ബീജിങ്: യൂറോപ്പിന് പിന്നാലെ പ്രളയക്കെടുതിയിൽ മുങ്ങി ചൈനയും. കനത്ത മഴയും പേമാരിയും വെള്ളപ്പൊക്കവുമാണ് ചൈനയിൽ ഉണ്ടായിരിക്കുന്നത്. സെൻട്രൽ ചൈനയിലാണ് കനത്ത പ്രളയം. ഇതിൽ 12 പേർ മരിച്ചു. ഒരു ലക്ഷത്തിലേറെ പേരെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചു. ഹെനാൻ പ്രവിശ്യയുൾപ്പെടെ രാജ്യത്തെ ഒരു ഡസനോളം നഗരങ്ങളെ പ്രളയം ബാധിച്ചു. 9 കോടിയിലേറെ ജനങ്ങൾ വസിക്കുന്ന ഹനാൻ പ്രവിശ്യയെയാണ് പ്രളയം കാര്യമായി ബാധിച്ചത്. പ്രവിശ്യയിലെ വിമാന യാത്രകളും ട്രെയിൻ ഗതാഗതവും നിർത്തി വെച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. രാജ്യത്തെ ഡാമുകളിൽ ക്രമാതീതമായ ജലനിരപ്പ് ഉയർന്നു. ഡാമുകളിലേക്കുള്ള നദിയൊഴുക്ക് വഴി തിരിച്ചു വിടാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഷെൻഗ്സുയിൽ 700 ഓളം യാത്രക്കാർ 40 മണിക്കൂറോളം ട്രെയിനിൽ കുടുങ്ങിക്കിടന്നു. നഗരത്തിലെ ഒരു ആശുപത്രിയിൽ ഇലക്ട്രിസിറ്റി പോയതു മൂലം 600 ഓളം രോഗികളെ മറ്റൊരിടത്തേക്ക് മാറ്റേണ്ടി വരുന്നു. വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. പ്രളയത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ മുൻഗണന കൊടുക്കണമെന്ന് എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചതായി പ്രസിഡന്റ് ഷി ജിൻ പിങ് പറഞ്ഞു.

സമാനമായ കഴിഞ്ഞ ആഴ്ചയാണ് പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിൽ പ്രളയം ദുരന്തം വിതച്ചിരുന്നു. ജർമ്മനി, ബെൽജിയം, നെതർലന്റ് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. പ്രളയം രൂക്ഷമായി ബാധിച്ച ജർമ്മനിയിൽ 157 പേരാണ് മരിച്ചത്.