ന്യൂഡൽഹി: അറബിക്കടലിൽ തകർന്നുവീണ മിഗ് 29 കെ വിമാനത്തിലെ പൈലറ്റ് നിഷാന്ത് സിംഗിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംസ്‌കരചടങ്ങുകൾ നടന്നത്. പൈലറ്റിന്റെ ഭാര്യ നയാബ് രന്ധവയ്ക്ക് ത്രിവർണ്ണ പതാകയും, ഭർത്താവിന്റെ യൂണിഫോമും സ്‌ക്വാഡ്രണിലെ കമാൻഡിങ് ഓഫീസർ നൽകിയതായി അധികൃതർ അറിയിച്ചു.

യോഗ്യതയുള്ള ഫ്ളൈയിങ് ഇൻസ്ട്രക്ടർ ആയിരുന്നു നിഷാന്ത് സിംഗെന്നും, പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും നാവികസേന അനുശോചന കുറിപ്പിൽ അറിയിച്ചു. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ ഗോവൻ തീരത്തു നിന്നും 30 മൈൽ അകലെ 70 മീറ്റർ ആഴത്തിലായാണ് മൃതദേഹം കണ്ടെത്തിയത്.നവംബർ 26നു വൈകിട്ടായിരുന്നു അപകടം. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചിരുന്നു.

വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലിൽ വീഴുകയായിരുന്നു. കർണാടകയിലെ കാർവാർ താവളത്തിൽനിന്നുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.
രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് നിഷാന്തിന്റെ മൃതദേഹം കണ്ടെത്തുന്നത്.

നാവികന്റെ സർവൈവൽ കിറ്റിൽ ഉൾപ്പെടുന്ന റഷ്യൻനിർമ്മിത എമർജൻസി ലൊക്കേറ്റർ ബീക്കണിൽനിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനാലാണ് മൃതദേഹം കണ്ടെത്താൻ വൈകുന്നതെന്ന് നാവികസേനവൃത്തങ്ങൾ അറിയിച്ചിരുന്നു. വിമാനത്തിൽനിന്ന് നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു വ്യക്തമായിരുന്നു.

പൈലറ്റ് നിഷാന്ത് സിങ് വിവാഹിതനായത് ഏഴു മാസം മുൻപാണ്. സൈനിക പാരമ്പര്യമനുസരിച്ച് മേലുദ്യോഗസ്ഥരിൽ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഈ അനുവാദം തേടൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. 'വെടിയുണ്ട വിഴുങ്ങുന്നതിനുള്ള അനുമതി' എന്ന പേരിൽ വിവാഹ അനുമതിക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തന്റെ മേൽ ന്യൂക്ലിയർ ബോംബ് ഇടട്ടെ എന്നായിരുന്നു മേലുദ്യോഗസ്ഥനോട് വിവാഹം കഴിക്കുന്നതിനായി അനുമതി ചോദിച്ചത്. സമാധാനപരമായ കാലത്തെ ത്യജിക്കാൻ തയ്യറാണെന്ന് നിഷാന്ത് പറഞ്ഞു. അതിന് കമാൻഡിങ് ഓഫിസറുടെ മറുപടിയും വൈറലായി. ' ഒടുവിൽ നല്ല കാലങ്ങൾക്ക് അവസാനം വന്നിരിക്കുന്നു, ദാമ്പത്യത്തിന്റെ ശ്മാശാന ഭൂമിയിലേക്ക് സ്വാഗതം' എന്നായിരുന്നു ഗോവ ഹസ്‌ന ഐഎൻഎസ് വൈറ്റ് ടൈഗർ സ്‌ക്വാഡ്രൻ കമാൻഡിഹ് ഓഫീസർ ക്യാപ്റ്റൻ മൃഗങ്ക് ഷോഖന്ദ് മറുപടി നൽകിയത്.

നിഷാന്തിന്റെ വിവാഹത്തിന് ക്യാപ്റ്റനെ ക്ഷണിച്ചിരുന്നു. സഹപാഠിയായിരുന്ന നയാബ് രൺധാവയെയാണ് നിഷാന്ത് വിവാഹം കഴിച്ചത്. കോവിഡ് പ്രതിസന്ധി മൂലം വിഡിയോ വഴി ലളിതമായാണ് ചടങ്ങുകൾ നടത്തിയത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലത്തിനിടെ പൈലറ്റ് അപകടത്തിൽ പെട്ടത് ദുരന്തമായി മാറുകയും ചെയ്തു.

മിഗ്-29ന്റെ നാവികസേനാപ്പതിപ്പായ മിഗ്-29കെ തുടർച്ചയായി മൂന്നാം തവണയാണ് അപകടത്തിൽ പെടുന്നത്. 2018ലും 2019 ലും 2020 ലും മിഗ്29-കെ അപകടത്തിൽപ്പെട്ടിരുന്നു. പലപ്പോഴും എൻജിൻ തകരാറുകളും ഇരട്ട എൻജിൻ ഉള്ള വിമാനം ഒറ്റ എൻജിനിൽ അടിയന്തര ലാൻഡിങ്ങും നടത്തേണ്ടി വന്നിരുന്നു.