മയ്യിൽ: വികസന പ്രവർത്തനങ്ങളിലും ഫണ്ട് വിതരണത്തിലും വിവേചനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ നാറാത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങളെയും പഞ്ചായത്ത് അസി.സെക്രട്ടറിയെയും യു ഡി എഫ് ബന്ദിയാക്കിയത് സംഘർഷവും നാടകീയ രംഗങ്ങളും സൃഷ്ടിച്ചു.

നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ പദ്ധതി പ്രവർത്തനങ്ങളിലും, ദൈനദിന കാര്യങ്ങളിലും ഭരണ സമിതി യോഗങ്ങളിൽ ഉൾപ്പെടെ കാണിക്കുന്ന ഏകപക്ഷീയ ഏകാധിപത്യ നിലപാടുകളെ കുറിച്ചു നേരത്തെ തന്നെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ പ്രധാന പ്രവർത്തനങ്ങളായ പദ്ധതി രൂപീകരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ യു.ഡി.എഫ് പ്രതിനിധാനം ചെയ്യുന്ന വാർഡുകളെ അവഗണിക്കുന്നു. നാറാത്ത് പഞ്ചായത്തിന്റെ പുരോഗതിക്കാവശ്യമായ നിർദേശങ്ങളും അഭിപ്രായങ്ങളും രാഷ്ട്രീയ ചായ്‌വോടെ തള്ളികളയുകയും ചെയ്യുന്നത് പതിവാകുകയും ചെയ്തുവെന്നാണ് ഇവരുടെ ആരോപണം.

ഭരണ സമിതി തീരുമാനമില്ലാതെ മെമ്പർമാരെ അറിയിക്കാതെ പദ്ധതി നടത്തിപ്പിനെ ബാധിക്കുന്ന അനാവശ്യ ഇടപെടലുകൾ നടത്തുന്നതിൽ പ്രതിഷേധിച്ചു നാറാത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ല കലക്ടർ, ഡിഡിപി, എന്നിവർക്കും മുന്നേ പരാതി സമർപ്പിച്ചിരുന്നു.
പക്ഷേ ആ പരാതി ചർച്ച ചെയ്യാതെ പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയ നിലപാടുമായി മുന്നേറുന്നതിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് മെമ്പർമാർ യോഗ ഹാളിന് പുറത്ത് വച്ച് മീറ്റിംങ്ങ് ഹാൾ പൂട്ടിയിടുകയും ചെയ്തു.

നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,ഭരണ സമിതി അംഗങ്ങൾ, അസി.സെക്രട്ടറി ലീനാ ബാലൻ എന്നിവരെ മീറ്റിംങ് റൂമിൽ പൂട്ടിയിട്ട് യു.ഡി.എഫ് അംഗങ്ങൾ പുറത്തിരുന്ന് പ്രതിഷേധിച്ചു. അതേ സമയം യു.ഡി.എഫ്‌നേതാക്കൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് അണിനിരന്നു. അവസാനം മയ്യിൽ പൊലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി ബന്ദിയാക്കിയവരെ മോചിപ്പിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എൻ. മുസ്തഫ, മെമ്പർ മാ രായ സൈഫുദ്ദീൻ നാറാത്ത്, മുഹമ്മദ് അലി ആരാപ്പീടിക, കെ റഹ്മത്ത്, നിഷ, മിഹ്‌റാബി, മൈമൂനത്ത്, സൽമത്ത് കെ. വി എന്നിവർ സമരത്തിന് നേതൃത്വം നൽകി.യൂ ഡി എഫ് നേതാക്കളായ രജിത്ത് നാറാത്ത്, നികേത് നാറാത്ത്, അഷ്‌ക്കർ കണ്ണാടിപ്പറമ്പ്, ഷംസുദ്ദീൻ നാറാത്ത്, അസീബ് കണ്ണാടിപ്പറമ്പ് എന്നിവർ പഞ്ചായത്ത് ഓഫീസിലെത്തി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഇതിനിടെ, ജനാധിപത്യ സംവിധാനത്തിലെ സാമാന്യമായ സകല മര്യാദകളെയും അതിലംഘിച്ചു കൊണ്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നടത്തി കൊണ്ടിരിക്കുന്ന ധാർഷ്ട്യത്തോടെയുള്ള നിലപാടുകളുടെ ഫലമായാണ് യു.ഡി.എഫ്. അംഗങ്ങൾക്ക് ഭരണസമിതി യോഗം ബഹിഷ്‌കരിക്കേണ്ടി വന്നതെന്നും ഈ നില തുടർന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയും യു.ഡി.എഫ്. കൺവീനറുമായ അഡ്വ.അബ്ദുൽ കരീംചേലേരി വാർത്താ കുറിപ്പിൽ ആരോപിച്ചു.

പഞ്ചായത്തീരാജ് സംവിധാനത്തിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോയെന്ന വിവേചനമില്ലാതെ എല്ലാ മെമ്പർമാർക്കും അവരുടെ വാർഡുകളിലും തുല്യനീതി നടപ്പിലാക്കേണ്ടുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകപക്ഷീയമായ നിലപാടുകളും ധിക്കാരത്തോടെയുള്ള സമീപനങ്ങളുമാണ് കാര്യങ്ങൾ വഷളാക്കുന്നത്.

പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകൾക്ക് വികസന ഫണ്ടുകൾ അനുവദിക്കാത്തതിനെതിരായും വനിതാ മെമ്പർ മാരോടടക്കം മോശമായി പെരുമാറുന്നതിനെതിരായും പഞ്ചായത്തിലെ പൊതുവായ വികസന മുരടിപ്പിനെതിരായും കഴിഞ്ഞ ഒരു വർഷമായി യു.ഡി.എഫ്.സമരത്തിലാണ്. ഫലം കാണാതിരുന്നപ്പോൾ ബന്ധപ്പെട്ട അധികാരികൾക്കും അവർ പരാതി നൽകിയിരുന്നു.

എന്നാൽ വിഷയത്തിന്റെ ഒരു ഘട്ടത്തിലും യു.ഡി.എഫ്.മെമ്പർമാരുമായി ഒരു ക്രിയാത്മക ചർച്ചയും നടത്താതെ പിണറായിക്ക് പഠിച്ചു കൊണ്ട് ധാർഷ്ട്യത്തോടെ മുന്നോട്ട് പോകുകയാണ് പ്രസിഡന്റ് ഭരണപക്ഷമെമ്പർമാർ പോലും ഈ നിലപാടിൽ അസംതൃപ്തരാണ്. ധാർഷ്ട്യത്തോടെയും ഏകപക്ഷീയവുമായ നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തിയുള്ള വലിയ പ്രക്ഷോഭങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം കൊടുക്കുമെന്ന് കരീംചേലേരി വാർത്ത കുറിപ്പിൽ ആരോപിച്ചു.