തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിനെ പിടിച്ചുകുലുക്കിയ നയതന്ത്ര സ്വർണ്ണക്കടത്തു കേസ് ഒരു വർഷം പിന്നിടുമ്പോൽ രാഷ്ട്രീയ കോലാഹലങ്ങൾക്ക് അപ്പുറത്തേക്ക് എങ്ങുമെത്തിയില്ല. ഒന്നിലേറെ കേന്ദ്ര ഏജൻസികളാണ് കേസിൽ അന്വേഷണം നടത്തിയത്. എന്നിട്ടും ഇപ്പോഴും കേസിലെ മുഖ്യപ്രതികളെ പോലും പിടികൂടാൻ സാധിച്ചിട്ടില്ല. 2020 കഴിഞ്ഞ ജൂൺ 30ന് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ നയതന്ത്ര ബാഗേജിൽ നിന്നാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചത്.

യുഎഇ കോൺസുലേറ്റിന്റെ മേൽവിലാസത്തിൽ കസ്റ്റംസ് കാർഗോ കോംപ്ലക്സിൽ എത്തി ബാഗേജ് രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് തടഞ്ഞുവച്ചത്. ജൂലൈ അഞ്ചിന് ബാഗേജ് തുറന്നു പരിശോധിച്ചതോടെ കസ്റ്റംസ് കേസിന് തുടക്കമായി. കോൺസുലേറ്റിലെ മുൻ പിആർഒ പി എസ് സരിത്താണ് ആദ്യം അറസ്റ്റിലായത്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്രനിർദ്ദേശത്തോടെ ജൂലൈ 10ന് എൻഐഎ കേസെടുത്തു. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവിൽ നിന്ന് എൻഐഎ പിടികൂടി. പ്രതികളുടെ കള്ളപ്പണ ഇടപാട് അന്വേഷണത്തിന് ഇഡിയും കേസ് രജിസ്റ്റർ ചെയ്തു.

കസ്റ്റം ഇതിനിടെ കേസുമായി ബന്ധമുള്ള പത്തോളം പേരെ അറസ്റ്റുചെയ്തിരുന്നു. നിരവധി കേസുകളിൽ പ്രതിയായ കെ ടി റമീസ്, വിദേശത്തുള്ള മുഖ്യപ്രതിയെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ കൂട്ടാളി റബിൻസ്, സ്വർണ്ണക്കടത്തിന് പണം സമാഹരിച്ച് നൽകിയവരും കള്ളക്കടത്ത് സ്വർണം വാങ്ങിവരും ഉൾപ്പെടെ പ്രതികളും പിന്നീട് അറസ്റ്റിലായി. കള്ളക്കടത്തിൽ കോൺസുലേറ്റ് ജനറലിനും അറ്റാഷെക്കുമുള്ള പങ്ക് പ്രതികൾ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ആദ്യഘട്ടത്തിൽ അവരെ കേസിൽ പ്രതിചേർത്തില്ല. ഇതിനിടെ അവർ രാജ്യംവിട്ടുപോകുകയുംചെയ്തു.

കസ്റ്റംസ്, എൻഐഎ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ, ആദായനികുതിവകുപ്പ് തുടങ്ങി എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണത്തിനെത്തിയിരുന്നു. പക്ഷേ കാര്യമായ തെളിവുകളോടെ മുന്നോട്ടുപോകാൻ ഏജൻസികൾക്ക് കഴിഞ്ഞില്ല.

