തിരുവനന്തപുരം: ചിറയിൻകീഴിലെ ദുരഭിമാന മർദനക്കേസിൽ പിടിയിലായ പ്രതി ഡോ.ഡാനിഷുമായി പൊലീസ് തെളിവെടുപ്പു നടത്തി. ഇന്നലെ ഊട്ടിയിലെ റിസോർട്ടിൽ നിന്നുമാണ് ഡാനിഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. സഹോദരി പ്രണയിച്ചു വിവാഹം കഴിച്ച മിഥുനെ മർദിച്ച സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായാണ് സൂചന. പെട്ടെന്നു പ്രകോപനത്തിൽ മർദിച്ചതാണെന്ന് ഡാനിഷ് പൊലിസിനോടു പറഞ്ഞു.

മതംമാറാൻ കൂട്ടാക്കത്തതിനാണ് സഹോദരിയുടെ മുന്നിൽ വച്ചാണ് ഭർത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മർദ്ദിച്ചത്. മിഥുൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. സഹോദരി ദീപ്തിയുടെ ഭർത്താവായ മിഥുനെയാണ് ഞായറാഴ്ച ചിറയിൻകീഴിൽവെച്ച് ഡാനിഷ് ക്രൂരമായി മർദിച്ചത്. മിഥുൻ മതം മാറാൻ തയ്യാറാകാത്തതിനെതുടർന്നായിരുന്നു ക്രൂരമർദനം. സംഭവത്തിൽ പരാതി നൽകിയതോടെ ഡാനിഷ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസമാണ് ഊട്ടിയിൽനിന്ന് ഇയാളെ പിടികൂടിയത്.

സംഭവത്തിൽ വധശ്രമം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച നടന്ന തെളിവെടുപ്പിൽ മിഥുനെ ആക്രമിച്ചരീതിയും മറ്റും പ്രതി പൊലീസിനോട് വിശദീകരിച്ചു. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി തെളിവെടുപ്പിനെത്തിയത്. മിഥുന്റെ അമ്മ അംബിക നൽകിയ പരാതിയെ തുടർന്നാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തത്.

വഴിത്തിരിവായത് സി.സി.ടി.വി. ദൃശ്യം

മിഥുനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ഭാര്യ ദീപ്തിയാണ് പത്രസമ്മേളനത്തിൽ പരസ്യപ്പെടുത്തിയത്. ബീച്ച് റോഡിലെ ദീപ്തി കോട്ടേജെന്ന അവരുടെ കുടുംബവീട്ടിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. വീട്ടിലുള്ള എല്ലാപേരുടെയും മൊബൈൽ ഫോണുകളിൽ ക്യാമറാദൃശ്യങ്ങൾ ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നതിനാലാണ് ദീപ്തിക്ക് ദൃശ്യങ്ങൾ ലഭിച്ചത്. ദീപ്തിയെയും മിഥുനെയും ചിറയിൻകീഴിലെ പള്ളിയിൽ കൊണ്ടുപോയി മിഥുനെ മതം മാറ്റാൻ ഡാനിഷ് നിർബന്ധിച്ചിരുന്നു. ഇരുവരും വിസമ്മതിച്ചതിനെ തുടർന്ന് അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞാണ് ഇവരെ ഡാനിഷിന്റെ വീടിനു മുന്നിലെത്തിച്ചത്.

ചിറയിൻകീഴ്: ഇതരമതത്തിലുള്ളയാളെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ഭാര്യയുടെ സഹോദരനിൽ നിന്ന് മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന മിഥുൻ കൃഷ്ണന്റെ വീട് വനിതാ കമ്മിഷനംഗം ഷാഹിദാ കമാൽ സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ചിറയിൻകീഴ് ആനത്തലവട്ടം എം.എ. നിവാസിലെത്തിയാണ് ഷാഹിദാ കമാൽ മിഥുനിന്റെ ഭാര്യ ദീപ്തിയേയും അമ്മ അംബികയേയും ആശ്വസിപ്പിച്ചത്. ഏറെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ വനിതാ കമ്മിഷൻ കാണുന്നതെന്ന് ഷാഹിദാ കമാൽ പറഞ്ഞു. ഭർത്താവിനോട് മതം മാറണമെന്നാവശ്യപ്പെട്ടുവെന്ന് ദീപ്തി കമ്മിഷനോട് പരാതിയായി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും ദീപ്തി കമ്മിഷനെ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ലാറ്റിൻ കാത്തലിക് വിഭാഗത്തിൽപ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാർ വിഭാഗത്തിൽപ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബർ 29 ന് ബോണക്കാട് വച്ചായിരുന്നു വിവാഹം. എന്നാൽ ദീപ്തിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു.പള്ളിയിൽ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിർത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാൻ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മർദ്ദനം.

മിഥുനെ ആശുപത്രിയിലാക്കി പിറ്റേ ദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പൊലീസിന് നൽകുന്നത്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്ന് കേസെടുത്ത പൊലീസ് മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ തയ്യാറായില്ലെന്നു വിമർശനം ഉയർന്നിരുന്നു.