കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണം എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും ഇഡി കണ്ടുകെട്ടിയതായി ഉത്തരവിറക്കി. നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി പി.ആർ.സരിത്തിൽ നിന്നും പിടികൂടിയ പണമാണ് ഇഡി കണ്ടുകെട്ടിയത്.

പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇഡി നേരത്തെ കണ്ട് കെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവിൽ ഇഡി വ്യക്തമാക്കുന്നു.

സ്വർണക്കടത്തിനായി പണം നിക്ഷേപിച്ച ഒൻപത് പേർക്ക് അന്വേഷണത്തിന്റെ ഭാഗമായി ഇഡി നോട്ടീസയച്ചിട്ടുണ്ട്. റബിൻസ്, അബ്ദു പി ടി,അബദുൾ ഹമീദ്, ഷൈജൽ,കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ ഷമീർ എന്നീ പ്രതികൾക്കാണ് നോട്ടീസ് അയച്ചത്.

2020 ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് കേസിനു തുടക്കമായത് കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. ആയ സരിത്ത്, സ്വപ്ന സുരേഷ് എന്നിവർ കേസിൽ അറസ്റ്റിലായി.അന്വേഷണം മുന്നോട്ടു പോയതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശക്കടക്കമുള്ളവർ സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളിൽ അറസ്റ്റിലായത്.

കള്ളപ്പടത്തുകേസിലെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ കേസിൽ ഇടപെട്ട 53 പേർക്ക് കസ്റ്റംസ് ഷോകോസ് നോട്ടീസ് നൽകിയിരുന്നു. ജയിൽ കഴിയുന്ന പ്രതികൾക്ക് ജയിലിലെത്തിയും വിദേശത്തുള്ള യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിദേശകാര്യമന്ത്രാലയം വഴിയുമാണ് നോട്ടീസുകൾ നൽകിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം യു.എ.ഇ കോൺസൽ ജനറൽ കള്ളക്കടത്തിന് മറയാക്കിയതായി പ്രതികൾക്ക് നൽകിയ ഷോകോസ് നോട്ടീസിൽ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി,അറ്റാഷെ റാഷിദ് ഖാമിസ്, അലി അക്കൗണ്ടന്റ് ഖാലിദ് അടക്കമുള്ളവരാണ് കള്ളക്കടത്തിന്റെ ആസൂത്രകരെന്ന് നോട്ടീസ് വ്യക്തമാക്കിയിരുന്നു. വിയറ്റ്നാമിൽ ജോലി നോക്കവെ കള്ളക്കടത്തിനെ തുടർന്ന് അച്ചടക്ക നടപടി വാങ്ങി സ്ഥലംമാറ്റപ്പെട്ട് കേരളത്തിലെത്തിയ ഇരുവരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നു. സ്വപ്ന സുരേഷിനെയും സരിത്തിനെയും സമർത്ഥമായി ഇടനിലക്കാരായി വിനിയോഗിച്ചു.

മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ഉന്നത രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി ബോധപൂർവ്വം കോൺസൽ ജനറൽ അടുപ്പം സ്ഥാപിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോളുകളും ലംഘിച്ചായിരുന്നു ഇടപാടുകൾ. കാര്യമായ സുരക്ഷാ ഭീഷണികൾ ഇല്ലാതിരുന്ന ഇദ്ദേഹത്തിന് എക്സ് കാറ്റഗറി സുരക്ഷ പോലും സർക്കാർ നൽകി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ യോഗങ്ങൾ നടന്നതായും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷ്, സരിത്ത് എന്നിവർ നേരിട്ടും കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരവും കള്ളക്കടത്ത് നടത്തിയിട്ടുണ്ട്.ഇവയടക്കം മൂന്നു നയതന്ത്ര ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കുന്നതിനായുള്ള കാരണങ്ങൾ വ്യക്തമാക്കുന്നതിനുള്ള 260 പേജുവരുന്ന നോട്ടീസാണ് നൽകിയത്.

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസൽ ഫരീദിന്റെ കൂട്ടാളിയുമായ മുഹമ്മദ് മൻസൂർ നേരത്തെ പിടിയിൽ ആയിരുന്നു. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തിരുവമ്പാടി സ്വദേശിയാണ് മുഹമ്മദ് മൻസൂർ. ദുബായിലായിരുന്ന ഇയാൾ ചെക്ക് കേസിൽ അറസ്റ്റിലായി ജയിലിലായിരുന്നു. കാലാവധി കഴിഞ്ഞതിനെത്തുടർന്ന് മുഹമ്മദ് മൻസൂറിനെ അവിടെ നിന്ന് നാടുകടത്തി നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.