കോഴിക്കോട്: സ്വർണ്ണക്കടത്തിലെ അധോലോക സംഘങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം വ്യാപിച്ചു കിടക്കുന്നതാണ്. തിരുവനന്തപുരം വിമാനത്താവളം മുതൽ കണ്ണൂർ വിമാനത്താവളം വരെ അത് നീണ്ടു നിവർന്നു കിടക്കുന്നു. ശ്രീലങ്കൻ വിമാനത്താവളവും ദുബായ് വിമാനത്താവളവുമായി നീളുന്നു ഈ സ്വർണ്ണക്കടത്തു സംഘത്തിന്റെ അധോലോക പ്രവർത്തനങ്ങൾ. സ്വർണം കടത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുമ്പോൾ ഇങ്ങനെ കടത്തി കൊണ്ടുവന്ന സ്വർണം കവർച്ച ചെയ്യാൻ മറ്റൊരു സംഘവും. ഇവർക്കിടയിൽ ഡബിൾ ഗെയിം കളിക്കുന്ന ഏജന്റുമാരും കൂടിയാകുമ്പോൾ എല്ലാം പ്രവചനാതീതമാണ്. കേരളത്തിലെ റോഡുകളിൽ റേസ് ചെയ്ത് സ്വർണം തട്ടിയെടുക്കുന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റിയത് ഇങ്ങനെ ചേരി തിരിഞ്ഞുള്ള അധോലോകത്തിന്റെ ഏറ്റുമുട്ടലുകളാണ്.

അർജുൻ ആയങ്കി ഉൾപ്പെട്ട സ്വർണക്കവർച്ചാ സിൻഡിക്കറ്റിന്റെ ബുദ്ധികേന്ദ്രം ദുബായിൽ ആണെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഈ സ്വർണകവർച്ചാ സംഘത്തിന്റെ വ്യാപ്തിയെ കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകും. വിദേശത്തുനിന്നു സ്വർണം വാങ്ങി കാരിയർമാരെ ഉപയോഗിച്ച് ഇന്ത്യയിലേക്കു കടത്തുന്ന സംഘങ്ങൾക്കും ഇതു തട്ടിയെടുക്കുന്നവർക്കും ഇടയിൽ ഏജന്റുമാരാണ് പലപ്പോഴും നിർണായക കളിക്കാരായി മാറുന്നത്. വിശ്വാസ്യത എന്നൊന്ന് ഈ സംഘങ്ങൾക്കിടയിൽ ഇല്ല.

ഇരുപക്ഷത്തു നിന്നും ഇവർ കടത്തുകൂലി കൈപ്പറ്റുവരാണ് ഇടനിലക്കാരായി നിൽക്കുന്നവർ. വിലപേശുന്ന കടത്തുകാരെ കസ്റ്റംസിനും ഡിആർഐക്കും ഒറ്റി പാരിതോഷികവും സ്വന്തമാക്കും. പിടിയിലായ മുഹമ്മദ് ഷഫീഖാണ് ഈ കള്ളക്കളി വെളിപ്പെടുത്തിയത്. സ്വർണക്കടത്തുകാരും ഗുണ്ടകളും പരസ്പരം പിന്തുടർന്ന് കോഴിക്കോട് രാമനാട്ടുകരയിൽ 5 പേർ മരിക്കാനിടയായതാണ് സ്വർണക്കടത്തിനും കവർച്ചയ്ക്കും പിന്നിലെ കള്ളി വെളിച്ചത്തു കൊണ്ടുവന്നത്. ഷഫീഖിനെയും അർജുനെയും ഒരുമിച്ചു ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ.

കരിപ്പൂർ വഴി സ്വർണം കടത്തുന്ന കൊടുവള്ളി സംഘത്തിനും അർജുൻ നേതൃത്വം നൽകുന്ന കവർച്ചാ സംഘത്തിനും ഇടയിൽ ഡബിൾ ഗെയിം കളിച്ചതു ജലീലെന്ന ഏജന്റാണെന്നാണു വിവരം. കൊടുവള്ളി സംഘത്തിനുള്ള 2.33 കിലോഗ്രാം സ്വർണം ഷഫീഖിനെ ഏൽപിച്ചതു ജലീലാണ്. ഷഫീഖ് സ്വർണം കൊണ്ടുവരുന്ന വിവരം ആയങ്കിക്കു കൈമാറിയതും ഇയാൾ തന്നെ. കാരിയറായ ഷഫീഖിനെ പരിചയപ്പെടുത്തി അവർക്കിടയിൽ വിലപേശലിനു വഴിയൊരുക്കി.

ഷഫീഖിന്റെ പക്കൽ സ്വർണമുള്ള വിവരം കസ്റ്റംസിനു കൈമാറിയതും ജലീലാണെങ്കിൽ വിവരം നൽകുന്നവർക്കു ലഭിക്കുന്ന നിയമപരമായ സംരക്ഷണം ഇയാൾക്കു ലഭിക്കും. സലീം, മുഹമ്മദ് എന്നിവർകൂടി ദുബായ് സംഘത്തിലുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു സ്വർണക്കവർച്ചാ സംഘങ്ങളുടെ കണ്ണികൾ പ്രവർത്തിക്കുന്നുണ്ട്.

ദുബായിലെ ഏജന്റുമാരുടെ സഹായത്തോടെ കാരിയർമാരെത്തന്നെ വശത്താക്കി സ്വർണം കവരുന്നതാണു ഫലപ്രദമായ മാർഗമായി കവർച്ചക്കാർ കരുതുന്നത്. ചെർപ്പുളശേരി, പെരുമ്പാവൂർ, ആറ്റിങ്ങൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം ക്വട്ടേഷൻ സംഘങ്ങളുണ്ട്. കവർച്ചയ്ക്കു ശേഷം മറിച്ചുവിൽക്കാൻ ബുദ്ധിമുട്ടുണ്ടായാൽ കടത്തുകാരോടു തന്നെ വിലപേശി സ്വർണം തിരികെ നൽകുന്ന ഏർപ്പാടുമുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ ഇടപെടൽ ഒഴിവാക്കാൻ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി ബന്ധം സൂക്ഷിക്കുന്നതാണ് ഇവരുടെ രീതി.

അതേസമയം അർജുൻ ആയങ്കിയുടെ സംഘം പലപ്പോഴായി തട്ടിയെടുത്ത കള്ളക്കടത്തു സ്വർണത്തിന്റെ വില 6 കോടി രൂപയിലധികം വരുമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 22 തവണ ഇവർ സ്വർണം കവർന്നതായാണ് നിഗമനമെങ്കിലും കൂടുതൽ തവണ കവർച്ചയ്ക്ക് ഇരകളായ കൊടുവള്ളി സംഘം പറയുന്നത് 25 തവണ കവർച്ച ചെയ്യപ്പെട്ടതായാണ്. കൊടുവള്ളി സംഘം ഏർപ്പെടുത്തിയ ചെർപ്പുളശേരിയിലെ ഗുണ്ടാ സംഘം, അർജുൻ സഞ്ചരിച്ച കാറിനെ പിന്തുടർന്നത് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താനാണെന്നും സംശയിക്കുന്നു.

തിരുവനന്തപുരം നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസിനു വേണ്ടി ദുബായിൽ സ്വർണം ശേഖരിച്ചിരുന്ന സംഘത്തിൽ അർജുന്റെ കൂട്ടാളിയായ സലീം അംഗമാണെന്നും സംശയിക്കുന്നുണ്ട്. അതേസമയം, അർജുന്റെ സംഘത്തിൽ സിപിഎം ബന്ധമുള്ള കൂടുതൽ പേരുണ്ടെന്നാണു സൂചന.

സ്വർണം തട്ടിയെടുക്കലുമായി ബന്ധപ്പെട്ടു പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലൊന്ന് പാനൂർ സ്വദേശിയും അർജുന്റെ സുഹൃത്തുമായ ശ്രീലാലിന്റേതാണെന്നു കരുതുന്നു. അർജുൻ ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന സജേഷിനെപ്പറ്റി അന്വേഷണം നടത്തുന്നില്ലെന്നു പൊലീസ് അറിയിച്ചു.