ന അടൂർ പ്രകാശിന് നേരിടേണ്ടി വന്ന അതേ ദുര്യോഗമാണ് ഇവിടെ വീണയെയും തേടിയെത്തിയിരിക്കുന്നത്.
കോന്നി മെഡിക്കൽ കോളജിൽ ക്ലാസ് തുടങ്ങുന്നത് സംബന്ധിച്ച അനുവാദം നൽകുന്നതിനായി പരിശോധനയ്ക്ക് വരുന്ന നാഷണൽ മെഡിക്കൽ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് സ്ഥലം മാറ്റ നാടകം.

ഉത്തരവിൽ പറയുന്ന ഒരു ഡോക്ടർക്കും കോന്നി മെഡിക്കൽ കോളജിലേക്ക് പോകേണ്ടി വരില്ല എന്നുള്ളതാണ് വാസ്തവം. കോന്നി മെഡിക്കൽ കോളജിന്റെ അടിസ്ഥാന ആശുപത്രിയായി പത്തനംതിട്ട ജനറൽ ആശുപത്രി ചൂണ്ടിക്കാണിക്കുകയും ഇവിടെയുള്ളത് കോന്നി മെഡിക്കൽ കോളജിലേക്ക് നിയോഗിച്ച ഡോക്ടർമാരാണെന്ന് വരുത്തുകയുമാണ് ലക്ഷ്യം. ഇതേ അടവ് പ്രയോഗിച്ചാണ് ഇടുക്കി മെഡിക്കൽ കോളജിന് മുൻപ് അംഗീകാരം വാങ്ങിയത്. ആദ്യം കമ്മിഷൻ അംഗീകരിച്ചുവെങ്കിലും തട്ടിപ്പ് വ്യക്തമായപ്പോൾ അത് റദ്ദാക്കി.

കോന്നി മെഡിക്കൽ കോളജ് കൊണ്ടു വരാൻ അഹോരാത്രം പരിശ്രമിച്ച മുന്മന്ത്രി അടൂർ പ്രകാശ് ഏഴു വർഷം മുൻപ് ഇതേ പണി കാണിച്ചിരുന്നു. അന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ബോർഡ് മാറ്റി കോന്നി മെഡിക്കൽ കോളജ് എന്നാക്കാനായിരുന്നു ശ്രമം. മെഡിക്കൽ കോളജിന്റെ ബേസ് ഹോസ്പിറ്റൽ എന്ന പേരിൽ അനുമതി വാങ്ങി ഇവിടെ ക്ലാസ് തുടങ്ങാനായിരുന്നു നീക്കം. എന്നാൽ അന്ന് ആറന്മുള എംഎൽഎയും സ്വന്തം പാർട്ടിക്കാരനുമായ കെ. ശിവദാസൻ നായർ പണി കൊടുത്തു. ശിവദാസൻ നായരുടെ നേതൃത്വത്തിൽ സമരം തുടങ്ങിയതോടെ കോന്നി മെഡിക്കൽ കോളജ് പത്തനംതിട്ടയിൽ തുടങ്ങാനുള്ള നീക്കം പാളി.

അന്ന് ജനറൽ ആശുപത്രി കൈയേറാൻ നോക്കിയത് കോന്നി എംഎൽഎയായിരുന്നുവെങ്കിൽ ഇന്നത് സ്വന്തം എംഎൽഎയും ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയും കൂടിയായ വീണാ ജോർജാണ്. മന്ത്രിയും ജില്ലയിലെയും പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെയും സിപിഎം നേതൃത്വവുമായി അത്ര സ്വരചേർച്ചയിൽ അല്ല. പ്രത്യേകിച്ചും പത്തനംതിട്ട നഗരസഭാ ചെയർമാനുമായി. ജനറൽ ആശുപത്രിയുടെ കസേ്റ്റോഡിയൻ നഗരസഭയാണ്. ആ സ്ഥിതിക്ക് ഇപ്പോഴത്തെ ഈ സ്ഥലം മാറ്റം ഉത്തരവിൽ പ്രത്യേകിച്ച് കാര്യമില്ലെങ്കിലും സിപിഎമ്മുകാരനായ ചെയർമാനും കൂട്ടർക്കും പ്രതിഷേധിക്കേണ്ടി വരും.

സ്വാഭാവികമായും പ്രതിഷേധം സ്വന്തം മന്ത്രിക്ക് എതിരേയുമാകും. മന്ത്രിയും പത്തനംതിട്ടയിലെ പാർട്ടിയും ഒറ്റക്കെട്ടാണെന്ന് പ്രസ്താവന ഇറക്കിയ സിപിഎം ജില്ലാ സെക്രട്ടറി വെട്ടിലുമാകും. ഒരു ഡോക്ടറെയും ജനറൽ ആശുപത്രിയിൽ നിന്ന് മാറ്റിയിട്ടില്ല എന്നതാണ് യാഥാർഥ്യം. ട്രാൻസ്ഫർ ഉത്തരവിന് അത് പ്രിന്റ് ചെയ്ത കടലാസിന്റെ പോലും വിലയില്ല. ഈ ഉത്തരവിൽ പറയുന്നവരെല്ലാം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തുടരുകയും ചെയ്യും. ഫലത്തിൽ സ്വന്തം പാർട്ടിക്കാരിൽ നിന്ന് വീണയ്ക്ക് എതിർപ്പ് നേരിടേണ്ടി വരുമെന്നല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നുമില്ല.