കേരള മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സ്വർണ്ണക്കടത്തു കേസ്

സ്വപ്‌ന സുരേഷിന് എം ശിവശങ്കരനുമായുണ്ടായിരുന്ന ബന്ധമാണ് ഈ കള്ളക്കടത്തു കേസിലെ ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചത്. സ്വപ്നക്ക് ഐടി സെക്രട്ടറി എം ശിവശങ്കറുമായുള്ള ബന്ധം ചികിഞ്ഞ് കേസന്വേഷണം സംസ്ഥാനസർക്കാരിലേക്ക് എത്തി. അതേസമയം തെളിവുകളുടെ അഭാവത്തിൽ ശിവശങ്കർ എൻഐഎ കേസിൽ പ്രതിപോലുമായില്ല. ഖുറാൻ വിതരണത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണത്തിന്റെ പേരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെയും പ്രതികളിലൊരാളുടെ വെളിപ്പെടുത്തലിന്റെ പേരിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എൻ രവീന്ദ്രനെയും ചോദ്യംചെയ്തു.

കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഉൾപ്പെടെ 53 പ്രതികൾ. ഈ പ്രതികൾക്കെല്ലാം കസ്റ്റംസ് കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പക്ഷേ കേസിൽ പ്രധാന പ്രതിപ്പട്ടികയിലുള്ള കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി എന്നിവരുടെ കാര്യത്തിൽ അന്വേഷണ ഏജൻസികൾക്ക് ഒന്നും ചെയ്യാനുമാകില്ല. ഇവർക്കെതിരെയുള്ള നടപടികളെക്കുറിച്ച് വിദേശകാര്യ വകുപ്പ് ആലോചിക്കുന്നതേയുള്ളൂ. ഇവരാണ് കേസിലെ മുഖ്യ ആസൂത്രകരണെന്ന സംശയമാണുള്ളത്.

സ്വർണക്കടത്ത് പുറത്തുവന്നതോടെ സർക്കാരിനെ കുഴപ്പത്തിലാക്കിയത് ലൈഫ് മിഷൻ പദ്ധതിയിലെ ഇടപാടുകളാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ഫ്‌ളാറ്റ് നിർമ്മാണത്തിന് പണം നൽകിയ ദുബായിലെ റെഡ് ക്രസന്റിന്റെ ഫണ്ടിൽ നിന്ന് കോടികൾ കമ്മിഷനായി സ്വപ്നയും സംഘവും തട്ടിയെടുത്തതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഇതിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.

ഇഡിയുടെ അന്വേഷണത്തിനെതിരെ പരസ്യമായ ഏറ്റുമുട്ടലിനും സർക്കാർ തുനിഞ്ഞു. മുഖ്യമന്ത്രിയുടെ പേരു പറയിക്കാൻ ഇഡി സമ്മർദം ചെലുത്തുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്നു. ഇതിൽ പിടിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ ഇഡിക്കെതിരെ 2 കേസുകളും രജിസ്റ്റർ ചെയ്തു. ഇഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആറുകൾ ഹൈക്കോടതി റദ്ദാക്കിയെങ്കിലും ജുഡീഷ്യൽ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ച് സർക്കാർ അടുത്ത നീക്കം നടത്തി. കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറന്നിട്ടും സെക്രട്ടേറിയറ്റിൽ വരെ പരിശോധന പലവട്ടം നടത്തിയിട്ടും എം.ശിവശങ്കറിന് മുകളിലേക്ക് അന്വേഷണ ഏജൻസികൾക്കു തെളിവു കിട്ടിയില്ല.

ഏറ്റവും ഒടുവിൽ പ്രതികൾക്ക് ഒരു ഷോക്കോസ് നേട്ടീസ്

ഈ കേസിൽ ഏറ്റവും ഒടുവിൽ സംഭവിച്ചിരിക്കുന്നത് പ്രതികൾക്ക് ഒരു ഷോക്കോസ് നോട്ടീസ് നൽകി എന്നതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം യു.എ.ഇ കോൺസൽ ജനറൽ കള്ളക്കടത്തിന് മറയാക്കിയതായി പ്രതികൾക്ക് നൽകിയ ഷോകോസ് നോട്ടീസിൽ പറയുന്നു. കള്ളപ്പടത്തുകേസിലെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കേസിൽ ഇടപെട്ട 53 പേർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്. ജയിൽ കഴിയുന്ന പ്രതികൾക്ക് ജയിലിലെത്തിയും വിദേശത്തുള്ള യു.എ.ഇ നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിദേശകാര്യമന്ത്രാലയം വഴിയുമാണ് നോട്ടീസുകൾ നൽകിയത്.

