ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്‌സഭയിൽ ചർച്ചയില്ലാതെ കേന്ദ്ര സർക്കാർ പാസാക്കുകയായിരുന്നു. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്. മൂന്നു നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം അവതരിപ്പിച്ചത് ഒറ്റ ബില്ലാണ്. ബില്ലിന്മേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളുകയുമായിരുന്നു. ഇതേ തുടർന്ന് കനത്ത ബഹളമാണ് സഭയിലുണ്ടായത്.

രാജ്യത്തെ പാവപ്പെട്ട കർഷകർക്കുവേണ്ടി കേന്ദ്രം ചർച്ചയ്ക്ക് തയാറാകണമെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. കർഷകരെ ദ്രോഹിക്കാനാണ് സർക്കാർ വിവാദ നിയമം പാസാക്കിയതെന്നും ചൗധരി വിമർശിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ ചർച്ചയുടെ ആവശ്യമില്ലെന്ന് സർക്കാർ നിലപാടെടുത്തു. തുടർന്ന് ബിൽ പാസാക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചതിനെത്തുടർന്ന് സഭ രണ്ടു മണി വരെ നിർത്തി.

ബില്ലിൽ ചർച്ചയില്ലെന്ന് നേരത്തെ കാര്യോപദേശക സമിതി യോഗത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ചർച്ച വേണമെന്ന് യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. രാവിലെ പ്രതിപക്ഷ ബഹളത്തോടെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായത്. കർഷക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതിനെത്തുടർന്ന് ലോക്സഭ പന്ത്രണ്ടു മണി വരെ നിർത്തിവച്ചു. തുടർന്നു സഭ ചേർന്നപ്പോഴാണ് ബിൽ അവതരിപ്പിച്ചത്.

സഭ ചേർന്നയുടൻ കർഷക പ്രശ്നം ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കർഷകർ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ആവർത്തിച്ച് പറഞ്ഞിട്ടും മുദ്രാവാക്യം വിളി നിർത്താതായതോടെ സ്പീക്കർ സഭ നിർത്തിവച്ചു.

നേരത്തെ ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്ന് സഭ ചേരുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ ലേഖകരോടു പറഞ്ഞു. ഏതു ചോദ്യത്തിനും ഉത്തരം നൽകാൻ സർക്കാർ തയാറാണ്. എന്നാൽ സഭയുടെയും ചെയറിന്റെയും അന്തസ് പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിന് അനുസരിച്ച് ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്ന് മോദി പറഞ്ഞു.