തൃശൂർ: ഹണി ട്രാപ്പ് കേസുകൾ കേരളത്തിൽ നിരന്തരം വർധിച്ചുവരുന്ന കാലമാണിപ്പോൾ. നഗ്നചിത്ര പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്ന വാർത്തകൾ നിരന്തരം പുറത്തുവരുന്നുണ്ട്. ഇക്കൂട്ടത്തിലേക്കാണ് തൃശ്ശൂരിൽ നിന്നും ഒരു തട്ടിപ്പു വാർത്ത കൂടി പുറത്തുവരുന്നത്. സബ് കലക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്‌ക്കനെ തേൻകെണിയിൽ കുരുക്കിയ ഉത്തർപ്രദേശ് സ്വദേശിനിയായ യുവതി അറസ്റ്റിലായി. തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലൻ (33) ആണ് അറസ്റ്റിലായത്.

സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു ഇവർ 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് കവർന്നത്. തൃശ്ശൂർ പൊലീസിന്റെ നിർദേശ പ്രകാരം ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസാണ് യുവതിയെ അറസ്റ്റുയെത്ത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്‌നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.

തൃശൂരിൽ സ്ഥലം മാറിയെത്തിയ സബ് കലക്ടർ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. ക്രമണേ വളരെ അടുപ്പം കാണിച്ചു. തുടർന്ന് വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്‌ളാറ്റുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തുകയായിരുന്നു. ഇവർ ഒന്നിച്ചുള്ള നഗ്‌നചിത്രങ്ങൾ പകർത്തുകയും ഇവ കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു.

കമ്മിഷണർ ആർ. ആദിത്യയ്ക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയിൽ ഉണ്ടെന്നു കണ്ടെത്തി. നിഴൽ പൊലീസ് എസ്‌ഐ എൻ.ജി. സുവൃതകുമാർ, എഎസ്‌ഐ ജയകുമാർ, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവർ ഉൾപ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.