തിരുവനന്തപുരം: വെറും അഞ്ചും പത്തുവോട്ടിന് വിജയം മാറിമറിയുന്ന തീപാറുന്ന മൽസരമാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പലയിടത്തും നടക്കുന്നത്. അതിനിടെയാണ് അപരന്മാർ വെല്ലുവിളി ഉയർത്തുന്നത്. ത്രികോണ മൽസരം നടക്കുന്ന തിരുവനന്തപുരതത് അപരയുടെ ഭീഷണിയെത്തുടർന്ന് ഒരു സ്ഥാനാർത്ഥിക്ക് പേരുപോലും മാറ്റേണ്ടിവന്നു. തിരുവനന്തപുരത്തെ വഞ്ചിയൂർ സ്ഥാനാർത്ഥിയുടെ പേരാണ് ഇത്തരത്തിൽ മാറ്റേണ്ടിവന്നത്.

എൽഡിഎഫ് സിറ്റിങ് കൗൺസിലറുടെ മകളാണ് ഇക്കുറി വഞ്ചിയൂർ വാർഡിൽ മത്സരിക്കുന്നത്. പുതുമുഖ സ്ഥാനാർത്ഥി ഗായത്രി ബാബു എന്ന പേരിലാണ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ അടിച്ചത്. അതിനിടെയാണ് അപര സ്ഥാനാർത്ഥിയുടെ ഭീഷണി ഗായത്രിക്ക് നേരിടേണ്ടിവന്നത്. ഇതേത്തുടർന്നാണ് ഗായത്രിയുടെ പേരിനൊപ്പം ജാതിപ്പേര് ചേർക്കേണ്ടിവന്നത്.അപരയായി മറ്റൊരു ഗായത്രി എത്തിയതോടെ ഗായത്രിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗായത്രി എസ് നായർ എന്നാക്കി മാറ്റുകയായിരുന്നു. ഇതോടെ തന്റെ പേര് മാറ്റേണ്ടിവന്നതിന്റെ കാരണം വ്യക്തമാക്കേണ്ട അവസ്ഥയാണ് ഗ്രായത്രിക്ക്. എൽഡിഎഫ് സ്ഥാനാർത്ഥി പോസ്റ്റർ മാറ്റി ജാതിപ്പേര് ചേർത്തു എന്ന പേരിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.

വഞ്ചിയൂരിൽ കഴിഞ്ഞ തവണ മൂന്ന് വോട്ടിലാണ് എൽഡിഎഫ് വിജയിച്ചത്. ബിജെപിയുടെ അപരൻ 41 വോട്ടാണ് പിടിച്ചത്. അതിനാൽത്തന്നെ ഗായത്രിയുടെ അപരയ്ക്ക് കൂടുതൽ വോട്ട് പിടിക്കുന്നത് തടയാനുള്ള തീവ്ര ശ്രമത്തിലാണ് സ്ഥാനാർത്ഥിയും സംഘവും. പക്ഷേ സിപിഎം സ്ഥാനാർത്ഥിയുടെ ജാതിവാലിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്. പത്തുവോട്ടിന് നിങ്ങൾ നവോത്ഥാനം മറന്നോ എന്നാണ് പലരും ചോദിക്കുന്നത്.

ദളിത് ആക്ടിവിസ്റ്റ് മൃദുല എസ് ദേവി തന്റെ പോസ്റ്റിൽ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'മിസ്സിസ് നായർ ടീച്ചസ് ഇംഗ്ലീഷ് വെൽ ''എന്നും, ''മിസ്റ്റർ ചൗധരി ഈസ് റീഡിങ് ന്യൂസ് പേപ്പർ'' എന്നും, ''മിസ്റ്റർ അയ്യർ ഈസ് ലിസണിങ് ടു കർണാട്ടിക് മ്യൂസിക്'' എന്നുമൊക്കെ പാഠപ്പുസ്തകം വഴി പഠിപ്പിക്കുന്ന ഇന്ത്യയിൽ, മിസ്റ്റർ കുറവനും, മിസ്സിസ് വാല്മീകിക്കും ., കുമാരി വേട്ടുവത്തിക്കും എക്സട്ര.... ഒന്നും അതിനുള്ള ബോധം ഇല്ല എന്ന പൊതുബോധം കരിക്കുലം വഴി ഉറപ്പിക്കുന്ന ഈ പുണ്യ ഭൂമിയിൽ ഗായത്രി നായർ വലിയ 'അപരാധം' ഒന്നും ചെയ്തിട്ടില്ല. പക്ഷേ ആരാധകർ അത് ന്യായീകരിച്ച് വഷളാക്കുന്നതിനോട് യോജിക്കാൻ പറ്റുന്നില്ല.

വിഗ്രഹങ്ങൾ ഉടയാനും പാടില്ല, അവകാശപ്പെടുന്ന ജനാധിപത്യവാദം പൊളിയുന്നത് മറയ്ക്കുകയും വേണം എന്ന ഇരട്ടത്താപ്പ് പാടില്ല. . ജാതി തിരിച്ചു തന്നെയാണ് ഇന്ത്യയിൽ വോട്ടിന്റെ രസതന്ത്രം പോകുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുത്തുണ്ടം തന്നെ തിന്നണം.ഈ കുട്ടിക്ക് വേണ്ടി പാർട്ടി നടുത്തുണ്ടം തിന്നുന്നത് ഇലക്ഷന് തന്ത്രം ആയി കാണാൻ നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട ജാതിവാദിപ്പാർട്ടി തന്നെയാടോ നിങ്ങളുടെ പാർട്ടിയുമെന്നാണ് മൃദുല കുറിച്ചിരിക്കുന്നത്.