മണ്ണാർക്കാട്: പൈനാപ്പിളിൽ ഒളിപ്പിച്ച ബോംബ് വായിലിരുന്നു പൊട്ടിത്തെറിച്ച്, ദിവസങ്ങളോളം നരകയാതനയിൽ നിന്ന ഗർഭിണിയായ ആനയെ ചെരിഞ്ഞ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുന്നതെന്ന് ആരോപണം ശക്തം. സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികൾ ഒളിവിലാണെന്നാണ് വനം വകുപ്പ് അധികൃതർ വെളിപ്പെടുത്തുന്നത്. ഇതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നു മാണ് ലീഗൽ ഫോഴ്‌സ് ജനറൽ സെക്രട്ടറി ഏംഗൽസ് നായർ ആരോപിക്കുന്നത്.

ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ഈ ഹീനകൃത്യം നടത്തിയവരെ ഒരു വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ ശ്രമിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കാനുള്ള ശ്രമമാണ് അഴിമതിയിൽ കുളിച്ചു നിൽക്കുന്ന വനംവകുപ്പ് നടത്തുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണാർക്കാട് ഡിവിഷനിൽ വെള്ളിയാർ പുഴയിൽ കഴിഞ്ഞ വർഷം മെയ് 27 ന് ആയിരുന്നു കൊടും ചതിയിൽ ആേന ഹൃദയംപൊട്ടി മരിച്ചത്.

പ്രതികളായ എടത്താനാട്ടുകര തെക്കുംപുറത്ത് വീട്ടിൽ റിയാസിനെയും അയാളുടെ പിതാവ് അബ്ദുൾ കരീമിനെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച മണ്ണാർക്കാട് ഡിഎഫ്ഒ സുനിൽ കുമാറിന് ഐഎഫ്എസ് പദവി നൽകാൻ സംസ്ഥാന സർക്കാർ രണ്ടു തവണ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. വനം വകുപ്പുമായി ബന്ധപ്പെട്ടുള്ള നിരവധി അഴിമതികളിലും ഈ ഡിഎഫ്ഒയുടെ പേര് പറഞ്ഞുകേൾക്കുന്നുണ്ട്.

ആനയെ കൊന്ന സംഭവം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് അനിമൽ ലീഗൽ ഫോഴ്‌സ് വനം മന്ത്രി എ കെ ശശീന്ദ്രന് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ നടപടി ഉണ്ടാകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുന്നതാണെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിന് എതിരെയുള്ള പരാതികൾ തീർപ്പാക്കാൻ ഒരു ഓൺലൈൻ കോടതി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അനിമൽ ലീഗൽ ഫോഴ്‌സ് ഒരു പൊതു താൽപര്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

വനംവകുപ്പിന് നൽകുന്ന ഒരു പരാതിയിൽ പോലും നടപടി ഇല്ലാത്തതിനാൽ സംഘടനക്ക് എപ്പോഴും ഹൈക്കോടതിയെ സമീപിക്കേണ്ടിവരുന്നു എന്ന കാരണം ഉയർത്തിയാണ് സംഘടന പ്രത്യേക വെർച്വൽ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഓൺലൈൻ കോടതി നിലവിൽ വന്നാൽ അഴിമതിക്കാരായ വനം വകുപ്പ് ജോലിക്കാരെ മുട്ടുകുത്തിക്കാനാവുന്നാണ് പ്രതീക്ഷ. ഏംഗൽസ് നായർ കൂട്ടിച്ചേർത്തു.