തൃശ്ശൂർ: വ്യാജവാർത്തകൾ നൽകുന്നതിൽ റെക്കോർഡ് ഇട്ടുകൊണ്ടിരിക്കുന്ന 24 ന്യൂസ് അവതാരകൻ ശ്രീകണ്ഠൻ നായർ അറസ്റ്റിലായി. കോവിഡിനെക്കുറിച്ച് വ്യാജവാർത്ത നൽകിയതിനാണ് ഈ അവതാരകൻ അറസ്റ്റിലായത്. തൃശൂർ വാടാനപ്പള്ളി പൊലീസാണ് ശ്രീകണ്ഠൻ നായരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കൊച്ചിയിൽ നിന്ന് ശ്രീകണ്ഠൻ നായർ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഇന്നലെ എത്തിയപ്പോൾ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആരോഗ്യ വകുപ്പിന് അപകീർത്തിയുണ്ടാക്കുവിധം കോവിഡിനെക്കുറിച്ച് വ്യാജ വാർത്ത നൽകിയതിനാണ് അറസ്റ്റ്. കൂട്ടുപ്രതിയായ ഡോക്ടർ ഷിനു ശ്യാമളനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന് അപകീർത്തിയുണ്ടാക്കുവിധം വ്യാജ വാർത്ത ചമച്ച കേസിൽ വാർത്താവതാരകനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ മാർച്ചിലാണ് കേസ് എടുത്തത്. അപകീർത്തിപ്പെടുത്തൽ, പൊതുസുരക്ഷയെ ബാധിക്കും വിധത്തിലുള്ള പ്രവൃത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 505, 120 (ഒ), 118 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ 505 ജാമ്യമില്ലാത്ത വകുപ്പാണ്. രണ്ടുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വാർത്താവതാരകനെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീകണ്ഠൻ നായർ അവതരിപ്പിച്ച വ്യാജ വാർത്തയുടെ സംപ്രേഷണ ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യാജവാർത്തകൾ അവതരിപ്പിച്ചതിന്റെ പേരിൽ ഇനി കോടതി നടപടികൾക്ക് മുന്നിലേക്ക് ശ്രീകണ്ഠൻ നായരും ചാനലും എത്തുകയാണ്. മുൻ നിര അഭിഭാഷകരുടെ നിരയും കേസ് നടത്താനുള്ള പണവുമുണ്ട് എന്ന അവകാശവാദത്തോടെ എന്തും നേരിടുന്ന ഈ ചാനലിനും അതിന്റ്നെ അവതാരകനും ഈ കേസിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് വാദം നടക്കുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ.

തൃശൂർ ഡിഎംഒയുടെ പരാതിയിലാണ് വാടാനപ്പള്ളി പൊലീസ് ചാനലിനെതിരെ കേസെടുത്തത്. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചതോടെയാണ് ഡിഎംഒ പരാതി നൽകിയത്. വാർത്തയ്ക്ക് ആധാരമായ വിവരങ്ങൾ നൽകിയ ഷിനു ശ്യാമളനെതിരേ അന്ന് രൂക്ഷ വിമർശനവുമായി തൃശൂർ കലക്ടർ എസ് ഷാനവാസും രംഗത്തെത്തിയിരുന്നു. കോവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. ഇത് അതേ രീതിയിൽ 24 ചാനൽ അവതരിപ്പിക്കുകയും ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷിനു ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിൽ പറഞ്ഞത്.

വ്യാജവാർത്ത നൽകിയ ശ്രീകണ്ഠൻ നായരും കേസിൽ പ്രതിയായി. കോവിഡ് രോഗി കോവിഡ് ബാധിതനായിരിക്കെ ഖത്തറിലേക്ക് കടന്നു. ആരോഗ്യവകുപ്പ് നടപടി എടുക്കാതിരുന്നത് കാരണമാണ് രോഗി ഖത്തറിലേക്ക് കടന്നത്. ഇതാണ് ചാനൽ നൽകിയ വാർത്ത. എന്നാൽ, യുവാവ് നിയമാനുസൃത നിരീക്ഷണ കാലം പിന്നിട്ടയാളാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. താൻ ഖത്തറിലേക്കു കടന്നുകളഞ്ഞെന്ന പ്രചാരണം ശരിയല്ലെന്നും ഖത്തറിലെ വീട്ടിൽ സ്വാഭാവിക നിരീക്ഷണത്തിലാണെന്നും യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചു. ഇതോടെയാണ് ചാനലിനെതിരെ വ്യാജ വാർത്തയ്ക്ക് കേസ് വന്നത്.

