ന്യൂഡൽഹി: വിലക്ക് മറികടന്ന് ലോക്‌സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിന് ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ് എന്നിവർ ഉൾപ്പെടെ നാല് എംപിമാർക്കു സസ്‌പെൻഷൻ. ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരാണ് സസ്‌പെൻഷനിലായ മറ്റ് എംപിമാർ. സഭാസമ്മേളനം കഴിയുംവരെയാണ് സസ്‌പെൻഷൻ. പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.

വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന എന്നീ വിഷയങ്ങൾ ലോക്സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നാല് കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചത്. വിഷയത്തിൽ ഉച്ചയ്ക്ക് ചർച്ചയാകാമെന്ന് അറിയിച്ചിട്ടും പ്രതിഷേധം തുടർന്ന മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെ സ്പീക്കർ സസ്പെന്റ് ചെയ്യുകയായിരുന്നു.

പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കണമെങ്കിൽ പുറത്തുപോവണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം സഭ പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷ എംപിമാർ പ്ലക്കാർഡുകളുമായി തിരിച്ചെത്തുകയായിരുന്നു. പ്ലക്കാർഡുകളുമായി സഭയിലെത്തിയ എംപിമാർക്കെതിരേ നടപടിയെടുക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് സ്പീക്കറോട് ആവശ്യപ്പെട്ടത്.

പേരു പറഞ്ഞിട്ടും ഇവർ സഭയിൽ ഇരിക്കുന്നത് ശരിയല്ലെന്ന് കാട്ടി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സസ്‌പെൻഷനുള്ള പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ അതു പാസാകുകയും ആയിരുന്നു. അതേസമയം, സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഈ നാലുപേർക്കും വോട്ട് ചെയ്യാൻ സാധിക്കില്ല.

രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റ് നടപടിക്രമങ്ങൾ മുന്നോട്ട് പോവേണ്ടതുണ്ട്. പക്ഷെ ഇതുപോലെ പോവാൻ പറ്റില്ല. ഇത്തരം സാഹചര്യം തനിക്ക് അനുവദിക്കാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. സസ്പെൻഷന് ശേഷം ഇവർ പുറത്ത് കടന്ന് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

അവശ്യ വസ്തുക്കൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിലൂടെ ഉണ്ടായ വിലവർധനവ് സംബന്ധിച്ച് തങ്ങൾ മുന്നോട്ട് വെക്കുന്ന ആശങ്കകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി പരിഹാരം കാണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. ജൂലായ് 18 ന് വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ അവശ്യവസ്തുക്കളുടെ വിലവർധനവ് സംബന്ധിച്ച് ഇരുസഭകളിലും ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ പാർലമെന്റിൽ അക്കാര്യം പറയാൻ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. ജനങ്ങൾ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎൻ പ്രതാപൻ എംപി വ്യക്തമാക്കി.