തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിലും, പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിലും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുക. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസും ആവശ്യപ്പെട്ടിരുന്നു. യുഡിഎഫും രാഷ്ട്രീയമായി ഈ ആവശ്യം ഉന്നയിക്കുകയുണ്ടായി. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസുകൾ പിൻവലിക്കുമെന്നാണ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ യുഡിഎഫിനെ രാഷ്ട്രീയമായി കടത്തിവെട്ടുന്ന തീരുമാനം കൂടിയാണ് ഇന്ന് മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുന്നത്.

നാമജപഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ വിശ്വാസികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കേസുകൾ കാരണം പലർക്കും ജോലിക്ക് അപേക്ഷിക്കാനാകാത്ത അവസ്ഥയുണ്ടെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു കേസുകൾ സർക്കാർ പിൻവലിക്കുമ്പോൾ ശബരിമല വിശ്വാസികൾക്കെതിരെയുള്ള കേസിൽ സർക്കാർ മൗനം പാലിക്കുകയാണ്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാനസർക്കാർ എടുത്ത കേസുകൾ ഇപ്പോഴും നിലനില്ക്കുകയാണെന്നും സുകുമാരൻ നായർ വ്യക്തമാക്കുകയുണ്ടായി.

നിരപരാധികളായ ഇവരുടെ പേരിൽ എടുത്തിട്ടുള്ള കേസുകൾ ഇനിയെങ്കിലും പിൻവലിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സർക്കാരിനുണ്ടാവണം. അല്ലാത്തപക്ഷം വിശ്വാസികൾക്കെതിരെയുള്ള സർക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരൻനായർ പറയുകയുണ്ടായി. എൻഎസ്എസ് ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനം. കേസ് പിൻവലിച്ച തീരുമാനം സ്വാഗതം ചെയ്തു കൊണ്ട് എൻഎസ്എസും രംഗത്തെത്തി.

നിരപരാധികളായ ആളുകൾക്കെതിരായി എടുത്തിരുന്ന കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഇപ്പോഴെങ്കിലും സർക്കാർ ഔചിത്യപൂർവം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടിൽ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ തീരുമാനം വൈകി വന്ന വിവേകമാണെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തിൽവന്നാൽ ശബരിമല പ്രക്ഷോഭ കേസുൾ പിൻവലിക്കുമെന്ന് നേരത്തെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു.

ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വഗതാർഹമാണെന്ന് ബിജെപി പ്രതികരിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം വെച്ചുകൊണ്ടാണ് കേസുകൾ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കൾക്ക് ജോലിസാധ്യതകൾ ഇല്ലാതായിരുന്നെന്നും ബിജെപി പറഞ്ഞു. അതേസമയം പൗരത്വ നിയമത്തിന് എതിരായ കേസുകൾ പിൻവലിക്കുന്നതിനെ എതിർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.