ഈരാറ്റുപേട്ട: എസ്ഡിപിഐയെ എതിർക്കുന്നവർ എന്നു പറയുകയും അതേസമയം തന്നെ അവരുമായി അധികാരബന്ധവും പുലർത്തുന്നവരാണ് സിപിഎമ്മുകാർ. പത്തനംതിട്ടയിൽ അടക്കം ഈ ശൈലി പാർട്ടി പരിശോധിച്ചു. എന്നാൽ, ഇതിൽ എതിർപ്പുമായി രംഗത്തുവന്ന ബ്രാഞ്ച് സെക്രട്ടറിക്ക് അടക്കം സസ്‌പെൻഷൻ നൽകുകയാണ് സിപിഎം ചെയ്തത്. ഇതോടെ അഭിമന്യു വിഷയം അടക്കം വീണ്ടും സൈബർ ഇടത്തിൽ ചർച്ചയായി.

താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ വി.ആർ.ജോൺസണെ ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. എസ്ഡിപിഐ സംഖ്യത്തെ എതിർത്തു എന്ന കാരണംമായിരുന്നു ഇതിന് പിന്നിൽ. സംസ്ഥാന കമ്മിറ്റിയംഗം ആർ.ഉണ്ണിക്കൃഷ്ണപിള്ള, ജില്ലാ കമ്മിറ്റിയംഗം ടി.സക്കീർ ഹുസൈൻ, ഏരിയ കമ്മിറ്റിയംഗം കെ.അനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

താഴെ തട്ടിലെ നടപടി ആണെങ്കിലും ഈ വിഷയം വീണ്ടും സജീവ ചർച്ചയായതോടെ സൈബർ ഇടത്തി അഭിമന്യുവായി താരം. അഭിമന്യുവിനെ കുറിച്ചുള്ള ചർച്ചകൽ വീണ്ടും എത്തിയതോടെ സിപിഎം ശരിക്കും പ്രതിസന്ധിയിലുമായി. എസ്ഡിപിഐ സംഖ്യം പാടില്ലെന്ന നിലപാടിനെ പിന്തുണച്ചതിന്റെ പേരിലാണ് ജോൺസനെതിരെ നടപടി വന്നിരിക്കുന്നത്. തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുക എന്ന സാങ്കേതികത മാത്രമാണ് ഇനി ബാക്കി.

എസ്ഡിപിഐയുമായി ചേർന്നു നഗരസഭയിൽ ഭരണം പിടിക്കാൻ സിപിഎം ശ്രമം തുടങ്ങിയപ്പോൾ മുതൽ ജോൺസൺ എതിർത്തിരുന്നു. പാർട്ടി നയത്തിനു വിരുദ്ധമായ നീക്കം നഗരസഭയിൽ നടക്കുന്നെന്ന ആരോപണം സിപിഎം വേദികളിലും സാമൂഹിക മാധ്യമങ്ങളിലും ജോൺസൺ ഉന്നയിച്ചു. ഇതിനെതിരെ എസ്ഡിപിഐയും രംഗത്തു വന്നിരുന്നു. വിഷയത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിൽ ജോൺസൺ തെറ്റുകാരനെന്ന് കണ്ടെത്തി. പാർട്ടി സമ്മേളനങ്ങൾക്കു ശേഷം നടപടിയാകാം എന്നായിരുന്നു തീരുമാനം.

എന്നാൽ, ജോൺസൺ അംഗമായ ടൗൺ നോർത്ത് ബ്രാഞ്ച് സമ്മേളനം വിഭാഗീയതയുടെ പേരിൽ നിർത്തി വയ്‌ക്കേണ്ട സാഹചര്യം വന്നതോടെയാണ് അടിയന്തര നടപടിയിലേക്കു പാർട്ടി കടന്നത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് സ്വന്തം നോമിനിയെ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു സമ്മേളന പ്രതിനിധികളെ ജോൺസൺ ഫോൺ വിളിച്ചെന്നാണ് സസ്‌പെൻഷനു കാരണമായ കുറ്റം.

ജോൺസന്റെ സംഭാഷണം ഉൾപ്പെടുന്ന ശബ്ദരേഖയുമായി മറുപക്ഷം രംഗത്തെത്തിയതോടെയാണ് സമ്മേളനം നിർത്തിയത്. അതേ സമയം, സസ്‌പെൻഷൻ സംബന്ധിച്ച അറിയിപ്പ് തനിക്കു ലഭിച്ചില്ലെന്നും പുറത്താക്കിയാലും അവസാന നിമിഷം വരെ സിപിഎമ്മിൽ ഉണ്ടാകുമെന്നും ജോൺസൺ പറഞ്ഞു. പാർട്ടിയിൽനിന്ന് പുറത്താക്കാത്തതിനാൽ നഗരസഭാംഗം എന്ന നിലയിൽ ജോൺസനു വിപ് ബാധകമാകും. നടപടിയുടെ പേരിൽ തൽക്കാലം നഗര ഭരണം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.

