കൊച്ചി: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ചു കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ. ആദ്യം എഐസിസി തലപ്പത്ത് ശക്തനായ നേതാവ് വരണമെന്നും അത് പറയാതെ നിവർത്തിയില്ലെന്നും ഡൊമിനിക്ക് പ്രസന്റേഷൻ പ്രതികരിച്ചു. മോദിയുടെ പ്രതിച്ഛായ വലിയതോതിൽ ഇടിഞ്ഞ് നിൽക്കുന്ന സമയത്ത് പോലും കോൺഗ്രസിന് മുന്നിലേക്ക് വരാൻ കഴിയാത്തത് അധ്യക്ഷന്റെ അഭാവമാണെന്നും രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ മറ്റാരുടേയെങ്കിലും പേര് നിർദേശിക്കണമെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് ഹൈക്കമാന്റ് വിലയിരുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡൊമിനിക് പ്രസന്റേഷന്റെ പ്രതികരണം ഇങ്ങനെ:

'ആദ്യം നേതാവ് ഉണ്ടാവേണ്ടത് എഐസിസിക്കാണ്. സോണിയാ ജി താൽക്കാലിക പ്രസിഡണ്ടാണ്. ആദ്യം എഐസിസി തലപ്പത്ത് ഒരു ശക്തനായ നേതാവ് വേണം. ഇവിടെ അടിവരെ മാറണം. ഹൈക്കമാൻഡ് എന്ന് പറയുന്നത് സാങ്കൽപ്പികമല്ലേ. നേതാവ് വേണം. ഇത് പറയുമ്പോൾ എന്റെ പേരിൽ എന്താണ് നടപടി വരികയെന്ന് അറിയില്ല. പറയാതെ നിവർത്തിയില്ല. കോൺഗ്രസ് ഉയർന്നുവരണമെങ്കിൽ എഐസിസിക്ക് ഒരു ശക്തനായ നേതാവ് വേണം. സത്യങ്ങൾ പറയാതെ പറ്റുമോ. സോണിയാ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ കുറച്ച് കാണുകയല്ല. രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നില്ലെങ്കിൽ ആരെയെങ്കിലും അദ്ദേഹം നിർദേശിക്കണം. മോദി പരാജയപ്പെട്ട് നിൽക്കുന്ന സമയമാണ്. അപ്പോഴും കോൺഗ്രസിന് മുന്നേറാൻ കഴിയുന്നില്ല.

താഴെതട്ട് മുതൽ മാറ്റം വരണം. പരാജയകാരണങ്ങൾ ഓരോ തലത്തിലും നിന്ന് ആലോചിക്കണം. അമിത ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ അധികാരത്തിലെത്താം എന്ന് കരുതിയിരുന്നു. കോൺഗ്രസ് ജയിക്കുമെന്ന് കരുതിയ ഒരു 70 ഓളം സീറ്റുണ്ട്. അതിൽ 30 ഓളം പരാചയപ്പെട്ടു. ആ സാഹചര്യത്തിൽ തീർച്ചയായും വിലയിരുത്തൽ നടത്തണം.' ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.

പരാജയത്തിന് കാരണം അമിത ആത്മവിശ്വസമാണെന്നും ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കുമെന്ന് നേതൃത്വം പ്രതീക്ഷിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പരാജയം ഏറ്റു വാങ്ങിയപ്പോൾ പോലും എന്താണ് കാരണമെന്ന് നേതൃത്വത്തിന് വ്യക്തമായി മനസിലാക്കാൻ സാധിച്ചില്ലെന്നും വിലയിരുത്തി. എന്തിരുന്നാലും കോൺഗ്രസിന്റെ പരാജയം പഠിക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന നേതാവ് അശോക് ചവാനെയാണ് സമിതി അധ്യക്ഷനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖുർഷിദ്, മനീഷ് തീവാരി, വിൻസെന്റി എച്ച് പാല, എംപി ജോതിമണി എന്നിവരാണ് സമിതി അംഗങ്ങൾ.