കൊച്ചി: ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നിൽ ഗൂഢാലോചനയെന്നും ക്രൈംബ്രാഞ്ചിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. കേസ് ഇന്ന് പരിഗണിക്കും. നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യവും ഇഡി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയുടെ സൂചനയാണെന്നും ഇ.ഡി ആരോപിക്കുന്നു. നേരത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇ.ഡി ഡിജിപിയെ സമീപിച്ചിരുന്നു. ഇതിന് പിന്നിലെയാണ് ഇ.ഡി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡിക്കെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്ത സാഹചര്യത്തിലാണു സംഭവം മൂന്നാമതൊരു ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ഇ.ഡി. ഉന്നയിക്കുന്നത്. ഐ.പി.സി. 120 (ബി) പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടെന്നും സർക്കാർ ജീവനക്കാർ ഉൾപ്പെട്ട കേസായതിനാൽ സിബിഐ. അന്വേഷണം വേണമെന്നുമാണു ഇ.ഡിയുടെ വാദം.

തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി സുരക്ഷാചുമതലയ്ക്കു നിയോഗിച്ച പേലീസ് ഉദ്യോഗസ്ഥകളെ ഉപയോഗിച്ചു ചോർത്തിയതും അതിന്റെ മറവിൽ ക്രൈംബ്രാഞ്ച് കേസെടുത്തതും ഇ.ഡി. കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇ.ഡി. കേന്ദ്ര ഡയറക്ടറേറ്റാണു സിബിഐ. അന്വേഷണം ആവശ്യപ്പെടണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംഭവത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞിരുന്നു. കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചതായി സ്വപ്നയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന രണ്ടു പൊലീസുകാരികൾ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. സ്വപ്നയുടെ കൂട്ടുപ്രതി സന്ദീപ് നായരും ഇതേ പരാതി ഉന്നയിച്ചു കോടതിക്കു കത്തും നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപിച്ചത്.

സ്വപ്ന സുരേഷിന്റെ സുരക്ഷയ്ക്കായി പൊലീസിലെ ഇടതു സംഘടനാ ഭാരവാഹികളെ നിയോഗിച്ചതു ബോധപൂർവമെന്നാണു ഇ.ഡിയുടെ വാദം. സ്വപ്നയുടെ ശബ്ദരേഖ ചോർത്താനുള്ള ഗൂഢാലോചന നടന്നതു മാസങ്ങൾ മുമ്പാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കേയാണു പൊലീസുകാരിൽ ഒരാളുടെ ഫോണിൽ നിന്നു സ്വപ്നയെ മറ്റൊരു ഫോണിലേക്കു വിളിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന ഏജൻസികൾ തമ്മിൽ ഏറ്റുമുട്ടുന്നതു പൊതുസമൂഹത്തിൽ വിശ്വാസ്യത തകർക്കുമെന്നു ഇ.ഡി. കേന്ദ്രസർക്കാരിനു കൈമാറിയ റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെയാകും ഇനി ഇഡിയുടെ അന്വേഷണം.

സ്വപ്നയെ നിർബന്ധിക്കുന്നതു കണ്ടെന്നു മൊഴി നൽകിയ പൊലീസ് ഉദ്യോഗസ്ഥകൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് ഇ.ഡി. കത്തു നൽകിയിരുന്നു. ഇവരുടേതു വ്യാജ മൊഴിയാണെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് ആരോപണം. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരേ സംസ്ഥാന പൊലീസ് കേസെടുക്കുന്ന അസാധാരണ നടപടിക്കു പിന്നിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ താൽപ്പര്യവും നേരിട്ടുള്ള ഇടപെടലുമുണ്ടെന്ന് ഇ.ഡി. കരുതുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാൻ സമ്മർദമുണ്ടെന്നു സ്വപ്ന ആരോടോ ടെലിഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിലാണു തർക്കത്തിന്റെ തുടക്കം. കസ്റ്റംസ് കേസിൽ മജിസ്ട്രേറ്റിനു സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ മുഖ്യമന്ത്രിയുടെ പങ്കിനെപ്പറ്റി പറയുന്നുണ്ടെന്നു കസ്റ്റംസ് കമ്മിഷണർ കോടതിയെ അറിയിച്ചതോടെ വിവാദം പുതിയ തലത്തിലെത്തി.

മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി. ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിക്കുന്നതു കേട്ടെന്നു രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. സ്വപ്നയുടെ ശബ്ദരേഖയെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് ഇവർ മൊഴി നൽകിയത്. സമാനമായ ആരോപണമടങ്ങിയ കത്ത് സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതി സന്ദീപ് നായർ കോടതിക്കു നൽകിയിട്ടുണ്ട്. തനിക്കു മേൽ സമ്മർദമുണ്ടായെന്നു മജിസ്ട്രേറ്റിനു മുന്നിൽപ്പോലും സ്വപ്ന പരാതിപ്പെട്ടിട്ടില്ലെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. സ്വപ്നയുടെ എസ്‌കോർട്ട് ജോലിമാത്രമുള്ള പൊലീസ് ഉദ്യോഗസ്ഥകൾ മൊഴിയെടുക്കൽ കേട്ടെന്ന് അവകാശപ്പെടുന്നതിന്റെ വിശ്വാസ്യതയും ഇ.ഡി. ചോദ്യംചെയ്തിട്ടുണ്ട്.

ഇതേ കാരണങ്ങൾ വിവരിച്ചാണ് പൊലീസുകാരികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്കു കത്തു നൽകിയത്. അറസ്റ്റിലായി എട്ടു മാസത്തിനുശേഷം സന്ദീപ് നായർ ഉന്നയിച്ച പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ വിലയിരുത്തുന്നു. പൊലീസ് ഉദ്യോഗസ്ഥകളുടെ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഡി.ജി.പിക്കു നൽകിയ കത്തിൽ പറയുന്നു.