വാഷിങ്ടൻ: 2020 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ആഴ്ചകൾക്കുള്ളിൽ വോട്ടിങ് യന്ത്രങ്ങൾ പിടിച്ചെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിട്ടതിന്റെ രേഖ പുറത്ത്. ജനവിധി അട്ടിമറിച്ച് അധികാരത്തിൽ തുടരാനായി, വോട്ടിങ് യന്ത്രങ്ങൾ പിടിച്ചെടുത്തു വിവരങ്ങൾ ശേഖരിക്കാൻ പ്രതിരോധ സെക്രട്ടറിക്കു നിർദ്ദേശം നൽകുന്നതിനായി തയാറാക്കിയ കരട് ഉത്തരവ് നാഷനൽ ആർക്കൈവ്‌സ് ആണു പുറത്തുവിട്ടത്.

ട്രംപ് അനുകൂലികൾ 2021 ജനുവരിയിൽ നടത്തിയ ക്യാപ്പിറ്റൾ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജനപ്രതിനിധി സഭ സിലക്ട് കമ്മിറ്റിക്കു നൽകിയ 750 രേഖകളിലാണ് ഈ ഉത്തരവും ഉൾപ്പെട്ടിട്ടുള്ളത്.യന്ത്രങ്ങൾ പിടിച്ചെടുത്താൽ ഉയരാവുന്ന ആരോപണങ്ങൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക അഭിഭാഷകനെ നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്.2020 ഡിസംബർ 16 ന് തയാറാക്കിയ കരടിൽ പക്ഷേ, ആരും ഒപ്പുവച്ചിട്ടില്ല.

തിരഞ്ഞെടുപ്പിലെ ട്രംപിന്റെ പരാജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അനുകൂലികൾ, യുഎസ് കോൺഗ്രസ് സമ്മേളിക്കുന്ന ക്യാപ്പിറ്റൾ ആക്രമിച്ചത്.തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നതാണ് പരാജയപ്പെടാൻ കാരണമെന്നു ട്രംപും അനുകൂലികളും നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ചൈനയും ക്യൂബയുടമക്കമുള്ള രാജ്യങ്ങളും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ട്രംപ് ആരോപിച്ചു.

ട്രംപിനു ഭരണത്തിൽ തുടരാൻ വഴിയൊരുക്കുന്നതിനുള്ള മാർഗങ്ങൾ തേടുന്ന പവർ പോയിന്റ് പ്രസന്റേഷൻ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. ഇന്നലെ പുറത്തുവന്ന ഉത്തരവിന്റെ കരടിന് അതുമായി സാമ്യമുണ്ട്.ജോർജിയ സംസ്ഥാനത്ത് ഉപയോഗിച്ച, ഡൊമിനിയൻ എന്ന കമ്പനി നിർമ്മിച്ച ടച്ച് സ്‌ക്രീൻ ബാലറ്റ് യന്ത്രങ്ങളുടെ കാര്യം ഉത്തരവിൽ എടുത്തു പറയുന്നുണ്ട്.

യന്ത്രത്തിലും അല്ലാതെയും ജോർജിയയിൽ നടത്തിയ പുനർ വോട്ടെണ്ണലിലും ജോ ബൈഡൻ ജയിച്ചതായാണു കണ്ടെത്തിയത്. എന്നാൽ, ഇവിടെ കൃത്രിമം നടന്നുവെന്ന വാദത്തിൽ ട്രംപ് ഉറച്ചുനിന്നു. ഡൊമിനിയൻ കമ്പനിയെ വിദേശ ശക്തികൾ നിയന്ത്രിക്കുന്നുവെന്നായിരുന്നു ആരോപണം.