കൊച്ചി: സ്വർണ്ണ കടത്തിലും ഡോളർ കടത്തിലുമുള്ള അന്വേഷണം അട്ടിമറിക്കപ്പെടുന്ന സംശയങ്ങൾക്കിടെ ചർച്ചയാകുന്നത് സ്വപ്‌നാ സുരേഷും സരിത്തും നൽകിയ മൊഴി. സംസ്ഥാനത്തെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 3 ഉന്നത ഉദ്യോഗസ്ഥർ വഴി വിദേശത്തേക്കു കടത്തിയതായി കസ്റ്റംസിന് വ്യക്തമായ മൊഴി കിട്ടിയിരുന്നു. ഇതടക്കം നിർണായക വിവരങ്ങളുടെ സൂചന സ്വപ്നയുടെ മൊഴിയിൽ നിന്നാണു ലഭിച്ചുവെന്നാണ് പുറത്തു ചർച്ചയായ വിവരം. ഇതിൽ ഭരണഘടനാ പദവിയുള്ള ഉന്നതനും ഉണ്ടെന്ന വിവരവും ചർച്ചയായി. ഈ വിവരങ്ങളിലേക്കാണ് അന്വേഷണം ഇപ്പോൾ നീങ്ങാത്തത്.

തുടക്കത്തിൽ ഈ കേസിൽ വലിയ ഇടപടെൽ കേന്ദ്രം നടത്തിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചതെന്ന് കൂടി വാർത്തകളെത്തി. എന്നാൽ പെട്ടെന്ന് എല്ലാം പുകമറയിലായി. കേസ് അന്വേഷിക്കാനെത്തിയ എൻ ഐ എ വേണ്ടത്ര വേഗം കാട്ടിയില്ല. ഇതിനൊപ്പം സന്ദീപ് നായരെ മാപ്പു സാക്ഷിയുമായി. കേസിലെ സുപ്രധാന കുറ്റവാളിയായി ഏവരും കണ്ടത് സന്ദീപ് നായരെയാണ്. സ്വർണ്ണ കടത്തിലെ ബുദ്ധികേന്ദ്രം പി ശിവശങ്കറാണെന്ന് കസ്റ്റംസ് കോടതിയിൽ പല ഘട്ടത്തിലും പറഞ്ഞു. എന്നാൽ എൻ ഐ എ ഇതൊന്നും ഗൗരവത്തോടെ പരിഗണിക്കുകയോ ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കുകയോ ചെയ്തില്ല. ലൈഫ് മിഷനിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടി. എന്നാൽ ഇവിടേയും അന്വേഷണത്തിൽ പുറം ലോകത്തിന് ഇപ്പോൾ യാതൊരു വിവരവുമില്ല.

മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അൽഷെമേലി, ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി എന്നിവർ വൻ തോതിൽ ഇന്ത്യൻ രൂപ ഡോളറിലേക്കു മാറ്റിയ ശേഷം വിദേശത്തേക്കു കടത്തിയതായും ഇത്, ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പണമായിരുന്നുവെന്നുമാണു സ്വപ്നയും സരിത്തും നൽകിയ മൊഴി. ആരുടെയൊക്ക പണമാണ് ഇത്തരത്തിൽ കടത്തിയതെന്നു കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഈ സൂചനകളിലേക്ക് അന്വേഷണം നീളുന്നില്ലെന്നതാണ് ഉയരുന്ന ആരോപണം. ഇതിന് പിന്നിൽ രാഷ്ട്രീയ ഒത്തുതീർപ്പുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കേരളത്തിൽ നിന്ന് അടിക്കടി യുഎഇ സന്ദർശനം നടത്തിയ ചില രാഷ്ട്രീയ നേതാക്കൾ സംശയത്തിന്റെ നിഴലിലാണ്. ഇവർക്കു യുഎഇയിൽ നിക്ഷേപം നടത്താനുള്ള ഡോളർ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർ കടത്തിയെന്നാണു സംശയം. കോൺസൽ ജനറലും മറ്റ് ഉദ്യോഗസ്ഥരും സ്വർണം കേരളത്തിലേക്കു കടത്തിയതായും മൊഴിയിലുണ്ട്. 'കോൺസൽ ഈറ്റിങ് മാംഗോസ്' എന്നാണ് ഈ ഇടപാടുകൾക്കുള്ള കോഡെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. കോൺസുലേറ്റിലെ പിഴവുകൾ കണ്ടെത്തിയങ്കിലും പ്രധാന ഉദ്യോഗസ്ഥരെല്ലാം നയതന്ത്ര പരിരക്ഷാ മറവിൽ ഒളിച്ചിരിക്കുകയാണ്. കോൺസുൽ ജനറലിനേയും അറ്റാഷയേയും ചോദ്യം ചെയ്യാൻ യുഎഇ അനുവദിക്കുന്നുമില്ല,

