തിരുവനന്തപുരം: പാക്കിസ്ഥാനിൽ നിന്നും ശ്രീലങ്കൻ മത്സ്യ ബന്ധന ബോട്ടിൽ 260 കിലോഗ്രാം ഹെറോയിൻ - ഹാഷിഷ് ഓയിലും നിരോധിത '' തുറയ്യ '' സാറ്റലൈറ്റ് ഫോണും എ കെ 47 മെഷീൻ തോക്കുകളും വെടിയുണ്ടകളും കേരളത്തിലേക്ക് കടത്തിയ കേസിൽ കൃത്യത്തിന് നേതൃത്വം നൽകിയ ഉന്നതരെ കണ്ടെത്താൻ ഒന്നും നാലും പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതി തേടി എൻ.ഐ.എ തലസ്ഥാനത്തെ ജില്ലാ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പ്രതികൾ റിവേഴ്‌സ് ക്വാറന്റയിനിലായതിനാൽ കസ്റ്റഡി അപേക്ഷ ജൂൺ 14 ന് പരിഗണിക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടെ ചാർജുള്ള ജഡ്ജി മിനി. എസ് . ദാസ് ഉത്തരവിട്ടു.

കപ്പൽ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തിയ കേസ് രാജ്യാന്തര മാനങ്ങളുള്ളതിനാലാണ് കേസ് കേരള പൊലീസിൽ നിന്ന് നാഷണൽ ഇൻവെസ്റ്റിഗേറ്റിങ് ഏജൻസി ഏറ്റെടുത്തത്. ചില പ്രതികൾക്ക് കോവിഡ് ഫലം പോസിറ്റീവായതിനാലാണ് കസ്റ്റഡി അപേക്ഷ നീണ്ടു പോയത്. എന്നാൽ ഇതിനിടെ മുഖ്യ പ്രതികളെ എൻ ഐ എ കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി. ഇവരിൽ നിന്ന് ലഭിച്ച വെളിപ്പെടുത്തൽ മൊഴികളിൽ വ്യക്തത വരുത്താനും കൂടുതൽ തെളിവ് ശേഖരണത്തിനും കൃത്യത്തിന് നേതൃത്വം കൊടുത്ത ഉന്നതരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനുമായാണ് എൻഐഎ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്.

കേരള വിഴിഞ്ഞം കോസ്റ്റ് ഗാർഡ് പൊലീസ് പിടിയിലായ ശ്രീലങ്കൻ പൗരന് കോസ്റ്റ് ഗാർഡ് പൊലീസ് കസ്റ്റഡിയിൽ മൂന്നാം മുറ പ്രയോഗിച്ചുള്ള കസ്റ്റഡി മർദനം ഏറ്റിരുന്നു.കോസ്റ്റ് ഗാർഡ് പട്രോളിങ് ബോട്ടിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസടുപ്പ് കത്തിച്ച് വറചട്ടിയിൽ മലർത്തിക്കിടത്തി ദേഹമാസകലം പൊള്ളിച്ചതായി ശ്രീലങ്കൻ പൗരനായ പ്രതി എൽ.വൈ. നന്ദന ജഡ്ജിക്ക് മൊഴി നൽകിയിരുന്നു. പൊള്ളൽ പരിക്കിന്റെ കാഠിന്യത്താൽ തനിക്ക് ഷർട്ട് ധരിക്കാൻ പറ്റുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടു.

സംഭവം സംബന്ധിച്ച പരാതിയിൽ കേസെടുക്കാൻ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ബിജു. കെ. മേനോൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിനോട് ഉത്തരവിട്ടു. പൂജപ്പുര ജില്ലാ ജയിലിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി പ്രതിയുടെ ജുഡീഷ്യൽ റിമാന്റ് 14 ദിവസത്തേക്ക് ദീർഘിപ്പിക്കവേയാണ് പ്രതി പരാതിപ്പെട്ടത്. പരാതി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 190 പ്രകാരം കോടതി രേഖപ്പെടുത്തിക്കൊണ്ടാണ് കേസെടുക്കാൻ സി.ജെ.എമ്മിനോട് ജില്ലാ കോടതി ഉത്തരവിട്ടത്.

ശ്രീലങ്കയിലെ മാഹുവാവെ , കാൻഡി സ്വദേശികളായ ടി. കുരാരെ (68) , ഡബ്‌ള്യു. ഫെർണാണ്ടോ (50), സി.ദേശപ്പിയ (48) , ഡബ്‌ള്യു. അരുൺകുമാർ (24) , സദരുവൻ (24) , ജയതിസ്സ എന്ന എൽ.വൈ. നന്ദന (30) എന്നിവരാണ് കേസിലെ പ്രതികൾ. അന്താരാഷ്ട്ര വിപണിയിൽ മുന്നൂറ് കോടി രൂപ വിലയുള്ള മയക്കുമരുന്ന് കടത്തിയെന്നാണ് കേസ്.

2021 മാർച്ച് 5 രാവിലെ 8.45 മണിയോടെയാണ് ശ്രീലങ്കൻ സംഘത്തെ വിഴിഞ്ഞം തീരസംരക്ഷണസേന പൊലീസ് പിടികൂടിയത്. ആകർഷദുവെ എന്ന ശ്രീലങ്കൻ ബോട്ടിൽ ലഹരിമരുന്നും സാറ്റലൈറ്റ് ഫോണും എ കെ 47 മെഷീൻ തോക്കുകളും തിരകളുമായി കേരള അതിർത്തി കടന്ന് വരവേ മിനിക്കോയിക്ക് സമീപം വച്ചാണ് 6 അംഗ ശലങ്കൻ സംഘം കോസ്റ്റ് ഗാർഡിന്റെ പിടിയിലായത്. അഞ്ചാം തീയതി രാവിലെയാണ് കോസ്റ്റ് ഗാർഡിന്റെ ഡോണിയർ വിമാനവും വരാഹ പട്രോൾ ബോട്ടും ചേർന്ന് സമുദ്രനിരീക്ഷണവും പട്രോളിംഗും നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ ഇന്ത്യൻ അതിർത്തിക്കകത്ത് കൂടി സഞ്ചരിക്കുന്ന മൂന്നു ബോട്ടുകൾ കണ്ടത്.

ഡോണിയർ വിമാനം ശ്രദ്ധയിൽ പെട്ട ആകർഷദുവെ ബോട്ടിന്റെ ക്യാപ്റ്റൻ തുറയ്യ സാറ്റലൈറ്റ് ഫോണുപയോഗിച്ച് ലഹരിക്കടത്തിന് ചുക്കാൻ പിടിച്ച് വിദേശത്ത് കഴിയുന്ന സഞ്ജയ് അണ എന്നയാളുമായി നടത്തിയ സംഭാഷണം പിടിച്ചെടുത്ത രഹസ്യാന്വേഷണ ഏജൻസികൾ വിഴിഞ്ഞം കോസ്റ്റ് ഗാർഡിന് വിവരം കൈമാറുകയായിരുന്നു. തുടരന്വേഷണം നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഏറ്റെടുത്തു.