കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബംഗാളിൽ ബിജെപിയിൽ നേരിടുന്ന അവഗണനയ്ക്ക് എതിരെ തുറന്നടിച്ച് മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിലേക്ക് ചേക്കേറിയതിൽ ഖേദപ്രകടനം നടത്തിയാണ് മുൻ തൃണമൂൽ കോൺഗ്രസ് എംഎൽഎ. ദീപേന്ദു ബിശ്വാസ്, സോണാലി ഗുഹ, എന്നിവർക്ക് പിന്നാലെ മുൻ ഉത്തർപാര എംഎൽഎ പ്രബിർ ഘോഷാലും രംഗത്തെത്തിയത്. ഇതോടെ ബംഗാളിൽ കൂടുതൽ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.

'കഴിഞ്ഞ ദിവസം അമ്മ മരിച്ചപ്പോൾ തൃണമൂൽ എംപി കല്യാൺ ബന്ധോപാദ്ധ്യായ്, എംഎൽഎ കാഞ്ചൻ മുല്ലിക് എന്നിവർ വിളിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി അനുശോചന സന്ദേശം അയച്ചു. അതേസമയം ബിജെപിയുടെ പ്രാദേശിക നേതാക്കൾ മാത്രമാണ് അനുശോചനം അറിയിച്ചത്. അവഗണനയിൽ നിരാശയുണ്ട്' ബിശ്വാസ് പറഞ്ഞു.

ഏറ്റവും അനിവാര്യമായ സമയത്ത് കുടുംബത്തിനു സഹായഹസ്തവുമായെത്തിയ മമതാ ബാനർജിക്കു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ മകൻ ശുഭ്രാങ്‌സു റോയിയും സമൂഹമാധ്യമത്തിലൂടെ കടപ്പാട് അറിയിച്ചിരുന്നു. മമതയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയി പാർട്ടിയിലേക്കു മടങ്ങയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

'ആളുകളെ വിഭജിച്ചുകൊണ്ടുള്ള രാഷ്ട്രീയത്തെ ബംഗാൾ സ്വീകരിക്കില്ല. ഇക്കാര്യം എനിക്കു മനസ്സിലായി. രാഷ്ട്രീയത്തിൽ എന്തും സാധ്യമാണ്' ശുഭ്രാങ്‌സു കഴിഞ്ഞ ദിവസം പറഞ്ഞു. ശുഭ്രാങ്‌സുവിന്റെ അമ്മ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുകുൾ റോയിയും കോവിഡ് പോസിറ്റീവാണ്. മമതയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജി ഇവരെ ആശുപത്രിയിൽ സന്ദർശിച്ചത് ബിജെപി ക്യാംപിനെ ആശങ്കയിലാഴ്‌ത്തിയിരുന്നു.

എന്നാൽ അഭിഷേക് ബാനർജിയുടെ സന്ദർശനത്തിൽ അസ്വാഭാവികത ഇല്ലെന്നും നിർണായക സമയത്തു പാർട്ടി വിട്ടു ബിജെപിയിലേക്കു പോയവരെ തിരികെ കൊണ്ടുവരേണ്ടതില്ലെന്നുമുള്ള നിലപാടിലാണു തൃണമൂൽ നേതാക്കൾ. പാർട്ടിയിലേക്കു മടങ്ങിവരാൻ (ഘർ വാപസി) ആഗ്രഹം പ്രകടിപ്പിച്ചവരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് മൗനം തുടരുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം മമതാ ബാനർജിയുടേതായിരിക്കുമെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു.

ബംഗാളിലെ കനത്ത തോൽവിയെ തുടർന്ന് ബിജെപ സംസ്ഥാന നേതൃത്വത്തിനെതിരെ മുൻ അധ്യക്ഷനും ത്രിപുര, മേഖാലയ മുൻ ഗവർണറുമായ തഥാഗത റോയി നേരത്തെ രംഗത്ത് വന്നിരുന്നു. ബംഗാൾ പാർട്ടിയുടെ ചുമതലയുള്ള കൈലാഷ് വിജയ് വർഗിയ, സംസ്ഥാന അധ്യക്ഷൻ ദിലിപ് ഘോഷ്, മറ്റ് നേതാക്കളായ ശിവ് പ്രകാശ്, അരവിന്ദ് മേനോൻ എന്നിവർക്കെതിരെയാണ് തഥാഗത റോയി വിമർശനമുന്നയിച്ചത്. നാൽവർ സംഘമാണ് തോൽവിക്ക് കാരണമെന്നും ഇവർ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സൽപേരിന് കളങ്കം വരുത്തിയെന്നും റോയി ആരോപിച്ചിരുന്നു.

വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവർത്തകരെയും സ്വയം സേവകരെയും ഇവർ വഞ്ചിച്ചു. ഈ നാല് പേർ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരുന്ന് തൃണമൂലിൽനിന്നെത്തുന്ന മാലിന്യങ്ങൾക്ക് സീറ്റ് നൽകുകയായിരുന്നുവെന്ന് റോയി ആരോപിച്ചു. ബിജെപി ടിക്കറ്റിൽ സിനിമാ താരങ്ങൾക്ക് സീറ്റ് നൽകിയതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

തൃണമൂലിൽനിന്നെത്തിയ മാലിന്യങ്ങൾ തിരിച്ചു പോകും. ബിജെപിയിൽ നിന്ന് മറ്റ് പാർട്ടിയിലേക്ക് അണികളുടെ ചോർച്ചയുണ്ടാകും. അതോടെ ബംഗാളിൽ ബിജെപിയുടെ അവസാനമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ബംഗാളിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ ബിജെപിക്ക് നിരാശയാണ് ഫലം സമ്മാനിച്ചത്. ലോക്സഭയിൽ 18 സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ഭരണം പിടിക്കാൻ കളത്തിലിറങ്ങിയത്. ദിവസങ്ങളോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും നേരിട്ട് പ്രചാരണം നടത്തിയിട്ടും 75 സീറ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. തൃണമൂൽ കോൺഗ്രസാകട്ടെ നില മെച്ചപ്പെടുത്തി അധികാരം നിലനിർത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിജെപിയിൽ നേരുടുന്ന അവഗണയിൽ അസംതൃപ്തി തുറന്നുപ്രകടിപ്പിച്ച് പഴയ തൃണമൂൽ നേതാക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.