തിരുവനന്തപുരം: കേന്ദ്രസർക്കാർ ഇന്ധന വില കുറച്ചിട്ടും തങ്ങൾ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേരളത്തിലെ സർക്കാർ. ഇക്കാര്യത്തിൽ പല ന്യായീകരണങ്ങളുമായി സർക്കാർ രംഗത്തുണ്ട്. എന്നാൽ, എണ്ണവില കുറയ്ക്കുന്നതു വരെ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഇതിനായി കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാനസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തു.

തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി കുറയ്ക്കുമെന്നും കെ സുധാകരൻ അറിയിച്ചു.

പ്രതിവർഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വർധനവിലൂടെ സർക്കാർ വാങ്ങിയത്. നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സർക്കാരിന് കിട്ടിയിട്ടുണ്ട്. ധനമന്ത്രിയുടെ വൈദഗ്ധ്യമോ തത്വശാസ്ത്രമോ അല്ല ജനങ്ങൾക്ക് ആവശ്യം. പ്രായോഗിതതലത്തിൽ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ ഇടതുസർക്കാരിന് താൽപ്പര്യമുണ്ടോ ഇല്ലയോ എന്നതാണെന്ന് കെ സുധാകരൻ പറഞ്ഞു.

നാമമാത്രമായി ഒരു മാറ്റമുണ്ടാക്കി ജനങ്ങളുടെ രോക്ഷത്തിൽ നിന്നും രക്ഷപ്പെടാൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമമായിട്ട് മാത്രമേ ഇന്ധനവില കുറച്ചതിനെ കാണാൻ കഴിയൂ. കേരളത്തിലെ ജനങ്ങൾ കേന്ദ്രസർക്കാരിനേക്കാളേറെ സംസ്ഥാന സർക്കാരിൽ നിന്നും പ്രതീക്ഷിച്ചു. എന്നാൽ എല്ലാവരെയും നിരാശരാക്കിയാണ് നികുതി കുറയ്ക്കില്ലെന്ന് വാശിയോടെ ആവർത്തിച്ച് ആവർത്തിച്ച് പറയുന്നത്. ജനങ്ങളെ കൊള്ളയടിച്ച് പണം മുഴുവൻ ധൂർത്ത് അടിച്ചു തീർക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

ഇന്ധന വില വർധനയ്ക്കെതിരെ എറണാകുളം ഡിസിസി ദേശീയ പാത ഉപരോധിച്ച് സമരം സംഘടിപ്പിച്ചിരുന്നു. സമരത്തിനിടെ നടൻ ജോജു ജോർജ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സമരം വിവാദമായി മാറിയിരുന്നു. എന്നാൽ ജനകീയ വിഷയം എന്ന നിലയിൽ തുടർ സമരവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസിന്റെ നീക്കം.

അതേസമയം മൂല്യവർധിത നികുതി കുറക്കാത്തതിന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കെതിരെ വിമർശനവുമായി പെട്രോളിയം മന്ത്രാലയം. കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വിമർശിച്ചു. ഇന്ധന നികുതി കുറച്ചപ്പോൾ സംസ്ഥാനങ്ങളും സ്വന്തം നിലക്ക് വാറ്റ് കുറക്കണമെന്ന നിർദ്ദേശം കേന്ദ്രം നൽകിയിരുന്നു.

18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചെന്നും യു.പിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം വിശദീകരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നടപടിയിൽ നിന്ന് പിന്നോട്ട് പോയെന്ന രാഷ്ട്രീയ വിമർശനമാണ് ബിജെപിയും കേന്ദ്രവും ഉയർത്തുന്നത്.

5 രൂപയുടെയും 10 രൂപയുടെയും ഇളവുകൊണ്ട് മാത്രം കാര്യമില്ലെന്ന നിലപാടാണ് പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ളത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങി വിലകുറക്കില്ലെന്നാണ് സംസ്ഥാനങ്ങൾ പ്രതികരിച്ചിരിക്കുന്നത്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബും, രാജസ്ഥാനും, ഛത്തീസ്‌ഗഡും കോൺഗ്രസ് സഖ്യസർക്കാരുള്ള മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും മൂല്യവർധിത നികുതി കുറച്ചിട്ടില്ല.