മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 65 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. അജിത് പവാറിന്റെയും ഭാര്യയുടെയും പേരിലുള്ള പഞ്ചസാര ഫാക്ടറി അടക്കമുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്.

മുംബൈ പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തിയത്.

സത്താറയിലെ ജരന്ധേശ്വർ സഹകാരി ഷുഗർ മിൽ ആണ് ഇ.ഡി കണ്ടുകെട്ടിയത്. ഭൂമി, കെട്ടിടങ്ങൾ, പ്ലാന്റ്, യന്ത്രസാമഗ്രികൾ എന്നിവ ഉൾപ്പെടെ 65.75 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അജിത് പവാർ പ്രതികരിച്ചു. പഞ്ചസാര ഫാക്ടറി ഇ.ഡി കണ്ടുകെട്ടിയതായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 2010ൽ നടത്തിയ ലേലത്തിൽ, നിബന്ധനകൾ പാലിക്കാതെയും വിപണവിലയിലും കുറഞ്ഞ തുകയ്ക്കുമാണ് ജരന്ധേശ്വർ സഹകാരി ഷുഗർ മിൽ വിൽപന നടത്തിയതെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഇക്കാലത്ത് അജിത് പവാർ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. അജിത് പവാറിനു വേണ്ടിയാണ് ലേലത്തിൽ തിരിമറി നടത്തിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.