മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി പരിശോധന നടത്തുന്നത്.

പോപ്പുലർ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘം പരിശോധിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്. ദേശീയ തലത്തിൽ അടക്കം പോപ്പുലർ ഫ്രണ്ട് ഏറെ വിവാദ സംഘടനയായി മാറിയ ഘട്ടത്തിലാണ് ഈ പരിശോധന നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

നേരത്തെ അഷ്റഫ് മൗലവിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ ഇ ഡി ചോദിച്ചറിഞ്ഞിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസി അഷ്റഫ് മൗലവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നു എന്നാരോപിച്ചു പോപ്പുലർ ഫ്രണ്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ,ആഭ്യന്തര മന്ത്രി അമിത് ഷാക്കും സൂഫി കൗൺസിൽ അടുത്തിടെ കത്തു നൽകിയിരുന്നു.

പോപ്പുലർ ഫ്രണ്ടിന് മറ്റ് ഭീകരവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ജിഹാദ് നടപ്പാക്കുന്നതിന് മുസ്ലിം യുവാക്കളെ സജ്ജമാക്കുന്നതിന് 'സ്‌കൂളുകൾ' നടത്തുന്നുണ്ടെന്നും സൂഫി ഇസ്ലാമിക് ബോർഡ് വ്യക്തമാക്കി.തീവ്രവാദികൾ ജിഹാദിൽ മരിക്കുകയും സ്വർഗ്ഗത്തിൽ പോകുമ്പോൾ അവർക്ക് 72 ഹൂറികളെ പ്രതിഫലമായി ലഭിക്കുകയും ചെയ്യുമെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഐഎസ്, അൽ-ഖ്വയ്ദ, ബോക്കോ ഹറാം തുടങ്ങിയ തീവ്രവാദ സംഘടനകളും ഈ വിശ്വാസം ഉപയോഗിച്ച് യുവാക്കളെ ആകർഷിക്കുന്നുണ്ടെന്നും കൗൺസിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ യുപി സർക്കാർ സുപ്രീം കോടതിയിൽ. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്നും 2018 ൽ പ്രവർത്തനം അവസാനിപ്പിച്ച പത്രത്തിന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് സിദ്ദിഖ് മാധ്യമപ്രവർത്തകനെന്ന വ്യാജേനെ ഹാഥ്റസിൽ പോയതെന്നും യുപി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന.

കലാപമുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെയാണ് സിദ്ദിഖ് ഹാഥ്റസിലേക്ക് മറ്റുള്ളവർക്കൊപ്പം പോയതെന്നും യുപി സർക്കാർ പറഞ്ഞു. സിദ്ദിഖിനൊപ്പം താമസിക്കുന്ന യുവാവും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട പ്രവർത്തകനാണെന്നും സിദ്ദിഖിൽനിന്ന് പിടിച്ചെടുത്ത സാധനങ്ങൾ അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തരത്തിലുള്ളതാണെന്നും യുപി സർക്കാർ നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞു. സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയെ യുപി സർക്കാർ ശക്തമായി എതിർത്തു.