തിരുവനന്തപുരം കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി,അറ്റാഷെ റാഷിദ് ഖാമിസ്, അലി അക്കൗണ്ടന്റ് ഖാലിദ് അടക്കമുള്ളവരാണ് കള്ളക്കടത്തിന്റെ ആസൂത്രകരെന്ന് നോട്ടീസ് വ്യക്തമാക്കുന്നു. വിയറ്റ്നാമിൽ ജോലി നോക്കവെ കള്ളക്കടത്തിനെ തുടർന്ന് അച്ചക്കനടപടി വാങ്ങി സ്ഥലംമാറ്റപ്പെട്ട് കേരളത്തിലെത്തിയ ഇരുവരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നു. സ്വപ്ന സുരേഷിനെയും സരിത്തിനെയും സമർത്ഥമായി ഇടനിലക്കാരായി വിനിയോഗിച്ചു.

മുഖ്യമന്ത്രി, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ഉന്നത രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി ബോധപൂർവ്വം കോൺസൽ ജനറൽ അടുപ്പം സ്ഥാപിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോളുകളും ലംഘിച്ചായിരുന്നു ഇടപാടുകൾ. കാര്യമായ സുരക്ഷാ ഭീഷണികൾ ഇല്ലാതിരുന്ന ഇദ്ദേഹത്തിന് എക്സ് കാറ്റഗറി സുരക്ഷ പോലും സർക്കാർ നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ യോഗങ്ങൾ നടന്നതായും നോട്ടീസിൽ വ്യക്തമാക്കുന്നു. സ്വപ്ന സുരേഷ്, സരിത്ത് എന്നിവർ നേരിട്ടും കോൺസൽ ജനറലിന്റെ നിർദ്ദേശപ്രകാരവും കള്ളക്കടത്ത് നടത്തിയിട്ടുണ്ട്.ഇവയടക്കം മൂന്നു നയതന്ത്ര ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കുന്നതിനായുള്ള കാരണങ്ങൾ വ്യക്തമാക്കുന്നതിനുള്ള 260 പേജുവരുന്ന നോട്ടീസാണ് നൽകിയിരിക്കുന്നത്.

സ്വർണ്ണക്കടത്ത് കേസ് വിവാദത്തിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പ്. ഗൾഫിലേക്ക് കടന്ന യുഎഇ കോൺസൽ ജനറലിനെയും അറ്റാഷെയേയും കേസിൽ പ്രതികളാക്കാൻ നേരത്തെ കസ്റ്റംസ് തീരുമാനിച്ചിരുന്നു. ആറുമാസം മുമ്പ് കസ്റ്റംസ് നൽകിയ അപേക്ഷയ്ക്ക് രണ്ടാഴ്ച മുമ്പ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു.

നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസൽ ഫരീദിന്റെ കൂട്ടാളിയുമായ മുഹമ്മദ് മൻസൂർ കഴിഞ്ഞ ദിവസം പിടിയിൽ ആയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് എൻഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് തിരുവമ്പാടി സ്വദേശിയാണ് മുഹമ്മദ് മൻസൂർ. ദുബായിലായിരുന്ന ഇയാൾ ചെക്ക് കേസിൽ അറസ്റ്റിലായി ജയിലിലായിരുന്നു. കാലാവധി കഴിഞ്ഞതിനെത്തുടർന്ന് മുഹമ്മദ് മൻസൂറിനെ അവിടെ നിന്ന് നാടുകടത്തി. തുടർന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാൻ എൻഐഎ ശ്രമം നടത്തിയെങ്കിലും ഇതുവരെയും സാധിച്ചിട്ടില്ല. മുഹമ്മദ് ഹൈസലിലെ പിടികൂടാനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു.