കോഴിക്കോട്: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ റെയ്ഡ് തുടരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ടി.എം.സംജുവിന്റെ എരഞ്ഞിക്കലിലെ ഭാര്യാവീട്ടിലും ഭാര്യാപിതാവിന്റെ ജൂവലറിയിലും, മറ്റൊരു പ്രതി കെ.വി.മുഹമ്മദ് അബ്ദുഷമീമിന്റെ കൊടുവള്ളി മാനിപുരത്തെ വീട്ടിലാണ് കഴിഞ്ഞ ദിവസം എൻഐഎ റെയ്ഡ് നടത്തിയത്. കഴിഞ്ഞയാഴ്ച ഭാര്യാപിതാവിനെ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെ സംജുവിനെ എരഞ്ഞിക്കലിലെ വീട്ടിലും ഭാര്യാവീട്ടിലും എത്തിച്ച് എൻഐഎ തെളിവെടുത്തിരുന്നു.

സ്വർണക്കടത്തിനു പണം മുടക്കിയിരുന്ന സംജു സ്വർണം വിറ്റിരുന്നതു ഭാര്യാപിതാവിന്റെ ജൂവലറി വഴിയാണെന്ന കണ്ടെത്തലിനെ തുടർന്നാണു പരിശോധന. രേഖകളില്ലാത്ത 3.72 കിലോ സ്വർണം പിടിച്ചെടുത്ത അരക്കിണർ ഹെസ ഗോൾ ആൻഡ് ഡയമണ്ട്സിന്റെ പാർട്നറായ മുഹമ്മദ് അബ്ദു ഷമീമിനെ ജൂലൈ 17നാണു കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സംജുവുമായി ഷമീമിനു സാമ്പത്തിക ഇടപാടുകളുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്നാണ് എൻഐഎ ഇന്നലെ വീട്ടിൽ പരിശോധന നടത്തിയത്. പുലർച്ചെ 5.30നു തുടങ്ങിയ പരിശോധന ഒരു മണിക്കൂറോളം നീണ്ടു. സംജുവിന്റെ ഭാര്യാവീട്ടിൽ പരിശോധന എട്ടിനു തുടങ്ങി 9.30ന് അവസാനിച്ചു.

അതിനിടെ, തിരുവനന്തപുരം സ്വർണക്കടത്തിനു പണം മുടക്കിയ 4 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കോഴിക്കോടു സ്വദേശികളായ സി.വി.ജിഫ്സൽ, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ പി.അബൂബക്കർ, പി.എം.അബ്ദുൽ ഹമീദ് എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളോടൊപ്പം ഗൂഢാലോചന നടത്തിയവരാണിവർ. മുൻപ് നയതന്ത്ര പാഴ്സലിലെത്തിയ സ്വർണം ഇവർ ഏറ്റുവാങ്ങിയതിന്റെ തെളിവും എൻഐഎക്കു ലഭിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്ന് ജൂവലറികളിലും ഉടമകളുടെ വീടുകളിലും അന്വേഷണ സംഘം ഇന്നലെ തിരച്ചിൽ നടത്തി. സ്വർണക്കടത്തുകേസിൽ ഇതുവരെ 25 പേരെ എൻഐഎ പ്രതിചേർത്തു. 20 പേരെ അറസ്റ്റ് ചെയ്തു.