ചെന്നൈ: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വിജയം സമ്മാനിച്ചത് സാമൂഹ്യ ക്ഷേമ പെൻഷനുകളും കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകളുമാണെന്നതാണ് പൊതുവേയുള്ള വിലയിരുത്തൽ. പാർട്ടി സംസ്ഥാന നേതൃത്വവും ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്നു. ഇത് തമിഴ്‌നാട് മോഡലാണെന്ന് പ്രതിപക്ഷം പറയുമ്പോഴും പിണറായി വിജയനെ കണ്ടു പഠിക്കുകയാണ് അവിടുത്തെ എഐഎഡിഎംകെ നേതാക്കളും. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൊണ്ടുവന്ന സൗജന്യങ്ങളുടെ മാതൃക തമിഴകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചു തയ്യാറാക്കിയിരിക്കയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി.

വിളവെടുപ്പ് ഉത്സവമായ പൊങ്കലിനു സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും 2500 രൂപയും ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകുമെന്നു എടപ്പാടി കെ.പളനിസ്വാമി പ്രഖ്യാപിച്ചു. 2021 ജനുവരി 4 മുതൽ ന്യായവില കടകളിലൂടെ പണവും പൊങ്കൽ ഗിഫ്റ്റ് ബാഗും വിതരണം ചെയ്യും. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിന് പ്രചോദനമായത് കേരളത്തിലെ സിപിഎമ്മിന്റെ വിജയവും.

വിവാഹങ്ങൾക്കും പുതിയ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിശേഷാവസരമായാണു തമിഴ് മാസമായ 'തായ്' ജനം കണക്കാക്കുന്നത്. പൊങ്കലും ഇതേ മാസത്തിലാണ്. ന്യായവില കടകളിലൂടെയുള്ള വിതരണത്തിനു മുൻപു ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ടോക്കണിലുണ്ടാകും. ഇതേ സമയത്ത് എത്തിയാൽ മതിയാകും.

റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ വീതം അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, ഒരു കരിമ്പ്, 8 ഗ്രാം ഏലയ്ക്ക എന്നിവ തുണിസഞ്ചിയിൽ നൽകുമെന്നും പളനിസ്വാമി പറഞ്ഞു. മുൻകാലത്തെപ്പോലെ ഒരു കഷണമല്ല മുഴുവൻ കരിമ്പും നൽകും. നിയമസഭ തിരഞ്ഞെടുപ്പിനായി അണ്ണാ ഡിഎംകെയുടെ പ്രചാരണത്തിനും മുഖ്യമന്ത്രി തുടക്കമിട്ടു. മുഖ്യമന്ത്രിയാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും ഇതു ദൈവികമാണെന്നും ജനങ്ങളെ സേവിക്കാനാണ് അവസരം ഉപയോഗിക്കുന്നതെന്നും പളനിസ്വാമി പറഞ്ഞു

കോവിഡും പ്രളയവും അടക്കമുള്ള ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന സർക്കാർ ജനങ്ങളെ പട്ടിണിയിൽ ആക്കാതെ കൊണ്ടുപോയി എന്നതു തന്നെയാണ് കേരളത്തിൽ സാധാരണക്കാരുടെ വോട്ടുകൾ ഇടതു മുന്നണിയിൽ ക്രമീകരിക്കാൻ ഇടയാക്കിയത്. എറണാകുളത്ത് ട്വന്റി ട്വന്റി വിജയവും വ്യക്തമാക്കുന്നതും ഇതു തന്നെയാണ്. റേഷൻ കട വഴി നൽകിയ കിറ്റും സമയബന്ധിതമായുള്ള ക്ഷേമപെൻഷൻ വിതരണവുമാണ് എൽഡിഎഫിനെ തദ്ദേശ തിരഞ്ഞെടുപ്പിൽ തുണച്ചതെങ്കിൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് പോകുക സർക്കാരിന് തന്നെയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴും ഇവ മുടക്കംകൂടാതെ കൊണ്ടുപോകാൻ കഴിഞ്ഞതു നേട്ടമായി മാറി. ധനമന്ത്രി തോമസ് ഐസക്കിന്റെ മിടുക്കിൽ പെൻഷനുകൾ മുടക്കം കൂടാതെ നൽകാനും സർക്കാറിന് സാധിച്ചു. ഇതെല്ലാമാണ് നേട്ടമായി മാറിയത്.

അരക്കോടി ജനങ്ങൾക്കു നൽകുന്ന സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷനുകൾ പടിപടിയായി വർധിപ്പിച്ച് 1400 രൂപയാക്കിയതും നേട്ടമായി. ഇത് 1500 രൂപയാക്കുമെന്നു പ്രകടനപത്രികയിൽ വാക്കു നൽകിയതും നേട്ടമായി. മൂന്നും നാലും മാസം കൂടുമ്പോൾ നൽകിയിരുന്ന പെൻഷൻ പ്രതിമാസം നൽകിയതും ഗുണം ചെയ്തു. ഈ പെൻഷൻ വിതരണം നിയമസഭാ തെരഞ്ഞെടുപ്പു വരെ തുടരാൻ തന്നെയാണ ഇടതു മുന്നണിയുടെ ലക്ഷ്യം.

അതേസമയം സംസ്ഥാന ഖജനാവിനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യത ഉണ്ടാക്കുന്നതാണെങ്കിലും ജനങ്ങളിലേക്ക് പണം എത്തിക്കാനും വിപണിയെ ഉണർത്താനും ഇതിലൂടെ സർക്കാറിന് സാധിക്കുന്നുണ്ട്. 710 കോടി രൂപയാണു പ്രതിമാസം ക്ഷേമ പെൻഷനു വേണ്ടത്. ഈ പണം 48% പേർക്കും വീട്ടിൽ എത്തിച്ചു നൽകുകയാണ്. ബാക്കിയുള്ളവർക്കു ബാങ്ക് വഴിയും. റേഷൻ കട വഴി എല്ലാ കുടുംബങ്ങൾക്കും കിറ്റ് നൽകാൻ ലോക്ഡൗൺ കാലത്താണു തീരുമാനിച്ചത്. ലോക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒൻപതിനം ഉൽപന്നങ്ങളടങ്ങിയ കിറ്റ് വലിയ ആശ്വാസമായി. 6 മാസമായി സർക്കാർ ഇതു നൽകുന്നു. 400 കോടിയാണു പ്രതിമാസച്ചെലവ്. പണം കണ്ടെത്തുന്നതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്.