ഈരാറ്റുപേട്ടയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മത്സരിക്കില്ല

അതേസമയം ഈരാറ്റുപേട്ട നഗരസഭയിലെ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മത്സരിക്കില്ലെന്നാണ് തീരുമാനം. ഇന്നലെ ചേർന്ന എൽഡിഎഫ് പാർലിമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സ്വന്തം നിലയിൽ ഭരിക്കാൻ സാധിക്കാത്തതിനാലാണ് വിട്ട്‌നിൽകുന്നതെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. യുഡിഎഫ് ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദറിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എസ് ഡി പിഐ പിന്തുണച്ചതിനെ തുടർന്ന് പാസായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു.

28 അംഗ നഗരസഭയിൽ 15 പേരും എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുകയായിരുന്നു. കോൺഗ്രസ് വിട്ടു വന്ന ഒരംഗവും എസ്.ഡി.പി.ഐ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കോൺഗ്രസ് കൗൺസിലർ അൻസലന പരീക്കുട്ടി യു.ഡി.എഫ് വിട്ടതോടെ അംഗസംഖ്യ 13 ആയി കുറഞ്ഞിരുന്നു. എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളും എസ്.ഡി.പി.ഐക്ക് അഞ്ച് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കോൺഗ്രസിലെ ഒരംഗത്തിന്റെ പിന്തുണ ലഭിച്ചതോടെ പ്രതിപക്ഷ നിരയിൽ 15 അംഗങ്ങളായി. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.

എന്നാൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്ക് പുറത്ത് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് സിപിഎം വിശദീകരിച്ചിരുന്നു. പാർട്ടി നിലപാടിന് വിരുദ്ധമായി യാതൊരു തീരുമാനവും ഈരാറ്റുപേട്ടയിൽ എടുക്കില്ലെന്നും സിപിഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു. തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇതോടെ യുഡിഎഫിന്റെ സാധ്യത കൂടുകയാണ്.

എസ്ഡിപിഐ സിപിഎം ബന്ധം എന്ന ആക്ഷേപമാണ് സിപിഎം ഉൾപ്പെടെയുള്ള ഇടത് കക്ഷികൾ ചെയർമാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്താൻ കാരണം. ഇത്തവണ വീണ്ടും മത്സരിക്കുമ്പോൾ എസ്ഡിപിഐ പിന്തുണച്ചാൽ ആരോപണങ്ങൾ ഉയർന്നു വരുമെന്ന് ഇടതു നേതൃത്വം കരുതുന്നു. ഇതോടെ വീണ്ടും ഈ പ്രശ്‌നം ഒരു തലവേദനയായി മാറും. ഭരണം ലഭിക്കാതെ തന്നെ ആരോപണം മാത്രം കേൾക്കുന്ന സ്ഥിതി വരുന്നത് ഗുണമല്ല എന്നാണ് ഇടത് നേതൃത്വം വിലയിരുത്തുന്നത്.

ആകെ 28 അംഗങ്ങളുള്ള നഗരസഭയിൽ 14 പേരുടെ പിന്തുണയാണ് യുഡിഎഫ് ഭരണത്തിന് ഉണ്ടായിരുന്നത്. എന്നാൽ അവിശ്വാസപ്രമേയ ചർച്ച നടന്ന ദിവസം ഒരു യുഡിഎഫ് അംഗം കൂറുമാറിയിരുന്നു. ഈ മാറിയ അംഗം കൂടി തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ വന്നാൽ ഈരാറ്റുപേട്ടയിൽ വീണ്ടും യുഡിഎഫ് ഭരണം ഉണ്ടാകും. മതിയായ ഭൂരിപക്ഷം ഇല്ലായെങ്കിലും ഭരിക്കാൻ ആകില്ല എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നായിരുന്നു ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ പറഞ്ഞത്. ഗോവ ഭരണം ഉൾപ്പെടെ ബിജെപി പിടിച്ചത് ഉദാഹരിച്ചു കൊണ്ടായിരുന്നു അന്ന് സിപിഎം ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.