തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം നിർണായകമായ ഘട്ടത്തിലാണ്. സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യ മൊഴികൾ കേസിന്റെ ഇപ്പോഴുള്ള ഗതി തന്നെ മാറ്റുമെന്ന സൂചനകളാണ് നൽകുന്നത്. കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും നൽകിയ മൊഴികളിലെ ഉന്നത വിവരങ്ങൾ പുറത്തുവന്നതാണ് കേസിന്റെ ഗതിമാറ്റുന്നത്. സംസ്ഥാന മന്ത്രിസഭയിലെ പ്രബലരായ നാല് മന്ത്രിമാർക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതേ ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ മന്ത്രിമാർക്ക് കുരുക്ക് മുറുകുമെന്ന് ഉറപ്പാണ്.

ഇവരുമായുള്ള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു നൽകിയ മൊഴികളിലുണ്ട്. ഉന്നതരുടെ ഇടപാടുകളെക്കുറിച്ചു പരാമർശം വന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഡൽഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചനയിലാണ്. കേസിൽ മന്ത്രിമാരെ തൊട്ടാൽ രാഷ്ട്രീയമായി പ്രതിരോധം സിപിഎം ശക്തമാക്കും. അത് രാഷ്ട്രീയ പ്രകമ്പനങ്ങൾക്ക് തന്നെ വഴിവെക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ഇനിയുള്ള സ്റ്റൈപ്പുകൾ കരുതലോടെ മുന്നോട്ടു വെക്കാനാണ് കസ്റ്റംസിന്റെ നീക്കം.

കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഡൽഹിയിൽ പോയി കസ്റ്റംസ് ബോർഡുമായി ചർച്ച നടത്തിയത് കേസ് രാഷ്ട്രീയ വിവാദമായി മാറുന്ന ഘട്ടത്തിലാണ്. അദ്ദേഹം ഇന്ന് മടങ്ങിയെത്തിയാൽ കൂടുതൽ പുരോഗതി കേസിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്‌പെഷൽ ഡയറക്ടർ പ്രശാന്ത്കുമാർ ഡൽഹിയിൽനിന്നു കൊച്ചിയിലെത്തി 2 ദിവസം അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങിയിട്ടുണ്ട്.

സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സമർപ്പിച്ച രഹസ്യരേഖയിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമർശിച്ചിരുന്നു. സ്വപ്നയുടെ ഫോണിൽ നിന്നു സിഡാകിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്‌സാപ് സന്ദേശങ്ങളിൽ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യരേഖയായി കോടതിയിൽ നൽകിയത്.

മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നു മൊഴിയിലുണ്ട്. ഫലത്തിൽ സ്വർണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽനിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നാണ് സൂചന. കേന്ദ്രസർക്കാർ രാഷ്ട്രീയമായി തന്നെ സ്വർണ്ണക്കടത്തു കേസിനെ ഉപയോഗിക്കാൻ തീരുമാനിക്കുന്ന സാഹചര്യത്തിൽ അത് പിറണായി സർക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകും സമ്മാനിക്കുക.

സ്വപ്നയുടെ രഹസ്യമൊഴി സംബന്ധിച്ച ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്മിഷണറോട് അടിയന്തരമായി ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടത്. രഹസ്യമൊഴിക്ക് മുന്നേ കസ്റ്റംസ് സ്വപ്നയുടെ മൊഴിയെടുത്തിരുന്നു. ഇതിലും ഉന്നതബന്ധങ്ങളെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ ഇപ്പോഴത്തെ സ്ഥതി വിലയിരുത്തുന്നതിനും കൂടുതൽ അറസ്റ്റുകളിലേക്ക് പോകുന്നതിനുള്ള മുന്നൊരുക്കങ്ങളും ചർച്ചയായെന്നാണ് സൂചന.

ഉന്നതരിൽ രാഷ്ട്രീയ സ്രാവുകൾ ഉണ്ടെങ്കിൽ അവരെ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുക എന്നതാണ് കേന്ദ്രത്തിന്റെ തന്ത്രം. ആ തന്ത്രത്തിന്റെ ഭാഗമായാണോ സുമിതിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നും സൂചനയുണ്ട്. ശിവിശങ്കരൻ അറസ്റ്റിലായ സാഹചര്യത്തിൽ അടുത്ത ഘട്ടത്തിൽ അറസ്റ്റിലേക്ക് പോകുമെന്ന് കരുതുന്നത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ്. അദ്ദേഹത്തിന് ഇഡിയാണ് നോട്ടീസ് നൽകിയത്. ഇഡിയുടെ ചോദ്യം ചെയ്യലിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ മാത്രമാകും മറ്റു ഏജൻസികൾ അദ്ദേഹത്തെ ചോദ്യം ചെയ്യുക. ഇപ്പോഴത്തെ സാഹചര്യത്തിൽ കസ്റ്റംസ് നീക്കങ്ങളെ ഭയക്കുന്നവരുടെ കൂട്ടത്തിൽ രവീന്ദ്രനുമുണ്ട്.