കുടുക്കിയത് തൃശ്ശൂർ ഡിഎംഒയുടെ നൽകിയ പരാതിയിൽ

ആരോഗ്യ വകുപ്പിനും ഉദ്യോഗസ്ഥർക്കുമെതിരേ തെറ്റായ പ്രചരണം നടത്തിയതിന്റെ പേരിൽ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂർ കലക്ടർ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഡിഎംഒ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കൊറോണക്കെതിരേ എല്ലാ സർക്കാർ വകുപ്പുകളും അഹോരാത്രം പ്രയത്‌നിക്കുന്ന സമയത്ത് ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനൽ വ്യാജവാർത്ത നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിൽ പറഞ്ഞത്. ജനുവരി 31 നാണ് യുവാവ് ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. ഇൻകുബേഷൻ കാലാവധി ഫെബ്രുവരി 14ന് അവസാനിച്ചിരുന്നു. 28 ദിവസമെന്ന ക്വാറന്റൈൻ കാലാവധിയും കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോഴാണ് ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ വാർത്തയുടെ കാര്യത്തിൽ ജാഗ്രത കാണിക്കാതെ യുവാവ് കോവിഡ് ബാധിതൻ എന്ന തെറ്റായ വാർത്തയാണ് ചാനൽ നൽകിയത്. വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ഖത്തർ 14 ദിവസത്തെ നിർബന്ധിത കൈ്വറന്റൈൻ ഉറപ്പാക്കുന്നുണ്ട്. ഡോ ഷിനു അറിയിച്ചതിനെ തുടർന്ന് കോവിഡ് ബാധിതൻ എന്ന് ആരോപിക്കപ്പെട്ട യുവാവിനെ ഡിഎംഒ കണ്ടെത്തിയിരുന്നു. ഇത് ഷിനുവിനെ അറിയിച്ചതുമാണ്. എന്നാൽ ഇത് മറച്ചുവെച്ചുകൊണ്ട് ഡോക്ടറും ശ്രീകണ്ഠൻ നായരും കൂടി അരോഗ്യവകുപ്പിന് അവമതിപ്പുണ്ടാകുന്ന വിധം പ്രചരണം നടത്തിയതെന്നാണ് അന്ന് കലക്ടർ കണ്ടെത്തിയത്.

കോവിഡ് ബാധിതൻ ഖത്തറിലേക്ക് കടന്നു എന്ന വാർത്ത വന്നതോടെ ആരോഗ്യവകുപ്പും പൊലീസുമെല്ലാം ഒരുപോലെ പ്രതിക്കൂട്ടിലായിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടർ കർശന നടപടിക്ക് നിർദ്ദേശം നൽകിയത്. ഇതോടെയാണ് നിത്യേന എന്നോണം വ്യാജ വാർത്ത നൽകുന്ന ശ്രീകണ്ഠൻ നായർ മുൻപ് നൽകിയ ഒരു വ്യാജവാർത്തയുടെ പേരിൽ അറസ്റ്റിലായത്. ജാമ്യം തേടിയുള്ള ശ്രീകണ്ഠൻ നായരുടെ അപേക്ഷ കോടതിയിൽ വന്നപ്പോൾ കടുത്ത നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്. 24 ചാനൽ പൂട്ടിക്കെട്ടാൻ തക്കവണ്ണമുള്ള വിമർശനമാണ് ചാനലിനും ശ്രീകണ്ഠൻ നായർക്കും എതിരെ ഹൈക്കോടതി കെട്ടഴിച്ചത്. കോടതി മുറിയിൽ നിന്ന് നാണംകേട്ട വിമർശനങ്ങൾ ഫോർത്ത് എസ്റ്റേറ്റിന് ഏറ്റുവാങ്ങേണ്ട ഗതികേടാണ് ശ്രീകണ്ഠൻ നായരുടെ ചെയ്തികൾ കാരണം വന്നത്.

