കൊച്ചി: ചികിത്സാ വിവരങ്ങൾ ശേഖരിച്ച് ആൾമാറാട്ടം നടത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്ത അമ്മയും മകളും പൊലീസിന്റെ പിടിയിൽ. പാല ഓലിക്കൽ കുടംബാംഗവും ഇപ്പോൾ എരൂർ ഷാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്ലാറ്റിൽ താമസിച്ചു വരികയും ചെയ്യുന്ന മറിയാമ്മ സെബാസ്റ്റ്യാൻ(59), മകൾ അനിത റ്റി(29) എന്നിവരെയാണ് ചേരാനല്ലൂർ പൊലീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുള്ളത്.

കൊച്ചി അമൃത ആശുപത്രിയിൽ ചിക്സയിലുള്ള പെരുമ്പാവൂർ രായമംഗലം സ്വദേശിയായ പ്രവീണിന്റെ മകളുടെ ചികത്സയ്ക്കായി ചാരിറ്റി പ്രവർത്തകനായ ഫറൂക്ക് ചെറുപ്പുളശ്ശേരി മുഖാന്തിരം സാമൂഹ്യമാധ്യമങ്ങളിൽ സാഹായം അഭ്യർത്ഥിച്ച് പോസ്റ്റിട്ടിരുന്നു.ഇതെത്തുടർന്ന് നാനാതുറകളിൽ നിന്നും സഹായം പ്രവഹിക്കുകയും ചെയ്തു.

ഈ മാസം 7-ന് പ്രവീണിന് പരിചയമുള്ള ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പുനടത്തുന്നതായുള്ള വിവരം പ്രവീണിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കൃപാസനം, പ്രസാദ വരവ് മാതാവ് എന്ന ഫെയിസ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയത്. ഇവരുടെ വിലാസവും ഗുഗിൾ പേ നമ്പറും സഹായഅഭ്യർത്ഥനയ്ക്കൊപ്പം ചേർത്തിരുന്നു.

വിവരം പ്രവീൺ ചേരാനല്ലൂർ പൊലീസിൽ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകളും കുടുങ്ങിയത്.ഉദ്ദേശം 1 ലക്ഷത്തോളം രൂപ ഇവർ അക്കൗണ്ടിൽ നിന്നും പിൻവലിച്ച് ആഡംബര ജീവിതം നയിച്ചുനരികയായിരുന്നെന്നാണ് പൊലീസ് അന്വേഷത്തിൽ വ്യക്തമായിട്ടുള്ളത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന്റെ നിർദ്ദേശപ്രകാരം എറണാകുളം എ സി പി ലാൽജി,ചേരാനല്ലൂർ സി ഐ വിപിൻകുമാർ,എസ് ഐ സന്തോഷ് മോൻ,എ എസ് ഐ ഷുക്കൂർ വി എ,എസ് സി പി ഒ സിഗോഷ്,പോൾ എൽ വി,ഷീബ സി പി ഒ മാരായ പ്രശാന്ത് ബാബു,പ്രിയ,ജിനി,ജാൻസി എന്നിവർ ചേർന്നാണ് കേസ്സിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്.കോടതിയിൽ ഹാജരാക്കി. ഇവരെക്കൂടാതെ മറ്റാരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വിശദമായ അന്വേഷണം നടത്തുമെന്ന് എസിപി അറിയിച്ചു.