ആലപ്പുഴ: അമ്പലപ്പുഴയിൽ പരാജയം ഉറപ്പായതുകൊണ്ടാണ് ചില സിപിഎം നേതാക്കൾ ജി സുധാകരനെ കുറ്റപ്പെടുത്തതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു. ജി സുധാകരനെതിരെ ഉയരുന്ന വിവാദങ്ങൾ സിപിഎമ്മിനകത്തുള്ള വിഭാഗീയതയുടെ ഫലമാണ്.

അമ്പലപ്പുഴയിൽ യുഡിഎഫിന് സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും ലിജു ആവർത്തിച്ചു. തോമസ് ഐസക്കിനും സുധാകരനും സീറ്റ് ലഭിക്കാത്തത് യുഡിഎഫിന് നേട്ടമായെന്നും ലിജു വിലയിരുത്തി. മനോരമ ന്യൂസിലൂടെയാണ് ലിജു പ്രതികരിച്ചത്.

സുധാകരൻ സിപിഎമ്മിന്റെ ഉന്നത നേതാവാണെന്നും അദ്ദേഹം ജാതിയ പരാമർശങ്ങളോ വർഗീയ പരാമർശങ്ങളോ നടത്തുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു ലിജു മന്ത്രിയെ പിന്തുണച്ച് കൊണ്ട് മുൻപ് പറഞ്ഞിരുന്നത്. സുധാകരൻ തെരഞ്ഞെടുപ്പിൽ സഹായിച്ചതിനുള്ള നന്ദിയാണ് ലിജു കാണിച്ചതെന്നായിരുന്നു ചില സിപിഐഎം പ്രാദേശിക നേതാക്കളുടെ കുറ്റപ്പെടുത്തൽ.

അതിനിടെ ജി സുധാകരനെതിരെ പുന്നപ്ര സമരഭൂമി വാർഡിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് പുന്നപ്ര വയലാർ സമരഭൂമിയിൽ റെയിൽവേ ക്രോസിനോട് ചേർന്ന് പോസ്റ്റർ പതിപ്പിച്ചത്. രാവിലെ പ്രവർത്തകരെത്തി പോസ്റ്റർ നീക്കം ചെയ്തു.

സുധാകരൻ വർഗവഞ്ചകൻ ആണെന്നും രക്തസാക്ഷികൾ പൊറുക്കില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. എന്നാൽ പോസ്റ്റർ സംബന്ധിച്ച് പ്രതികരിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ല.

തനിക്കെതിരെ ജില്ലയിൽ പൊള്ളറ്റിക്കൽ ക്രിമിനലുകൾ പ്രവർത്തിക്കുന്നതായി ജി. സുധാകരൻ ആരോപിച്ചിരുന്നു. ആരോപണത്തിൽ സുധാകരന് പിന്തുണ നൽകി സി പി എം ജില്ലാ നേതൃത്വവും രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് തലേ ദിവസം അമ്പലപ്പുഴയിൽ ജി സുധാകരന്റെ പോസ്റ്റർ കീറി പകരം മറ്റൊരു പോസ്റ്റർ പതിച്ച സംഭവവും ഉണ്ടായി.

അഴിമതി വിരുദ്ധമുഖഛായ യുള്ള ജി.സുധാകരനെപ്പോലുള്ള നേതാവിനെതിരെ ജില്ലയിൽ വളർന്നു വരുന്ന വിഭാഗീയതയ്ക്ക് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മറുപടി നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ജില്ലയിൽ നിന്നുള്ള ഒരു സിപിഐഎം എംഎൽഎ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റും മന്ത്രി ജി.സുധാകരനെ ലക്ഷ്യം വെച്ചുള്ള താണെന്ന് പറഞ്ഞ് പാർട്ടി പ്രവർത്തകർ തന്നെ രംഗത്ത് വന്നിരുന്നു.