കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്യുന്നത് തുടരുമ്പോൾ അദ്ദേഹത്തിനെതിരെ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് സൂചന. ഇന്ന് വീണ്ടും രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. രാവിലെ ഹാജരാകാനാണ് രവീന്ദ്രനോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. സ്വപ്നയെ ചോദ്യം ചെയ്തതിൽ നിന്നും രവീന്ദ്രനെതിരേ ഇ.ഡി.ക്ക് പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

എം. ശിവശങ്കറിനു പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് സി.എം. രവീന്ദ്രൻ വിളിക്കാറുണ്ടായിരുന്നെന്നും വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ഇതുതന്നെ സ്വപ്ന ആവർത്തിക്കുകയായിരുന്നു.

നേരത്തെ സി.എം രവീന്ദ്രന്റെ വിദേശയാത്രകൾ, സ്വർണക്കടത്തിലും ബിനാമി ഇടപെടലുകളിലും അദ്ദേഹത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞതെന്നാണ് പുറത്തുവരുന്ന വിവരം. വിദേശയാത്രകളുടെ രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ രേഖകളൊന്നും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കൂടുതൽ സമയം ഇടവേളകൾ നൽകിയാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ഇ.ഡി. ചോദ്യം ചെയ്യുമ്പോൾ അതിന്റെ ദൈർഘ്യം പരിമിതപ്പെടുത്താൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് സി.എം. രവീന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്നാണ് എൻഫോഴ്സ്മെന്റിന്റെ വിലയിരുത്തൽ. സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ-ശിവശങ്കർ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സി.എം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സംശയം. ഇതേത്തുടർന്ന് ബിനാമി ഇടപാട് സംശയിക്കുന്ന വടകരയിലെ സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തുന്നു.

സർക്കാർ പദ്ധതികളിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്നും ശിവശങ്കർ ഇടപാടുകളിലെ ഗുണഭോക്താക്കളിൽ ഒരാൾ മാത്രമാണെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. പദ്ധതികളിൽ സി.എം.രവീന്ദ്രൻ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന ശിവശങ്കറുടെ ടീമിന്റെ പങ്കിനെപ്പറ്റിയാണ് ഇ.ഡി അന്വേഷിക്കുന്നത്. രവീന്ദ്രനെയും ശിവശങ്കറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള അവസരം കൂടി ഇഡി തേടുന്നുണ്ട്. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താൽ പല കാര്യങ്ങളും വെളിവാകുമെന്ന് അന്വേഷണ സംഘം കരുതിയിരുന്നു. പൊതുവേ ചോദ്യം ചെയ്യലുകളോട് സഹകരിക്കാത്ത ആളാണ് ശിവശങ്കർ.