കണ്ണൂർ: കർണാടക സ്വദേശിനിയായ യുവതിക്കും രണ്ടു പെൺകുട്ടികൾക്കും കണ്ണൂർ ജില്ലയിൽ കൊടും പീഡനമെന്ന് പരാതി. പലതവണ പരാതി നൽകിയിട്ടും പൊലിസ് ഈ വിഷയത്തിൽ നടപടി സ്വീകരിക്കാത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി യുവതിയും മക്കളും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തി. രാഷ്ട്രീയ സ്വാധീനം കാരണമാണ് ക്രൂരമായ ഗാർഹിക പീഡനം നടന്നിട്ടും പൊലിസ് കേസെടുക്കാതെ പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.തിങ്കളാഴ്‌ച്ച രാവിലെയാണ് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ഭർത്താവിന്റെ ഒത്താശയോടെ ഭർതൃവീട്ടുകാർ തന്നെ ക്രൂരമായി മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ പൊലിസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് കർണാടക ഉഡുപ്പി സ്വദേശിനിയായ യുവതിയും രണ്ട് പെൺമക്കളും കണ്ണുർ കലക്ടറേറ്റിനു മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു.
ഉഡുപ്പിക്കടുത്തെ കർക്കാള സ്വദേശിനി കാവേരിയാണ് (30) തന്റെ 16, 14 വയസുള്ള പെൺമക്കളുമായി നീതി നേടി കലക്ടറേറ്റിന് മുൻപിലെത്തിയത്.

ഇവരുടെ ഭർത്താവ് ശശികുമാർ നേരത്തെ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു ഇതിനു ശേഷം കണ്ണുർ ജില്ലയിലെ ഉളിക്കൽ പഞ്ചായത്തിലെ പാറപ്പുറത്തുള്ള ചലോടൻ കണ്ടി ശശിയുടെ മകൻ ശ്രീ ന ന്ത് എന്നയാൾ വിവാഹം കഴിച്ചു. തന്നെയും കുട്ടികളെയും സംരക്ഷിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഇരുവരും തമ്മിൽ വിവാഹിതരായത്.

തില്ലങ്കേരി പഞ്ചായത്ത് ഓഫിസിൽ നടന്ന രജിസ്ട്രർ വിവാഹത്തിനു ശേഷം കാവേരിയും മക്കളും ഭർതൃവീട്ടിൽ താമസമാരംഭിച്ചു. കുടുംബകലഹമുണ്ടായതിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് ശേഷം താനും ഭർത്താവും മക്കളും ഉളിക്കലിൽ തന്നെയുള്ള വാടക വീട്ടിലേക്ക് താമസം മാറി. ഈ കാലയളവിൽ തന്റെയും പെൺകുട്ടികളുടെയും ദേഹത്തുണ്ടായിരുന്ന ഏഴര പവൻ സ്വർണാഭരണവും തന്റെ ആദ്യ ഭർത്താവ് ശശികുമാറിന്റെ അപകട മരണത്തെ തുടർന്ന് ലഭിച്ച 25 ലക്ഷം രൂപയിൽ നിന്നും 12 ലക്ഷം രൂപയും ഭർത്താവും മാതാപിതാക്കളും ചേർന്ന് കൈക്കലാക്കിയെന്നും കാവേരി ആരോപിച്ചു.

കഴിഞ്ഞ കുറെ നാളുകളായി ഭർത്താവിനെ കാണാനില്ല തന്നിൽ നിന്നും അകറ്റാനായി പിതാവ് ശശിയും കുടുംബവും ഒളിപ്പിക്കുകയായിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഇരിട്ടി ഡി.വൈ.എസ്‌പിക്കും ഉളിക്കൽ പൊലിസിനും പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് കുടുംബം പട്ടിണിയിലായി 'വാടക വീട്ടിൽ നിന്നും ഇറക്കി വിടുന്ന അവസ്ഥയുണ്ടായി.ഇതിനാൽ കഴിഞ്ഞ ഒൻപതാം തീയ്യതി താനും ഇളയ മകളും രാവിലെ പത്തു മണിക്ക് ശ്രീ നന്ദിന്റെ വീട്ടിലേക്ക് പോവുകയും അവിടെ വെച്ച് ഭർത്താവിന്റെ പിതാവും അമ്മയും സഹോദരനും മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും വലിച്ചിഴച്ചു വീടിന് മുൻപിലുള്ള റോഡിലേക്ക് തള്ളുകയും ചെയ്തു.

ഇതിനു ശേഷം അവിടെ ഏറെ കുത്തിയിരുന്ന തന്നെയും മകളെയും വിവരമറിഞ്ഞെത്തിയ ഉളിക്കൽ പൊലിസെത്തി വിഷയത്തിൽ ഇടപെടുകയും ചെയ്തു. എന്നാൽ ഭർതൃ വീട്ടുകാരോട് സംസാരിച്ച പൊലിസ് അവിടെ കയറ്റാൻ അവർ സന്നദ്ധമല്ലെന്നു അറിയിക്കുകയും കർണാടകയിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെടുകയുമായിരുന്നു ഇതിനു ശേഷം അവിടെ തന്നെ കുത്തിയിരുന്ന തന്നെ ഭർതൃ ബന്ധുക്കൾ മകളുടെ മുൻപിലിട്ട് ക്രൂരമായി തല്ലിച്ചതച്ചുവെന്ന് കാവേരി പറഞ്ഞു

ഒരു മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ ഉളിക്കൽ പൊലിസി നോട് അവശനിലയിലായ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ലെന്നും ഒരു ഓട്ടോറിക്ഷയിൽ കയറി ബസ്സ്റ്റാൻഡിൽ രാത്രി പത്തു മണിക്ക് ശേഷം തള്ളിവിട്ടുവെന്നാണ് കാവേരിയുടെ ആരോപണം. തന്നെയും മകളെയും അക്രമിച്ചവർക്കെതിരെ പൊലിസ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ കലക്ടറേറ്റിന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.