തിരൂർ: ജനവിധി അറിയാൻ കാത്തുനിൽക്കാതെ തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയും തലക്കാട് സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ ഇരഞ്ഞിക്കൽ സഹീറ ബാനു വിടവാങ്ങി.50 വയസ്സായിരുന്നു.തലക്കാട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡ് പാറശ്ശേരി വെസ്റ്റിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു സഹീറ ബാനു കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഇവർക്ക് പരിക്കേൽക്കുന്നത്. സഹോദരന്റെ മകനുമൊത്ത് ബാങ്കിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റത്.ചൊവ്വാഴ്ച ഉച്ചക്ക് 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിനു മുമ്പുവരെ സജീവമായി പ്രചരണത്തിലുണ്ടായിരുന്ന സഹീറ ബാനു പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോൾ, ഒരു നാടു മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിന്നു. എന്നാൽ, ജനവിധി എത്തുന്നതിനു മുന്നെ വിധിക്ക് കീഴ്‌പ്പെടുകയായിരുന്നു.

സിപിഎം നേതാവും മഹിളാ അസോസിയേഷൻ ഭാരവാഹിയുമായിരുന്ന സഹീറ ജനകീയ നേതാവായിരുന്നു. 2000 ലും 2010ലു പഞ്ചായത്ത് മെമ്പറായിരുന്ന ഇവർ കഴിഞ്ഞ തവണ പൂക്കൈതയിലെ യു.ഡി.എഫ് ശക്തികേന്ദ്രത്തിൽ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാർഡായ പാറശ്ശേരി വെസ്റ്റിലാണ് മത്സരിച്ചത്. നാട്ടുകാരുടെ എത് വിഷയത്തിലും ഇടപ്പെട്ട് പരിഹാരം കണ്ടിരുന്ന ഈ ജന നേതാവ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നു. ഇത്തവണയും വൻ വിജയം പ്രതീക്ഷിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്.മൃതദേഹം കോവിഡ് പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

 

തൈവളപ്പിൽ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭർത്താവ്.മക്കൾ: മുഹമ്മദ് ബഷീർ, അഹമ്മദ് ഖാനം, , റുബീന. മരുമകൻ ഷഫ്‌നീദ് .