ഹൈക്കോടതിയിൽ നിന്നും ശ്രീകണ്ഠൻ നായർക്ക് രൂക്ഷപ്രഹരം

ഈ അടുത്ത കാലത്ത് ഒരു മീഡിയയ്ക്കും കേൾക്കേണ്ടി വന്നിട്ടില്ലാത്ത വിമർശനമാണ് കോടതിയിൽ നിന്ന് അതും ഹൈക്കോടതിയിൽ നിന്നും വന്നത്. അവിടെയുമിവിടെയും കേട്ടതും ഗോസിപ്പുകളും പ്രചരിപ്പിക്കുകയല്ല മാധ്യമപ്രവർത്തകരുടെ പണി. വാർത്തയുടെ ആധികാരികത ഉറപ്പാക്കണം. ഏത് മാധ്യമത്തിലായാലും വാർത്ത കൊടുത്തുകഴിഞ്ഞാൽ പിന്നെ അത് തിരിച്ചെടുക്കാനാവില്ല. എന്തും പ്രസിദ്ധീകരിക്കുന്നതല്ല മാധ്യമപ്രവർത്തനം. എന്ത് പ്രസിദ്ധീകരിക്കണം, എന്ത് പ്രസിദ്ധീകരിക്കരുത് എന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർ യുക്തിപൂർവം തീരുമാനമെടുക്കണം. സത്യം പറയലാണ് മാധ്യമപ്രവർത്തകരുടെ പണി. പ്രസിദ്ധീകരിക്കുന്നതും പറയുന്നത് വസ്തുതയാണെന്ന് മാധ്യമപ്രവർത്തകർ ഉറപ്പുവരുത്തണമെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും കോടതിയുടെ വിമർശനം ഉൾക്കൊണ്ടു കൊണ്ട് ശ്രീകണ്ഠൻ നായർക്ക് ജാമ്യം അനുവദിക്കരുത് എന്നാണ് പറഞ്ഞത്.

ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു ശേഷമാണ് ശ്രീകണ്ഠൻ നായർ കൊച്ചിയിൽ നിന്നും തൃശൂർ വാടാനപ്പള്ളി എത്തി സിഐയ്ക്ക് മുൻപാകെ ഇന്നലെ കീഴടങ്ങുന്നത്. ശ്രീകണ്ഠൻ നായരെ അറസ്റ്റ് ചെയ്ത് ഹൈക്കോടതി ഏർപ്പെടുത്തിയ ജാമ്യനിർദ്ദേശങ്ങൾ പ്രകാരം വിട്ടയച്ചുവെന്ന് വാടാനപ്പള്ളി സിഐ ബിജോയ് സി.ആർ. മറുനാടനോട് പറഞ്ഞു. ജാമ്യം നൽകിയത് ഹൈക്കോടതിയാണ്. അതിനു നിബന്ധനകളുണ്ട്. ആ നിബന്ധനകൾ പ്രകാരമാണ് ശ്രീകണ്ഠൻ നായർ സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ചാനൽ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് സിഐ പറഞ്ഞു. ഈ കഴിഞ്ഞ ആഴ്ചയും ശ്രീകണ്ഠൻ നായർ മറ്റൊരു വ്യാജ വാർത്ത നൽകി പുലിവാല് പിടിച്ചിരുന്നു. ഇടത് ചാനൽ എന്നറിയപ്പെടുന്ന ചാനൽ മന്ത്രി ജി.സുധാകരന് എതിരെയാണ് വ്യാജ വാർത്ത നൽകിയത്. ആറ്റിങ്ങൽ ദേശീയ പാത നിർമ്മാണം മന്ത്രി സുധാകരൻ നേരിട്ടിടപെട്ട് നിർത്തിവെച്ചു എന്ന് എക്സ്‌ക്ലൂസീവ് ആയാണ് ചാനൽ വാർത്ത നൽകിയത്.

ആറ്റിങ്ങൽ മൂന്നുമുക്ക്-പൂവൻപാറ റോഡ് അനുമതിയില്ലാതെ നിർമ്മിക്കുന്നു എന്ന് മനസിലാക്കി മന്ത്രി ജി.സുധാകരൻ പാതയുടെ നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം ശ്രീകണ്ഠൻ നായർ വാർത്ത നൽകിയത്. സംസ്ഥാനവും കേന്ദ്രവും അറിയാതെയാണ് പാത നിർമ്മിക്കുന്നത് എന്ന് മനസിലാക്കിയാണ് മന്ത്രി പാത നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത് എന്നാണ് ശ്രീകണ്ഠൻ നായർ വാർത്തയിൽ പറഞ്ഞത്. കേന്ദ്രവും-സംസ്ഥാനവും അറിയാതെ പാത നിർമ്മിക്കാൻ കഴിയുമോ എന്ന് ചോദിച്ച് മന്ത്രി തന്നെ തലയിൽ കൈവച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. 24 ന്യൂസിൽ നൽകിയത് വ്യാജ വാർത്തയാണ് എന്ന് ആറ്റിങ്ങൽ എംഎൽഎ ബി.സത്യൻ മറുനാടനോട് പ്രതികരിച്ചിരുന്നു. മന്ത്രിയും എന്താണ് സംഭവിച്ചത് എന്ന് ചൂണ്ടിക്കാട്ടി പ്രസ് റിലീസ് ഇറക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ് വന്നിരിക്കുന്നത്.