തൃശൂർ: ആഡംബര ബൈക്കുകൾ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തിലെ നാലു യുവാക്കളെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മണത്തല ഏറൻപുരയ്ക്കൽ സൗരവ് (19), ചാവക്കാട് മണത്തല തിരുവത്ര അയിനുപ്പുള്ളി ദേശം കീഴ്ശേരി ജിഷ്ണു (21), എളവള്ളി താമരപ്പുള്ളി നാലകത്ത് അൻസിഫ് (19), ചാവക്കാട് മണത്തല തറയിൽ രാഹുൽ (19) എന്നിവരാണ് പിടിയിലായത്. നിരവധി ആഡംബര ബൈക്കുകൽ ഈ സംഘം മോഷ്ടിച്ചതായാണ് ലഭിക്കുന്ന വിവരം.

2021 ജനുവരി മാസത്തിൽ പുഴയ്ക്കൽ ലുലു ജങ്ഷനു സമീപമുള്ള പ്രിയദർശിനി നഗറിലെ ഒരു അപ്പാർട്ട്മെന്റിൽ പാർക്ക് ചെയ്തിരുന്ന രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷണം പോയിരുന്നു. ഇത് വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഗുരുവായൂർ ടെമ്പിൾ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച സിയാദ് എന്നയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് കേസന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ തിരുത്തിയതാണെന്നും കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് തനിക്ക് ബൈക്ക് കൈമാറിയവരുടെ വിവരങ്ങൾ സിയാദ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതേ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന അഞ്ചംഗ സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്.

ബൈക്ക് പ്രതികൾ പുഴക്കൽ പ്രിയദർശിനി നഗറിൽനിന്ന് മോഷ്ടിച്ച് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിക്കുകയായിരുന്നു. അഞ്ചംഗ ബൈക്ക് മോഷണ സംഘത്തിലെ ഒരാളെകൂടി പിടികൂടാനുണ്ട്. പ്രതികൾ സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നു വരുകയാണെന്നും സബ് ഇൻസ്പെക്ടർ കെ.ആർ. റെമിൻ പറഞ്ഞു.