മൂവാറ്റുപുഴ: വ്യാജ നാപ്‌റ്റോൾ സ്‌ക്രാച്ച് കാർഡ് വഴി 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ട ആരക്കുഴ സ്വദേശിയുടെ പണം തിരികെ വാങ്ങി നൽകും എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. പെരുമ്പാവൂർ അശമന്നൂർ ഓടക്കാലി കരയിൽ പൂമല കോളനി ഭാഗത്ത് പാലകുഴിയിൽ വീട്ടിൽ സുദർശൻ (24)ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കേരള തമിഴ്‌നാട് ബോർഡറിൽ ഉള്ള രഹസ്യ താമസസ്ഥലത്ത് നിന്ന് പിടികൂടിയത്. സ്വകാര്യ ഡിറ്റക്റ്റീവ് ആണെന്ന് സ്വയം പരിചയപെടുത്തി വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ച് പ്രതി സ്വകാര്യ ഡിറ്റക്ടിവ് ആണെന്നും ഓൺലൈൻ ചീറ്റിങ് വഴി നഷ്ടപെട്ട പണം തിരികെ വാങ്ങി നൽകുന്ന ആൾ ആണെന്നും ഇത്തരത്തിൽ നിരവധി ആളുകൾക്ക് പണം തിരികെ വാങ്ങി നൽകി എന്നും വിശ്വസിപ്പിച്ചിരുന്നു.

സർക്കാർ സർവീസിൽ റിട്ടയർ ആയവരെയും മറ്റും ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന പ്രതി ഈ കേസിലെ ഇരയെ വിവിധ ഫോൺ നമ്പറിൽ നിന്ന് വിവിധ ശബ്ദത്തിൽ വിളിച്ച് റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്നും എസ്‌ബിഐ ഉദ്യോഗസ്ഥൻആണെന്നും മറ്റും പറഞ്ഞ് വിശ്വാസം നേടിയെടുത്ത ശേഷം ആണ് തട്ടിപ്പ് നടത്തുന്നത്. പ്രതിയുടെ കൂടെ ഉള്ള വേറെ ആളുകൾ ഉണ്ടോ എന്നതിനെ പറ്റിയും പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ല അതിർത്തിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരൻ എന്ന വ്യാജേന ആർഭാട ജീവിതം നയിച്ച് ഒളിച്ചു കഴിഞ്ഞുവരികയായിരുന്നു.

പ്രതിയുടെ സാമ്പത്തിക ഇടപാടുകളെ പറ്റി പൊലീസ് അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ സി.ജെ. മാർട്ടിൻ , എസ്‌ഐ ആർ അനിൽകുമാർ,എഎസ്‌ഐ പിസി ജയകുമാർ, സീനിയർ സിപിഓമാരായ ടിഎൻ സ്വരാജ്, ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.