സന്ദീപും റമീസും നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് ആസൂത്രണം ചെയ്യുന്നതിനു മുൻപു തന്നെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സ്വർണക്കടത്തു തുടങ്ങിയതായാണു കണ്ടെത്തൽ. ജമാൽ അൽസാബിയും ഖാലിദ് അലി ഷൗക്രിയും നേരത്തേ വിയറ്റ്‌നാമിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നതായും സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടിരുന്നതായും കസ്റ്റംസ് കണ്ടെത്തി. ഇതൊന്നും യുഎഇയെ വേണ്ട രീതിയിൽ ബോധ്യപ്പെടുത്താനോ കുറ്റവാളികളെ വിട്ടു കിട്ടാനോ വിദേശകാര്യ മന്ത്രാലയം വേണ്ട കരുതൽ എടുത്തില്ല. ഇതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചു നടന്ന പല നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിലെ ചില പ്രമുഖരുടെ ഒത്താശയുണ്ടായിരുന്നതായും കണ്ടെത്തി. നയതന്ത്ര പരിരക്ഷ ഉപയോഗിച്ചു യാത്ര െചയ്ത മൂന്നു വിദേശ വനിതകൾ, കോൺസൽ ജനറലിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ചട്ടവിരുദ്ധമായാണ് ഇവർക്കു നയതന്ത്ര പരിരക്ഷ ലഭിച്ചത്. ഇതിന് പിന്നിലും സെക്രട്ടറിയേറ്റ് ബന്ധങ്ങൾ നിഴലിക്കുന്നുണ്ട്. ഇതൊന്നും അന്വേഷിക്കാതെ കേസ് അവസാനിപ്പിക്കാനാണ് എൻഐഎയ്ക്കും താൽപ്പര്യമെന്നാണ് ഉയരുന്ന വിലയിരുത്തൽ.

നയതന്ത്ര പാഴ്‌സലിനുള്ളിൽ സ്വർണം കടത്തിയ കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴികളുടെ പകർപ്പ് ലഭിക്കാനുള്ള കസ്റ്റംസിന്റെ അപേക്ഷ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി അനുവദിച്ചത് പോലും ഈയിടെയാണ്. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ മൊഴിപ്പകർപ്പു നൽകുന്നതിനെ എൻഐഎ ആദ്യം എതിർത്തിരുന്നു. യുഎപിഎ ചുമത്തപ്പെട്ട എൻഐഎ കേസിൽ മാപ്പുസാക്ഷിയാകാൻ സാധ്യതയുള്ള സന്ദീപ് നായർ കസ്റ്റംസ് കേസിൽ കോഫെപോസ കരുതൽ തടങ്കലിലാണ്.

കെ.ടി.റമീസിനെ പി.എസ്.സരിത്തിനും സ്വപ്‌ന സുരേഷിനും പരിചയപ്പെടുത്തി നയതന്ത്ര പാഴ്‌സൽ വഴി സ്വർണം കടത്താൻ ഒത്താശ ചെയ്തു കമ്മിഷൻ വാങ്ങിയ കുറ്റമാണ് സന്ദീപിനെതിരെ കസ്റ്റംസ് ചുമത്തിയിട്ടുള്ളത്.