പാലക്കാട്: തീവണ്ടിയിൽ മതിയായ രേഖയില്ലാതെ കടിത്തയ 16 കിലോഗ്രാം സ്വർണം വിട്ടുകൊടുക്കാൻ വഴിവിട്ട നീക്കം തകൃതി. റെയിൽവേ സംരക്ഷണ സേനയും കസ്റ്റംസും ചേർന്നു പിടികൂടിയ സ്വർണം വിട്ടു കൊടുക്കനാനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ വഴിവിട്ട നീക്കം നടത്തുന്നത്. ചെന്നൈ കേന്ദ്രീകരിച്ചുള്ള വമ്പൻ റാക്കറ്റാണ് സ്വർണ്ണക്കടത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഇവർ ഒരു മുൻ കസ്റ്റംസ് കമ്മീഷണറെ സ്വാധീനിച്ചാണ് സ്വർണം മോചിപ്പിക്കാൻ ശ്രമം തുടങ്ങിയത്. ചെന്നൈ സ്വദേശിയാണ് ഈ മുൻ ഉദ്യോഗസ്ഥൻ.

ചെന്നൈയിലെ ഒരു മുൻ കസ്റ്റംസ് കമ്മിഷണർ ഇടനിലക്കാരനായി, കസ്റ്റംസ് മേഖലാ കേന്ദ്രത്തിലെ ഒാഫിസറുടെ സഹായത്തോടെയാണ് അനധികൃത നടപടിയെന്നാണ് ആരോപണം. നാലു ദിവസമായി സ്ഥലത്തു ക്യാംപ് ചെയ്താണു സ്വർണക്കടത്തു സംഘത്തിനുവേണ്ടി മുൻ കമ്മിഷണറുടെ നീക്കങ്ങൾ. സ്വർണത്തിന്റെ ഉടമകളെന്ന് അവകാശപ്പെട്ടു ചിലർ ഹാജരാക്കിയ രേഖകൾ, അന്വേഷണ സംഘത്തെ മറികടന്ന്, ഇദ്ദേഹത്തിന് ഒത്താശ ചെയ്യുന്ന ഒാഫിസർ നേരിട്ടു പരിശോധിച്ചതും വിവാദമായിട്ടുണ്ട്.

രണ്ടു ദിവസത്തിനകം സ്വർണം വിട്ടുകൊടുക്കണമെന്ന രീതിയിൽ ഡിവിഷൻതല അന്വേഷണ സംഘത്തിനു സന്ദേശം ലഭിച്ചതായാണു സൂചന. വഴിവിട്ടുള്ള ഈ നീക്കത്തിൽ അതൃപ്തിയുള്ളവരാണ് ചില ഉദ്യോഗസ്ഥർ. അന്വേഷണവും തുടർനടപടികളും പൂർത്തിയാക്കാതെയും ഉടമസ്ഥത തെളിയിക്കാതെയും സ്വർണം കൈമാറാനാകില്ലെന്ന ഉറച്ച നിലപാടിലാണ് അന്വേഷണസംഘമെങ്കിലും ഇവരുടെ മേൽ ശക്തമായ സമ്മർദമുണ്ട്. ഉന്നത ബന്ധങ്ങൾ ത്‌ന്നെയാണ് ഈസ്വർണ്ണക്കടത്തിന് ഇടയാക്കുന്ന കാര്യവും.

ഇത്തരം കേസുകളുടെ മേൽനോട്ട ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥൻ പരിശീലനത്തിനു പോയതു മുതലെടുത്താണു സ്വർണലോബിയെ സഹായിക്കാൻ ശ്രമം നടക്കുന്നത്. മാർച്ച് 11ന് ചെന്നൈ ആലപ്പി സ്‌പെഷൽ ട്രെയിനിൽ നിന്നാണ് ആർപിഎഫ് പാലക്കാട് ഡിവിഷൻ ക്രൈം ഇന്റലിജൻസിന്റെ സഹായത്തോടെ എട്ടു കോടിയോളം രൂപ വിലമതിക്കുന്ന, സ്വിസ് മുദ്രയുള്ള സ്വർണക്കട്ടികൾ അടക്കം 16 കിലോഗ്രാം സ്വർണം പിടികൂടിയത്.

കേസിൽ ഹരികൃഷ്ണൻ, നിമേഷ്, ടുബിൻ ജോണി എന്നിവർ അറസ്റ്റിലായി. മതിയായ രേഖകൾ ഇല്ലാതെയാിരുന്നു സ്വർണം പിടികൂടിയത്. ഇവർക്ക് രേഖകൾ ഹാജരാക്കാൻ സമയം നൽകിയെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ഉന്നതനെ കളത്തിലിറക്കി സ്വർണം രക്ഷിച്ചെടുക്കാൻ ശ്രമംതുടങ്ങിയത്.

ഇടപാടിനു പിന്നിൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റുണ്ടെന്നു സംശയിക്കുന്നതായി അന്വേഷണസംഘം ബന്ധപ്പെട്ട യൂണിറ്റിനു കത്തെഴുതിയതിനു പിന്നാലെയാണ് ഇടനിലക്കാരൻ വഴി തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചതെന്നാണു സൂചന. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ സ്വാധീനമുള്ള മുൻ കമ്മിഷണർ നേരത്തേയും ഇത്തരം ചില കേസുകളിൽ ഇടപെട്ടതായി ആരോപണമുണ്ട്.