പത്തനംതിട്ട: പത്തനംതിട്ട സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ സിപിഎമ്മനെതിരെ കുടുംബം. സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെയാണ് മരിച്ച സി കെ ഓമനക്കുട്ടന്റെ ഭാര്യ രംഗത്തുവന്നത്. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടൻ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം ഓമനകുട്ടന്റെ ആത്മഹത്യയ്ക്ക് കാരണം സിപിഎമ്മിന്റെ ഭീഷണിയാണ് എന്നതാണ് ഉയരുന്ന ആരോപണം. ഓമനക്കുട്ടന് സിപിഎം പ്രാദേശിക നേതൃത്വത്തിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ഭാര്യ നടക്കാൻ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നി മുൻ ഏരിയ കമ്മറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന ഓമനക്കുട്ടൻ ഒരു വർഷത്തോളമായി പാർട്ടിയിൽ സജീവമല്ല.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ഓമനക്കുട്ടൻ ശ്രമിച്ചെന്ന ആക്ഷേപവും പാർട്ടി ഉയർത്തുകയുണ്ടായി. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പു കാലത്ത് ചില പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

പ്രമാടം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുടെ തോൽവിക്ക് പിന്നിൽ ഓമനക്കുട്ടൻ ആണെന്ന് പ്രചരിപ്പിക്കുകയും ഒരിക്കൽ കയ്യേറ്റം ചെയ്തതെന്നും കുടുംബം പറയുന്നു. കള്ളക്കേസിൽ കുടുക്കുമെന്നും ആർസിബി ഗ്യാസ് ഏജൻസി ജീവനക്കാരൻ ആയിരുന്ന ഓമനക്കുട്ടന്റെ ജോലി കളയുമെന്നും ഭീഷണി ഉയർന്നു. കുറച്ച് ദിവസങ്ങളായി വലിയ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നും ഓമനക്കുട്ടന്റെ ഭാര്യ ആരോപിച്ചു.

ആരോപണങ്ങൾ തള്ളിയ സിപിഎം വോട്ടെണ്ണൽ ദിവസം സാധാരണ പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്ന് വാക്ക് തർക്കമുടലെടുക്കുക മാത്രമാണുണ്ടായിട്ടുള്ളതെന്ന് പ്രതികരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കേസിൽ വിശദമായ അന്വേഷണം നടക്കാനാണ് പൊലീസ് തീരുമാനം.